ആരാധകരെ ആവേശത്തിലാക്കി ആപ്പിളിന്റെ പ്രഖ്യാപനങ്ങള്‍, ഏറ്റവും ശക്തിയേറിയ മാക് പ്രോ വരുന്നു

ഐഫോണുകള്‍, ഐപാഡുകള്‍, മാക് എന്നിവയ്ക്കുള്ള പുതിയ സോഫ്റ്റ് വെയറുകള്‍, ഏറ്റവും കരുത്തേറിയ കംപ്യൂട്ടറായ പുതിയ മാക് പ്രോ... ഇങ്ങനെ ആപ്പിള്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനങ്ങളാണ് കമ്പനി ഇത്തവണത്തെ തങ്ങളുടെ വാര്‍ഷിക വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ (WWDC) നടത്തിയത്. ഇന്നലെ ആരംഭിച്ച കോണ്‍ഫറന്‍സില്‍ ആപ്പിളിന്റെ പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു ടെക് പ്രേമികള്‍.

പ്രഖ്യാപനത്തിലെ ഏറ്റവും ആകര്‍ഷക ഘടകമായ പുതിയ മാക് പ്രോ ഇതുവരെ ലഭ്യമായതില്‍ വെച്ച് ഏറ്റവും കരുത്തേറിയ കംപ്യൂട്ടറാണ്. വീഡിയോ പോലെ വലിയ ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന പ്രൊഫഷണലുകള്‍ക്കായി നിരവധി ഫീച്ചറുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇതിലെ ആഫ്റ്റര്‍ബേണര്‍ എന്ന പുതിയ സംവിധാനം സെക്കന്‍ഡിന് ആറ് ബില്യണ്‍ പിക്‌സലുകള്‍ പ്രോസസ് ചെയ്യാന്‍ ശേഷിയുള്ളതാണ്. ഇത് കൂടുതല്‍ കാര്യക്ഷമതയുള്ള വീഡിയോ എഡിറ്റിംഗ് സാധ്യമാക്കുന്നു. പരമാവധി 1.5 ടെറാബൈറ്റാണ് സിസ്റ്റം മെമ്മറി. 6000 ഡോളർമുതലാണ് ഇതിന്റെ വില.

കൂടാതെ 32 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ പ്രോ ഡിസ്‌പ്ലേ XDRഉം ആപ്പിള്‍ അവതരിപ്പിച്ചു. കൂടുതല്‍ കൃത്യതയാര്‍ന്ന നിറങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാനാകുന്ന ഇതിന്റെ വില 4,999 ഡോളറാണ്.

ഇനിമുതല്‍ ഐട്യൂണ്‍സ് ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രധാന വാര്‍ത്ത. പകരം ഐട്യൂണിനെ മൂന്ന് വ്യത്യസ്ത ആപ്പുകളായി വിഭജിച്ചിരിക്കുന്നു; ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ പോഡ്കാസ്റ്റ്‌സ്, ആപ്പിള്‍ ടിവി എന്നിങ്ങനെ. കംപ്യൂട്ടറുമായി ഫോണ്‍ സിങ്ക് ചെയ്യാന്‍ ഇനി ഐട്യൂണ്‍സ് ആവശ്യമില്ല.

മാക്, ഐഫോണ്‍, ഐപാഡ് എന്നിയ്ക്കുള്ള പുതിയ സോഫ്റ്റ് വെയറുകളും പ്രഖ്യാപിച്ചു. 2009 മുതല്‍ എല്ലാ വര്‍ഷവും WWDCയില്‍ ആപ്പിള്‍ തങ്ങളുടെ ഐഒഎസിന്റെ പുതിയ വേര്‍ഷന്‍ പ്രഖ്യാപിക്കാറുണ്ട്. ഡാര്‍ക് മോഡ്, അപ്‌ഡേറ്റഡ് ആപ്പ്‌സ് അടക്കമുള്ള പുതിയ വേര്‍ഷനാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ആപ്പിള്‍ ടിവി, ആപ്പിള്‍ വാച്ച് എന്നിവയ്ക്കും പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ലഭ്യമാകും. പുതിയ സോഫ്റ്റ് വെയറുകളെല്ലാം ഉടനടി ഡെവലപ്പര്‍മാര്‍ക്ക് ലഭ്യമാകും.

Related Articles
Next Story
Videos
Share it