അമേരിക്കന്‍ ആപ്പിള്‍ ഇങ്ങോട്ട്, ഇന്ത്യന്‍ ആപ്പിള്‍ അങ്ങോട്ട്! ഇത് വേറെ ആപ്പിള്‍; യു.എസില്‍ ഇനി മെയ്ഡ് ഇന്‍ ഇന്ത്യ ഐ-ഫോണുകള്‍ മാത്രം!

ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് പുറമെ റീട്ടെയില്‍ രംഗത്തും ശക്തമാകാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍
Apple Iphone
Canva
Published on

യു.എസിലേക്കുള്ള മുഴുവന്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെയും നിര്‍മാണം അടുത്ത വര്‍ഷത്തോടെ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. യു.എസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ മുറുകിയതോടെയാണ് ആപ്പിളിന്റെ നീക്കം. അമേരിക്കന്‍ വിപണിയില്‍ ഒരു വര്‍ഷം വില്‍ക്കുന്ന 6 കോടി ഐഫോണുകളും 2026 മുതല്‍ ഇന്ത്യന്‍ ഫാക്ടറികളില്‍ നിര്‍മിക്കുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദശകത്തിനിടെ ഉത്പാദന രംഗത്ത് ആപ്പിള്‍ നടത്തുന്ന ഏറ്റവും വലിയ മാറ്റമാണിതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

മെയിഡ് ഇന്‍ ചൈനയില്‍ തൊട്ടാല്‍ കൈപൊള്ളും

നിലവില്‍ ഫോക്‌സ്‌കോണ്‍ അടക്കമുള്ള കമ്പനികളുമായി ചേര്‍ന്നാണ് ചൈനയിലെ ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം നടക്കുന്നത്. എന്നാല്‍ വ്യാപാരയുദ്ധത്തില്‍ നൂറുശതമാനത്തിലേറെ തീരുവ ചുമത്തപ്പെട്ടതോടെ ചൈനീസ് ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ഇതോടെ ചൈനയിലെ നിര്‍മാണം നഷ്ടക്കച്ചവടത്തിലേക്ക് നയിക്കുമെന്ന നിഗമനത്തിലാണ് ആപ്പിള്‍. സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ചില ഉത്പന്നങ്ങള്‍ക്ക് തീരുവയില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും 20 ശതമാനം നികുതി നല്‍കേണ്ടതുണ്ട്. തീരുവ തര്‍ക്കത്തിനിടെ വിപണി മൂല്യത്തില്‍ നിന്നും 700 ബില്യന്‍ ഡോളര്‍ ഒലിച്ചുപോയതും ആപ്പിളിനെ മാറ്റിചിന്തിപ്പിച്ചെന്നാണ് കരുതുന്നത്.

എന്നാല്‍ ഇന്ത്യയുടെ കാര്യം അങ്ങനെയല്ല. 26 ശതമാനം തീരുവ ചുമത്തിയിട്ടുണ്ടെങ്കിലും ചര്‍ച്ചയിലൂടെ ഇത് കുറക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ച യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായുള്ള ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് വിലയിരുത്തല്‍. ജെ.ഡി വാന്‍സ് നടത്തിയ പ്രതികരണവും പോസിറ്റീവായിരുന്നു. തീരുവയുദ്ധത്തില്‍ യു.എസുമായി കരാറിലെത്തുന്ന ആദ്യ രാജ്യം ഇന്ത്യയായിരിക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും പറഞ്ഞിരുന്നു.

ഇന്ത്യയില്‍ സീന്‍ വേറെ

അതിനിടെ ടാറ്റ ഇലക്ട്രോണിക്‌സ്, ഫോക്‌സ്‌കോണ്‍ തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെ ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിള്‍. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് 30 ലക്ഷത്തോളം ഐഫോണുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഫോക്‌സ്‌കോണ്‍ മാത്രം മാര്‍ച്ചില്‍ കയറ്റുമതി ചെയ്തത് 1.31 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ആപ്പിള്‍ ഉത്പന്നങ്ങളാണ്. ഐഫോണ്‍ 13,14,16,16 എന്നീ ഉത്പന്നങ്ങളാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ റീട്ടെയില്‍ മേഖലയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ തീരുമാനം. ബംഗളൂരു, പൂനെ, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കും. കൂടുതല്‍ ആളുകളെ ജോലിക്കെടുക്കുമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.

ആപ്പിള്‍ മാത്രമല്ല

ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് ആപ്പിള്‍ മാത്രമല്ലെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിയറ്റ്‌നാമിലെ നിര്‍മാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റാന്‍ സാംസംഗ് ആലോചിക്കുന്നുണ്ട്. വിയറ്റ്‌നാമിന് 46 ശതമാനം നികുതിയാണ് അമേരിക്ക ചുമത്തിയത്. പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിളിനും പദ്ധതിയുണ്ട്.

Apple plans to assemble all U.S.-sold iPhones in India by 2026, reducing dependence on China amid trade tensions

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com