ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ഈ വര്‍ഷം തന്നെ
ദീര്‍ഘകാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മിക്‌സഡ് റിയാലിറ്റി ഹെഡ്സെറ്റ് ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആപ്പിള്‍ സിഇഒ ടിം കുക്കും കമ്പനിയുടെ ഓപ്പറേഷന്‍സ് മേധാവി ജെഫ് വില്യംസും ചേര്‍ന്ന് ഇത് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വെര്‍ച്വല്‍ റിയാലിറ്റിയും (വിആര്‍) ഓഗ്മെന്റഡ് റിയാലിറ്റിയും (എആര്‍) സമന്വയിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് മിക്‌സഡ് റിയാലിറ്റി (എംആര്‍). ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ഇത്തരം ഹെഡ്‌സെറ്റുകള്‍ ഗെയിമിംഗ് ലോകത്ത് വലിയ സാധ്യതകള്‍ തുറക്കും.
ആശങ്കകള്‍ ഏറെ
കമ്പനിയുടെ ഡിസൈന്‍ ടീമില്‍ ഇതുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഉപകരണത്തിന്റെ വലുപ്പം, ഭാരം തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി മിക്‌സഡ് റിയാലിറ്റി ഹെഡ്സെറ്റ് ഉടന്‍ പുറത്തിറക്കുന്നതിനോട് യോജിപ്പില്ലെന്നും ഇതിന്റെ ലോഞ്ച് നീട്ടിവയ്ക്കണമെന്നും ഡിസൈന്‍ ടീം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.
നയിക്കാന്‍ ടിം കുക്ക്
ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ കീഴിലാണ് ഐഫോണ്‍, ഐപാഡ്, വാച്ച് എന്നിവയെല്ലാം ആദ്യം വിഭാവനം ചെയ്തത്. എന്നാല്‍ പൂര്‍ണ്ണമായും ടിം കുക്കിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുക്കുന്ന ആപ്പിളിന്റെ ആദ്യത്തെ ഉല്‍പ്പന്നമാണ് ഈ ഹെഡ്സെറ്റ്. ആപ്പിളിന്റെ വിപണി മൂലധനം ടിം കുക്ക് സിഇഒ സ്ഥാനത്ത് എത്തിയതിന് ശേഷം 2011 ലെ 35,000 കോടി ഡോളറില്‍ നിന്ന് ഇപ്പോള്‍ ഏകദേശം 2,40,000 കോടി ഡോളറായി വര്‍ധിച്ചിട്ടുണ്ട്.