ഇന്ത്യന്‍ പി.സി വിപണിയില്‍ പിടിമുറുക്കി ആപ്പിള്‍

ആപ്പിളിന്റെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വില്‍പ്പനയില്‍ ആഗോളതലത്തില്‍ 40 ശതമാനം കുറവുവന്നുവെന്ന റിപ്പോര്‍ട്ട് ഈ മേഖലയില്‍ ഒരു കിതപ്പിനുള്ള സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ വിജയ കഥ തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇതാദ്യമായി ഇന്ത്യയിലെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വില്‍പ്പന കമ്പനികളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ കടന്നെത്തിയിരിക്കുകയാണ് ആപ്പിള്‍.

വില്‍പ്പന ഉയരുന്നു

നിലവില്‍ രാജ്യത്തെ പി.സി വിപണിയുടെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ആപ്പിളിനുള്ളത്. കഴിഞ്ഞ ആറേഴ് പാദങ്ങളിലായി, പ്രത്യേകിച്ചും കോവിഡ് 19 ന്റെ കാലഘട്ടത്തില്‍ വില്‍പ്പന ഒറ്റ പാദത്തില്‍ 1,50,000 വരെ എത്തിയിരുന്നു. ഐ.ഡി.സിയുടെ കണക്ക് പ്രകാരം 2020 വരെ ഓരോ പാദത്തിലും 30,000 ത്തിനും 50000 ത്തിനുമിടയിലാണ് ആപ്പിളിന്റെ വില്‍പ്പന. അതേസമയം, കഴിഞ്ഞ ജൂലൈ-ഒക്ടോബറിലെ ഉത്സവനാളുകളില്‍ ആപ്പിളിന്റെ പി.സി വില്‍പ്പന ആദ്യമായി 3,00,000 കടന്നിരുന്നു.

അതിവേഗം മുന്നിലേക്ക്

നിലവില്‍ എച്ച്.പിയാണ് പി.സി വില്‍പ്പനയില്‍ മുന്നില്‍. ഡെല്‍, ലെനോവോ, ഏസര്‍ എന്നിവയാണ് ആപ്പിളിനു മുന്നില്‍. 2021 ലെ നാലാം പാദത്തില്‍ 3.5 ശതമാനമായിരുന്ന വിപണി വിഹിതം 22 ലെ നാലാം പാദത്തില്‍ 5.4 ശതമാനമായി ഉയര്‍ത്താന്‍ ആപ്പിളിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ നിലമെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കടക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ലാപ്ടോപ്പും ഡെസ്‌ക്ടോപ്പും ഉള്‍പ്പെടുന്ന പേഴ്‌സണല്‍ കംപ്യൂട്ടര്‍ വിഭാഗത്തില്‍ മാക്ബുക്കുമായാണ് ആപ്പിള്‍ വിപണി പിടിക്കുന്നത്. രാജ്യത്ത് പ്രത്യേക ഷോറൂമുകള്‍ തുറക്കുന്നത് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആപ്പിളിന് സാധിക്കും. ഷോറൂം തുറക്കുന്നതിന് ആപ്പിൾ സി.ഇ.ഓ ടിം കുക്ക് ഇന്ത്യയിലെത്തും. സ്മാര്‍ട്ട് ഫോണുകളില്‍ നേടിയ വിജയം പതുക്കെ പി.സികളിലും ആവര്‍ത്തിക്കാന്‍ ഇത് ആപ്പിളിനെ സഹായിച്ചേക്കാം. അടുത്തിടെ സിയോമി, ജിയോ തുടങ്ങിയ കമ്പനികളും പി.സി വിപണിയില്‍ മത്സരത്തിനെത്തിയിട്ടുണ്ട്.

വില വ്യത്യാസം കുറയുന്നു

രണ്ടു ഘടകങ്ങളാണ് ആപ്പിളിന്റെ വില്‍പ്പന ഉയരാന്‍ ഇടയാക്കിയത്. ഒന്ന് കംപ്യൂട്ടര്‍ സാമഗ്രികളുടെ വില ഉയരുന്നത് മാക്ബുക്കിന്റെയും മറ്റ് ബ്രാന്‍ഡുകളുടേയുമായിട്ടുള്ള അന്തരം കുറയ്ക്കാന്‍ ഇടയാക്കി. രണ്ടാമത്തേത് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിര്‍മാണം ആപ്പിള്‍ ആരംഭിച്ചതാണ്. ഡെല്‍, ലെനോവ തുടങ്ങിയ കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന വിഭാഗമാണിത്. ഇതു കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഡിസ്‌കൗണ്ട് നല്‍കുന്നത് ആപ്പിള്‍ കൂടുതല്‍ താങ്ങാവുന്ന വിലയിലേക്ക് എത്തിക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it