16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമ നിരോധനം, ഓസ്ട്രേലിയയുടെ വഴിയേ ഇന്ത്യ നീങ്ങുമോ?

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ രക്ഷിതാക്കളുടെ സമ്മതമുള്ള കുട്ടികൾക്കും നിരോധനത്തില്‍ ഇളവുകളില്ല
social media for children
Image Courtesy: Canva
Published on

16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. ഇതിനായി നിയമനിർമ്മാണം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പറഞ്ഞു.

അടുത്ത വർഷം അവസാനത്തോടെ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളില്‍ ഓസ്‌ട്രേലിയ പ്രായപരിധി സ്ഥിരീകരണ സംവിധാനം പരീക്ഷിക്കാന്‍ തുടങ്ങി. ഇത്തരം പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് കുട്ടികളെ തടയുന്നതിന് സഹായിക്കുന്നതാണ് ഈ സംവിധാനം.

നിരോധനത്തിന് പ്രതിപക്ഷ പിന്തുണ

സമൂഹ മാധ്യമങ്ങള്‍ രാജ്യത്തെ കുട്ടികൾക്ക് ദോഷം ചെയ്യുന്നതായി അൽബാനീസ് പറഞ്ഞു. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാണ്.

14 വയസുള്ള കുട്ടി ജീവിതത്തിൻ്റെ നിര്‍ണായകമായ മാറ്റങ്ങളിലൂടെ കടന്നു പോയി പക്വത പ്രാപിക്കുന്ന സമയമാണ്. പ്രതിപക്ഷമായ ലിബറൽ പാർട്ടിയും നിരോധനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ രക്ഷിതാക്കളുടെ സമ്മതമുള്ള കുട്ടികൾക്കും നിരോധനത്തില്‍ ഇളവുകളൊന്നും ലഭിക്കില്ല.

മെറ്റാ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയും ബൈറ്റ്‌ടോക്കിൻ്റെ ടിക് ടോക്കും എലോൺ മസ്‌കിൻ്റെ എക്‌സും നിരോധനത്തില്‍ ഉൾപ്പെടുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി മിഷേൽ റോളണ്ട് അറിയിച്ചു. ആൽഫബെറ്റിൻ്റെ യൂട്യൂബും നിരോധനത്തിന്റെ പരിധിയിൽ വരാനിടയുണ്ട്.

മറ്റു രാജ്യങ്ങളിലും സമാന നടപടികള്‍

നിയമനിർമ്മാണത്തിലൂടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം ഇതിനോടകം ഒട്ടേറെ രാജ്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. 15 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഫ്രാൻസ് കഴിഞ്ഞ വർഷം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ രക്ഷാകർതൃ സമ്മതത്തോടെ കുട്ടികള്‍ക്ക് ഫ്രാന്‍സില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാനും നിയമം അനുവാദിക്കുന്നു.

യു.എസില്‍ പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ടെക്‌നോളജി കമ്പനികളുടെ ഡാറ്റ ആക്‌സസ് ചെയ്യുന്നതിന് രക്ഷാകർതൃ സമ്മതം ആവശ്യമാണ്. ഇതിനാല്‍ മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും കുട്ടികളെ അവരുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്.

കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ശാരീരിക-മാനസിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി നിരോധനം ഏര്‍പ്പെടുത്തണമെന്ന് വാദിക്കുന്നവര്‍ ഇന്ത്യയിലും പ്രബലമാകുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com