കൗമാരക്കാർക്ക് ഓസ്‌ട്രേലിയയിൽ ഡിസംബര്‍ 10 മുതല്‍ സോഷ്യൽ മീഡിയ നിരോധനം, ലോകം നടപടി പിന്തുടരുമെന്ന് രാജ്യം

നിയമം പാലിക്കാത്തവർക്ക് ഏകദേശം 33 മില്യൺ യുഎസ് ഡോളർ വരെ പിഴ ചുമത്തും
Young woman wearing sunglasses smiling and clapping while being recorded on a smartphone for a TikTok or social media video indoors
canva
Published on

ഓസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഡിസംബർ 10 മുതല്‍ സോഷ്യൽ മീഡിയ നിരോധനം. ഇതിന്റെ ഭാഗമായി മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ത്രെഡ്‌സ് എന്നിവ ലക്ഷക്കണക്കിന് കൗമാരക്കാരുടെ അക്കൗണ്ടുകൾ ലോക്ക് ചെയ്യാൻ ആരംഭിച്ചു. ആൽഫബെറ്റിന്റെ യൂട്യൂബ്, ടിക് ടോക്, സ്നാപ്പിന്റെ സ്നാപ്ചാറ്റ് തുടങ്ങിയ എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളും നിരോധനവുമായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. നിയമം പാലിക്കാത്തവർക്ക് 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 33 മില്യൺ യുഎസ് ഡോളർ) വരെ പിഴ ചുമത്തും.

ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങൾ ഫലപ്രദമല്ലാത്തതിനാലാണ് 16 വയസ്സിന് താഴെയുള്ളവരെ പൂർണ്ണമായി സമൂഹ മാധ്യമങ്ങളില്‍ നിന്ന് തടയുന്ന കടുത്ത നടപടി സ്വീകരിച്ചതെന്ന് ഓസ്‌ട്രേലിയയിലെ ഇൻ്റർനെറ്റ് റെഗുലേറ്ററായ ഇ-സേഫ്റ്റി കമ്മീഷണർ (eSafety) വ്യക്തമാക്കി. വലിയ ടെക് കമ്പനികളെ വരുതിയിലാക്കാനുള്ള ആഗോള ശ്രമത്തിലെ ആദ്യത്തെ നടപടി ഇതായിരിക്കുമെന്നും ലോകമെമ്പാടുമുള്ള സർക്കാരുകൾ ഈ നിയമം പിന്തുടരുമെന്നും ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാൻ്റ് അഭിപ്രായപ്പെട്ടു.

96 ശതമാനം പേര്‍ക്കും അക്കൗണ്ടുകള്‍

ഉപയോക്താക്കളുടെ ഡാറ്റയാണ് ഈ കമ്പനികളുടെ കറൻസി. മുതിർന്നവർക്ക് പോലും പ്രതിരോധിക്കാൻ കഴിയാത്ത ശക്തമായ ദോഷകരമായ രൂപകൽപ്പനകളാണ് സമൂഹ മാധ്യമങ്ങള്‍ക്കുളളത്. ഈ സാഹചര്യത്തില്‍ നമ്മുടെ കുട്ടികൾ വളരെ അശക്തരാണെന്നും ജൂലി ഇൻമാൻ പറഞ്ഞു. അതേസമയം, പൗരൻമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ കടന്നുകയറാനുള്ള ശ്രമമാണ് ഓസ്‌ട്രേലിയയുടെ നടപടിയെന്ന് ആരോപിച്ച് യുഎസ് സർക്കാർ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും കമ്മീഷണറോട് മൊഴി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയയിലെ 16 വയസ്സിന് താഴെയുള്ള 96 ശതമാനം കൗമാരക്കാർക്കും (ഏകദേശം 10 ലക്ഷം പേർ) സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ട്. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഈ നിരോധനം ആശ്വാസമാകുമെന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ.

Australia to ban social media for under-16s from December 10 to protect mental health and regulate tech giants.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com