ഫേസ്ബുക്ക് കിതക്കുമ്പോള്‍ കുതിപ്പുമായി ഇന്‍സ്റ്റഗ്രാം

പൊതുവെ യുവാക്കളുടെ പ്രിയപ്പെട്ട സോഷ്യല്‍മീഡിയ ആയാണ് ഇന്‍സ്റ്റഗ്രാം അറിയപ്പെടുന്നത്. എന്നാല്‍ പഴയതലമുറയും ഇന്‍സ്റ്റഗ്രാമിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. യൂഗോവ് മിന്റ് സിപിആര്‍ മില്ലേനിയല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം പഴയ തലമുറകള്‍ക്കിടയില്‍ പുതിയ ഉപഭോക്താക്കളെ നേടി ഇന്‍സ്റ്റാഗ്രാം മുന്നോട്ടുപോവുകയാണ്.

പ്രായപരിധിയിലുള്ള ഉപഭോക്താക്കള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ സമയം വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ചെലവഴിക്കുന്നുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ നഗരങ്ങളിലുടനീളം പ്രൊഫഷണല്‍ ബിരുദമുള്ളവര്‍ സോഷ്യല്‍മീഡിയയിലൂടെ ലഭിക്കുന്ന ഫോര്‍വേഡ് സന്ദേശങ്ങളേക്കാള്‍ വാര്‍ത്തകള്‍ക്കായി പത്രങ്ങളെയും ന്യൂസ് പോര്‍ട്ടലുകളെയും ആശ്രയിക്കുന്നു. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ വാര്‍ത്തകള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാനാണ് ഇന്റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്നത്. പങ്കാളികളില്‍ നിന്ന് അകന്നുനില്‍ക്കുന്ന അല്ലെങ്കില്‍ അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്നും സര്‍വേ പറയുന്നു.
രാജ്യത്തെ 203 നഗരങ്ങളിലായി പതിനായിരത്തോളം ആളുകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 2020 ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയും മില്ലേനിയലുകളാണ് (24 മുതല്‍ 39 വയസ്സ് വരെ). ബാക്കിയുള്ളവ പോസ്റ്റ്-മില്ലേനിയലുകളും (18 മുതല്‍ 23 വയസ്സ് വരെ), പ്രീ-മില്ലേനിയലുകളും (39 ന് മുകളില്‍).
നഗരങ്ങളില്‍ താമസിക്കുന്നവര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം വര്‍ദ്ധിച്ചു. 51 ശതമാനം പേര്‍ വിനോദത്തിനായി പതിവായി ഓണ്‍ലൈനില്‍ വീഡിയോകള്‍ കാണുന്നുവെന്ന് അഭിപ്രായപ്പെട്ടു, 2018 ല്‍ ഇത് 46 ശതമാനം ആയിരുന്നു.
സോഷ്യല്‍ മീഡിയ സൈറ്റുകളിലെ ചെലവഴിക്കുന്ന ശരാശരി സമയത്തില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ലെങ്കിലും വിവിധ തലമുറയിലുള്ളവര്‍ ചെലവഴിക്കുന്ന സമയത്തില്‍ കാര്യമായ മാറ്റമുണ്ടായി. പഴയ തലമുറകള്‍ (പ്രീ-മില്ലേനിയലുകള്‍) സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളലില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഡാറ്റ കാണിക്കുന്നു.
സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കിടയില്‍ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ധന ഇന്‍സ്റ്റാഗ്രാമിലാണ്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് വര്‍ഷത്തിനിടയില്‍ 10 ശതമാനം ഉയര്‍ന്ന് 72 ശതമാനമായി. ഫോട്ടോ പങ്കിടല്‍ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം പഴയ തലമുറകള്‍ക്കിടയില്‍ ആകര്‍ഷകമാവുകയാണ്. പ്രീ-മില്ലേനിയലുകളില്‍ സജീവ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ അനുപാതവും ഇതേ കാലയളവില്‍ 9 ശതമാനം ഉയര്‍ന്ന് 68 ശതമാനമായി.
എന്നാല്‍ ഫേസ്ബുക്കിന്റെ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് സര്‍വേ പറയുന്നത്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it