ഗൂഗിൾ പേയിൽ പുതിയ എഐ മാജിക്! എന്താണ് 'ആസ്ക് ഗൂഗിൾ പേ', ഇത് എങ്ങനെ ഉപയോഗിക്കാം?

സമ്പാദ്യം വർദ്ധിപ്പിക്കാനുള്ള ടിപ്പുകള്‍, ക്രെഡിറ്റ് കാർഡ് ഓഫറുകൾ, സിബിൽ സ്കോർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ചാറ്റ് വിൻഡോയിലൂടെ ഉപയോക്താക്കൾക്ക് ചോദിച്ചറിയാം
google pay
Published on

ഗൂഗിൾ പേ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ജെമിനി (Gemini) എഐ അധിഷ്ഠിതമായ 'ആസ്ക് ഗൂഗിൾ പേ' (Ask Google Pay) എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ വ്യക്തമായി മനസിലാക്കാനും പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ഈ എഐ സംവിധാനം സഹായിക്കും.

എന്താണ് ആസ്ക് ഗൂഗിൾ പേ?

ഗൂഗിൾ പേ ആപ്പിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു എഐ അസിസ്റ്റന്റാണ് ഇത്. ഉപഭോക്താക്കളുടെ ചെലവാക്കൽ രീതികൾ (spending patterns) വിശകലനം ചെയ്യാനും വ്യക്തിഗതമായ സാമ്പത്തിക നിർദ്ദേശങ്ങൾ നൽകാനുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമ്പാദ്യം വർദ്ധിപ്പിക്കാനുള്ള ടിപ്പുകള്‍, ക്രെഡിറ്റ് കാർഡ് ഓഫറുകൾ, എസ്.ഐ.പി (SIP), സിബിൽ സ്കോർ (CIBIL score) എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ചാറ്റ് വിൻഡോയിലൂടെ ഉപയോക്താക്കൾക്ക് ചോദിച്ചറിയാം.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു?

ശബ്ദത്തിലൂടെയോ ടെക്സ്റ്റിലൂടെയോ എഐയോട് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. പത്ത് ഇന്ത്യൻ ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. "കഴിഞ്ഞ ആഴ്ചയിലെ എന്റെ ചെലവുകൾ വിശകലനം ചെയ്യുക" എന്നോ "എനിക്ക് അനുയോജ്യമായ ക്രെഡിറ്റ് കാർഡ് ഏതാണ്?" എന്നോ ഉള്ള തുടർചോദ്യങ്ങൾക്കും ജെമിനി മറുപടി നൽകും. ഇത് ഉപയോഗിക്കുന്നതിനായി ആപ്പിലെ സെറ്റിങ്‌സിൽ (Settings > Privacy & Security > Data and personalisation) പോയി 'പേഴ്‌സണലൈസേഷൻ' (Personalisation) ഓപ്ഷൻ ഓൺ ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം ഹോം സ്ക്രീനിലെ 'മണി' (Money) ടാബിലെ 'Ask a question' എന്ന വിഭാഗത്തിലൂടെ എഐയുമായി സംസാരിച്ചു തുടങ്ങാം.

സുരക്ഷയും സ്വകാര്യതയും: ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ ഗൂഗിൾ പേ ആപ്പിനുള്ളിൽ തന്നെ സുരക്ഷിതമായിരിക്കുമെന്നും എഐ മോഡലുകൾ പരിശീലിപ്പിക്കാൻ ഇവ ഉപയോഗിക്കില്ലെന്നും ഗൂഗിൾ ഉറപ്പുനൽകുന്നു. മുഴുവൻ ബാങ്ക് അക്കൗണ്ട് നമ്പറുകൾ, കാർഡ് വിവരങ്ങൾ തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങൾ ഈ സംവിധാനം ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി 42 ദിവസം വരെ പരിശോധിക്കാനും സാധിക്കും. ഇന്ത്യയിലെ പരിമിതമായ ഉപയോക്താക്കൾക്കാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്. താമസിയാതെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും സേവനം ലഭ്യമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com