വാക്‌സിന്‍ രജിസ്‌ട്രേഷന്‍ മറയാക്കി ഡാറ്റ ചോരണം അഞ്ച് ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സര്‍ക്കാര്‍

വാക്‌സിന്‍ ലഭ്യതക്കുറവ് മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ് ലക്ഷ്യമാക്കി ഇറക്കിയ ആപ്ലിക്കേഷനുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏതു തരത്തിലും വാക്‌സിന്‍ കുത്തിവെപ്പ് നടത്താനുള്ള ആളുകളുടെ ശ്രമമാണ് തട്ടിപ്പ് സംഘങ്ങള്‍ക്ക് തുണയാകുന്നത്. ദി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം (സിഇആര്‍ടി- ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എസ്എംഎസ് വഴി ഈ ആപ്പുകളുടെ ലിങ്ക് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് വിവരം. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എസ്എംഎസില്‍ വ്യത്യസ്തങ്ങളായ അഞ്ച് എപികെ ലിങ്കുകളാണ് നല്‍കിയിരിക്കുന്നത്. Covid-19.apk, Vccin-Apply.apk, Cov-Regis.apk, Vaci__Regis.apk, and MyVaccin_v2.apk. എന്നിവയാണവ. ഇവ ഒരിക്കലും ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് സിഇആര്‍ടി നല്‍കുന്ന ഉപദേശം.

ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ് കൈക്കലാക്കി അതിലെ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ചാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ചില പെര്‍മിഷന്‍ ചോദിക്കാറുണ്ട്. അത് നല്‍കുന്ന മുറയ്ക്ക് ഫോണിലെ പാസ്‌വേര്‍ഡുകളും മറ്റു വ്യക്തിഗതവിവരങ്ങളും തട്ടിപ്പ് സംഘത്തിന്റെ കൈയിലെത്തുന്നു.
നിലവില്‍ cowin.gov.in എന്ന പോര്‍ട്ടലിലൂടെ മാത്രമേ രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതിയുള്ളൂ. ഈ പോര്‍ട്ടലില്‍ ആരോഗ്യസേതു ആപ്പ് വഴിയും എത്താനാവും. 18 - 45 വയസ് പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ കുത്തിവെപ്പിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it