ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനം ₹50,000 കോടി; ലാഭം 76% ഉയര്‍ന്നു

ആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടി രൂപയുടെ വരുമാനത്തിലെത്തി. വില്‍പ്പന 48% വര്‍ധിച്ച് 49,321 കോടി രൂപ രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 33,381 കോടി രൂപയായിരുന്നു. കമ്പനിയുടെ ലാഭം ഇതേ കാലയളവിലെ 1,263 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 76% വര്‍ധിച്ച് 2,230 കോടി രൂപയായി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആപ്പിളിന്റെ അറ്റാദായത്തിലെ ഏറ്റവും വേഗമേറിയ വളര്‍ച്ചയാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു. പുത്തന്‍ തലമുറ ഉപകരണങ്ങളില്‍ നിന്നുള്ള വില്‍പ്പനയുടെ ഉയര്‍ന്ന വിഹിതം, മെച്ചപ്പെട്ട ലാഭവിഹിതം, ചെലവ് കുറയ്ക്കല്‍ എന്നിവയാണ് വളര്‍ച്ചയ്ക്ക് കാരണമെന്നും അവര്‍ പറഞ്ഞു.

ഐഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റ

ഇന്ത്യന്‍ വിപണിക്കും ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കുമായി ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് ടാറ്റ ഗ്രൂപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനുള്ളില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറും. നിലവില്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് തായ്‌വാനീസ് കമ്പനികളാണ്.

Read also: ഐഫോണ്‍ ഇനി ടാറ്റ നിര്‍മിക്കും; മത്സരം ചൈനയുമായി

ആപ്പിള്‍ കമ്പനിയുെട മൊത്തം ഉല്‍പ്പാദനത്തിന്റെ ഏകദേശം 25% സംഭാവന ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് 2023ന്റെ തുടക്കത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. നിലവില്‍ ഇത് 7% ആണ്. ആപ്പിള്‍ ഇന്ത്യയുടെ വരുമാനത്തിന്റെ 94.6 ശതമാനവും ഉല്‍പന്ന വില്‍പ്പനയില്‍ നിന്നാണ്. 5.4% മാത്രമാണ് അറ്റകുറ്റപ്പണികളില്‍ നിന്നും സേവനങ്ങളില്‍ നിന്നും വരുന്നത്. അതേസമയം ആഗോളതലത്തില്‍ ഇത് 30% ആണ്.

Related Articles
Next Story
Videos
Share it