ആന്‍ഡ്രോയിഡ് അല്ല 'ആപ്പിള്‍ കുഞ്ഞപ്പന്‍' യാഥാർത്ഥ്യത്തിലേക്ക്!
ആന്‍ഡ്രോയിഡ് അല്ല ആഗോളതലത്തില്‍ ആപ്പിള്‍ കുഞ്ഞപ്പനെ ഇറക്കാന്‍ കമ്പനി. ആപ്പിള്‍ വ്യക്തിഗത ഹോം റോബോട്ടുകളെ വികസിപ്പിക്കാനൊരുങ്ങുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ഏറ്റവും വലിയ പദ്ധതികളിലൊന്നായ വൈദ്യുത കാര്‍ നിര്‍മ്മാണ പദ്ധതി 'പ്രോജക്ട് ടൈറ്റന്‍' ഉപേക്ഷിച്ചതായി കമ്പനി അറിയിച്ചത്. ഈ പദ്ധതിക്കായി നിയോഗിച്ച കുറച്ച് ജീവനക്കാരെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിഭാഗത്തിലേക്ക് മാറ്റുമെന്നും പിന്നീട് കമ്പനി പറഞ്ഞിരുന്നു. ഈ ജീവനക്കാരാകും പുത്തന്‍ ഹോം റോബോട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുക.
ആപ്പിളിന് പദ്ധതികൾ ഏറെ
വീടിനുള്ളില്‍ ഉടമസ്ഥനെ പിന്തുടരാന്‍ കഴിയുന്ന, വിവിധ ജോലികള്‍ ചെയ്യുന്ന ഒരു റോബോട്ടിനെ നിര്‍മ്മിക്കാനാണ് ആപ്പിള്‍ എന്‍ജിനീയര്‍മാര്‍ ശ്രമിക്കുന്നത്. കമ്പനിയുടെ ഹോം റോബോട്ട് പ്രോജക്റ്റ് ഇപ്പോഴും പ്രാരംഭ ഗവേഷണ-വികസന ഘട്ടത്തിലാണ്. മറ്റ് ടെക് കമ്പനികളും ഹോം റോബോട്ടുകള്‍ പര്യവേക്ഷണം ചെയ്തിട്ടുണ്ട്.
ഇത് കൂടാതെ ആപ്പിള്‍ റോബോട്ടിക്സ് ഉപയോഗിച്ച് അത്യാധുനിക ടേബിള്‍ടോപ്പ് ഹോം ഗാഡ്ജെറ്റും നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത് മേശയുടെ മുകളിൽ വയ്ക്കാവുന്നൊരു റോബോട്ട്. വീഡിയോ കോളിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു പ്രത്യേക വ്യക്തിയെ സൂം ഇന്‍ ചെയ്യുന്ന ഫീച്ചറും ഇതില്‍ ഉൾപ്പെട്ടേക്കും.
റോബോട്ടിക്സ് പ്രോജക്ട് ഗവേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നാണ് സൂചന. എപ്പോഴാണ് പൊതുജനങ്ങള്‍ക്കായി ആപ്പിള്‍ റോബോട്ടിനെ പുറത്തിറക്കുക എന്നത് വ്യക്തമല്ല. നിര്‍മ്മാണത്തിന് വര്‍ഷങ്ങളെടുത്തേക്കും. പുറത്തിറക്കിയാല്‍ ആപ്പിളിന്റെ ഹോം റോബോട്ട് ടെസ്‌ല നിർമ്മിക്കുന്ന ഒപ്റ്റിമസ് റോബോട്ട് പോലുള്ള റോബോട്ടുകളുമായാകും മത്സരിക്കുക.