യുട്യൂബര്‍മാര്‍ വരുമാനം കൊയ്യുന്നത് എങ്ങനെ? ലക്ഷങ്ങളുടെ വ്യൂസ് മാത്രമല്ല, ബ്രാന്‍ഡ് ഡീല്‍, സ്വന്തം ബിസിനസ്... സ്‌ക്രീനിനു പിന്നിലെ കളികള്‍

പരസ്യ വരുമാനത്തിനപ്പുറം വലിയൊരു ബിസിനസ് സാമ്രാജ്യമായി മാറി കേരളത്തിലെ ക്രിയേറ്റര്‍ ഇക്കോണമി. യഥാര്‍ത്ഥ വരുമാന സ്രോതസുകള്‍ പരിശോധിക്കാം
beauty blogger live broadcasting cosmetic makeup tutorial on social media. vlogger recording vlog video. influencer marketing
CANVA
Published on

ഒരു മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാര്‍, ലക്ഷക്കണക്കിന് വ്യൂസ്, കോടിക്കണക്കിന് ലൈക്കുകള്‍. ഒരു യൂട്യൂബറുടെ വിജയം അളക്കാന്‍ പലരും ഇപ്പോഴും നോക്കുന്നത് ഈ കണക്കുകളാണ്. എന്നാല്‍ കേരളത്തിലെ വളര്‍ന്നുവരുന്ന ക്രിയേറ്റര്‍ ഇക്കോണമിയില്‍ യഥാര്‍ത്ഥ കളി നടക്കുന്നത് മറ്റൊരു തലത്തിലാണ്. YouTube AdSense വരുമാനം ഇന്നും പ്രധാനമാണെങ്കിലും, പ്രമുഖ ക്രിയേറ്റര്‍മാരുടെ വരുമാനത്തിന്റെ സിംഹഭാഗവും ഇപ്പോള്‍ വരുന്നത് ബ്രാന്‍ഡ് ഡീലുകള്‍, അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്, സ്വന്തം ഉല്‍പ്പന്നങ്ങള്‍, ഇവന്റുകള്‍, കോഴ്‌സുകള്‍, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയിലൂടെയാണ്.

ഒരു ദശാബ്ദം മുമ്പ് യൂട്യൂബ് വെറുമൊരു ഹോബിയോ വിനോദമോ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ തന്നെ നൂറു കണക്കിന് പേര്‍ക്ക് ഇത് മുഴുവന്‍ സമയ ബിസിനസായി മാറി. ഫുഡ് വ്‌ളോഗര്‍മാര്‍, ട്രാവല്‍ ക്രിയേറ്റര്‍മാര്‍, ടെക് റിവ്യൂവര്‍മാര്‍, ഫിനാന്‍സ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ബ്യൂട്ടി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തുടങ്ങി നിരവധി പേര്‍ ഈ കോടികളുടെ പുതിയ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്.

വ്യൂസ് മാത്രം പോരാ; എന്താണ് യാഥാര്‍ത്ഥ്യം?

സാധാരണയായി ഒരു യൂട്യൂബറുടെ വരുമാനം AdSense-ല്‍ നിന്നാണെന്നാണ് പൊതുധാരണ. വീഡിയോകള്‍ക്കിടയില്‍ കാണിക്കുന്ന പരസ്യങ്ങളില്‍ നിന്നുള്ള വരുമാന വിഹിതമാണ് AdSense. എന്നാല്‍ ഇന്ത്യയില്‍ ലഭിക്കുന്ന CPM (Cost Per Mille) അഥവാ ആയിരം വ്യൂസിന് ലഭിക്കുന്ന തുക പല പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് വ്യൂസ് ലഭിക്കുന്ന വീഡിയോ പോലും പലപ്പോഴും ആളുകള്‍ കരുതുന്നതുപോലെ വലിയ ലാഭം നല്‍കണമെന്നില്ല.

കേരളത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്, ഒരു ക്രിയേറ്റര്‍ക്ക് സ്ഥിരമായ വലിയ വരുമാനം നേടണമെങ്കില്‍ AdSense മാത്രം ആശ്രയിക്കുന്നത് ഇന്ന് ബുദ്ധിയല്ലെന്നാണ്. അതുകൊണ്ടാണ് പലരും ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും ബ്രാന്‍ഡ് സഹകരണങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ തിരിക്കുന്നത്.

യഥാര്‍ത്ഥ പണം വരുന്നത് എവിടെ നിന്ന്?

ഒരു ടെക് യൂട്യൂബര്‍ പുതിയ മൊബൈല്‍ ഫോണ്‍ അവതരിപ്പിക്കുന്ന വീഡിയോ ചെയ്യുന്നു എന്ന് കരുതുക. ആ വീഡിയോയില്‍ ഒരു ബ്രാന്‍ഡിന്റെ പ്ലേസ്മെന്റ് ഉള്‍പ്പെടുത്തുന്നതിനായി കമ്പനി നേരിട്ട് വലിയ പ്രതിഫലം നല്‍കും. ഫുഡ് വ്‌ളോഗര്‍മാര്‍ക്ക് റസ്റ്റോറന്റുകളും പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡുകളും പണം നല്‍കുന്നു. ബ്യൂട്ടി ക്രിയേറ്റര്‍മാര്‍ക്ക് സൗന്ദര്യവര്‍ധക കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നു.

ഇത്തരത്തിലുള്ള ഒരു ബ്രാന്‍ഡ് ഡീലിന്റെ മൂല്യം നിര്‍ണയിക്കുന്നത് ക്രിയേറ്ററുടെ ഫോളോവേഴ്സിന്റെ എണ്ണം മാത്രമല്ല. പ്രേക്ഷകര്‍ക്ക് അവരോടുള്ള വിശ്വാസ്യത, എന്‍ഗേജ്‌മെന്റ് റേറ്റ്, കണ്ടന്റിന്റെ ഗുണമേന്മ, ലക്ഷ്യമിടുന്ന ഉപഭോക്തൃ വിഭാഗം എന്നിവയും ഇതില്‍ നിര്‍ണായകമാണ്. നിലവില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ സജീവ ഫോളോവേഴ്സുള്ള ഒരു ഇന്‍സ്റ്റഗ്രാം-യൂട്യൂബ് ക്രിയേറ്റര്‍ക്ക് ഒരു ബ്രാന്‍ഡഡ് പോസ്റ്റിലൂടെ ആയിരക്കണക്കിന് രൂപ മുതല്‍ പതിനായിരക്കണക്കിന് രൂപ വരെ ലഭിക്കാം. വലിയ ക്രിയേറ്റര്‍മാരുടെ കാര്യത്തില്‍ ഇത് ലക്ഷങ്ങള്‍ കടക്കുകയും ചെയ്യും.

കേരളത്തിലെ ഫുഡ് വ്‌ളോഗര്‍മാരുടെ മാതൃക

കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന കണ്ടന്റ് വിഭാഗങ്ങളിലൊന്നാണ് ഫുഡ് വ്‌ളോഗിംഗ്. ഒരു റസ്റ്റോറന്റിന്റെ വീഡിയോ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുമ്പോള്‍ അതിന്റെ ബിസിനസിന് നേരിട്ട് വലിയ വളര്‍ച്ച ഉണ്ടാകുന്നു. അതിനാല്‍ പല സ്ഥാപനങ്ങളും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതികളില്‍ വലിയ മാറ്റം വരുത്തിക്കഴിഞ്ഞു.

പ്രമുഖ ഫുഡ് ആന്‍ഡ് ട്രാവല്‍ വ്‌ളോഗറായ എബിന്‍ ജോസ് (Food N Travel) ഈ മേഖലയിലെ ബിസിനസിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

'ആദ്യകാലങ്ങളില്‍ പലര്‍ക്കും യൂട്യൂബില്‍ നിന്ന് വലിയൊരു AdSense വരുമാനം ലഭിച്ചിരുന്നില്ല. അന്ന് എക്‌സിസ്റ്റിങ് (നിലവിലുള്ള) ബിസിനസ് ഉള്ളവരായിരുന്നു അത് പ്രൊമോട്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന്, ട്രാവല്‍ സര്‍വീസ് ഉള്ളവര്‍ ട്രാവല്‍ വീഡിയോകള്‍ ചെയ്യുക, റെസ്റ്റോറന്റ് കണ്‍സള്‍ട്ടന്റുമാര്‍ വ്േളാഗിംഗിലൂടെ സര്‍വീസുകള്‍ പരിചയപ്പെടുത്തുക, ഷെഫുമാര്‍ പോപ്പുലാരിറ്റി കൂട്ടി സ്വന്തമായി റെസ്റ്റോറന്റുകള്‍ ആരംഭിക്കുക എന്നിവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ മാറി. ഇന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ പബ്ലിസിറ്റിക്ക് വേണ്ടി ഇന്‍ഫ്‌ളുവന്‍സര്‍മാരെ നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്നുണ്ട്.'

ഇവിടെ വരുമാനം വെറും വീഡിയോയിലൂടെ മാത്രമല്ല. റസ്റ്റോറന്റ് ലോഞ്ചുകള്‍, ഉദ്ഘാടനങ്ങള്‍, ബ്രാന്‍ഡ് അംബാസഡര്‍ കരാറുകള്‍, സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടിങ് തുടങ്ങിയ അധിക വരുമാന സ്രോതസുകളും ഈ മേഖലയില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് എബിന്‍ ജോസ് ചൂണ്ടിക്കാട്ടുന്നു.

ട്രാവല്‍ വ്‌ളോഗിംഗും ഫിനാന്‍സ് കണ്ടന്റും

കേരളത്തിലെ പ്രമുഖ ട്രാവല്‍ വ്‌ളോഗര്‍മാര്‍ക്കും ഇന്ന് വരുമാനം ലഭിക്കുന്നത് AdSense-നേക്കാള്‍ കൂടുതല്‍ ബ്രാന്‍ഡ് പങ്കാളിത്തങ്ങളില്‍ നിന്നാണ്. ടൂറിസം ബോര്‍ഡുകള്‍, ഹോട്ടല്‍ ശൃംഖലകള്‍, ട്രാവല്‍ ആപ്പുകള്‍, ലഗേജ് ബ്രാന്‍ഡുകള്‍, വാഹന നിര്‍മ്മാതാക്കള്‍ തുടങ്ങിയവരാണ് പ്രധാന ക്ലയന്റുകള്‍. ഒരു യാത്രാ വീഡിയോ കാണുന്ന പ്രേക്ഷകന്‍ യഥാര്‍ത്ഥ യാത്രാ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ ബ്രാന്‍ഡുകള്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ തയ്യാറാകുന്നു.

എന്നാല്‍ ബ്രാന്‍ഡുകള്‍ ക്രിയേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ ചില മാനണ്ഡങ്ങളുണ്ടെന്ന് എബിന്‍ ജോസ് വ്യക്തമാക്കുന്നു:

''വെറും വ്യൂസ് മാത്രമല്ല ബ്രാന്‍ഡുകള്‍ നോക്കുന്നത്. അവര്‍ ചെയ്യുന്ന കണ്ടന്റിന്റെ ടൈപ്പ്, ക്വാളിറ്റി, അവരെ പിന്തുടരുന്ന ഓഡിയന്‍സ് ഏത് കാറ്റഗറിയില്‍ ഉള്ളതാണ് എന്നിവയൊക്കെ നോക്കിയാണ് കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പ് തീരുമാനിക്കുന്നത്. ഒരു റിസോര്‍ട്ട് ആണെങ്കില്‍ അവര്‍ ട്രാവല്‍ വ്‌ളോഗര്‍മാരെ സമീപിക്കും. ഫാഷന്‍ അല്ലെങ്കില്‍ കോസ്റ്റ്യൂംസ് ബ്രാന്‍ഡുകള്‍ ആണെങ്കില്‍ അവര്‍ കൂടുതല്‍ ഫാഷന്‍ വ്‌ളോഗര്‍മാരെയായിരിക്കും അപ്പ്രോച്ച് ചെയ്യുക. നമ്മള്‍ ചെയ്യുന്ന കണ്ടന്റിന്റെ സ്വഭാവം അനുസരിച്ചായിരിക്കും ബ്രാന്‍ഡുകള്‍ നമ്മളിലേക്ക് എത്തുക.''

അതേസമയം, കേരളത്തില്‍ ഫിനാന്‍സ്, സ്റ്റോക്ക് മാര്‍ക്കറ്റ്, വ്യക്തിഗത ധനകാര്യം എന്നിവ കൈകാര്യം ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റര്‍മാരും അതിവേഗം വളരുന്നുണ്ട്. ഇവരുടെ പ്രേക്ഷകര്‍ ഉയര്‍ന്ന വരുമാന വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ബാങ്കുകള്‍, ബ്രോക്കിങ് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇവര്‍ ഏറ്റവും ആകര്‍ഷകമായ പങ്കാളികളാണ്. ഇവിടെ അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനും വലിയ സാധ്യതയുണ്ട്. ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിനോ ലിങ്കുകള്‍ വഴി ലഭിക്കുന്ന കമ്മീഷന്‍ ചിലപ്പോള്‍ വലിയ പരസ്യ വരുമാനത്തെപ്പോലും മറികടക്കാറുണ്ട്.

യൂട്യൂബില്‍ നിന്ന് ബിസിനസ്‌ സാമ്രാജ്യത്തിലേക്ക്

കേരളത്തിലെ നിരവധി പ്രമുഖ ക്രിയേറ്റര്‍മാര്‍ ഇന്ന് യൂട്യൂബറെക്കാള്‍ ഉപരി മികച്ച സംരംഭകരാണ്. ആദ്യകാലങ്ങളില്‍ നിലവിലുള്ള ബിസിനസ് പ്രൊമോട്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച സ്ഥാനത്ത്, ഇന്ന് യൂട്യൂബിലൂടെ വലിയൊരു ഓഡിയന്‍സ് ബേസ് ഉണ്ടാക്കിയ ശേഷം പുതിയ ബിസിനസിലേക്ക് ഇറങ്ങുന്നതാണ് പുതിയ ട്രെന്‍ഡ്.

ചിലര്‍ സ്വന്തമായി ടെക്‌സ്‌റ്റൈല്‍ ബ്രാന്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. ചിലര്‍ മെര്‍ച്ചന്‍ഡൈസ് വില്‍ക്കുന്നു. മറ്റുചിലര്‍ ഡിജിറ്റല്‍ കോഴ്‌സുകള്‍, ട്രാവല്‍ പാക്കേജുകള്‍, ഇവന്റ് മാനേജ്‌മെന്റ്, മീഡിയ പ്രൊഡക്ഷന്‍ സേവനങ്ങള്‍ എന്നിവയിലേക്ക് വ്യാപിച്ചു കഴിഞ്ഞു. എബിന്‍ ജോസ് സൂചിപ്പിക്കുന്നത് പോലെ, യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന പേഴ്‌സണല്‍ ബ്രാന്‍ഡിംഗിലൂടെ സ്വന്തം മര്‍ക്കന്റൈസ്/ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും സ്വന്തം ബിസിനസ് കെട്ടിപ്പടുക്കാനും ഇന്ന് ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. അതായത്, യൂട്യൂബ് ഇന്ന് ഒരു വരുമാന മാര്‍ഗം മാത്രമല്ല, പുതിയ ബിസിനസുകള്‍ക്ക് ഏറ്റവും അനുയോജ്യരായ ഉപഭോക്താക്കളെ കണ്ടെത്താനുള്ള വേദി കൂടിയാണ്.

കണ്ടന്റ് മാര്‍ക്കറ്റിംഗിന്റെ അടുത്ത ഘട്ടം

ഇന്ത്യയിലെ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് വ്യവസായം റോക്കറ്റ് വേഗത്തിലാണ് മുന്നേറുന്നത്. പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പുറമെ ഗൂഗിള്‍ ആഡ്‌സ് വഴിയും മെറ്റാ ബിസിനസ് വഴിയും സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കായി വന്‍കിട കമ്പനികള്‍ വലിയ തുകയാണ് മാറ്റിവെക്കുന്നത്. പരമ്പരാഗത മാധ്യമങ്ങള്‍ പോലും ഇന്ന് സോഷ്യല്‍ മീഡിയ പേജുകളിലൂടെയും പോഡ്കാസ്റ്റുകളിലൂടെയും ഡിജിറ്റല്‍ സ്‌പേസിലേക്ക് സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഈ മേഖലയ്ക്ക് വെല്ലുവിളികളും കുറവല്ല. ആല്‍ഗോരിതം മാറ്റങ്ങള്‍, മത്സരം, AI സൃഷ്ടിക്കുന്ന കണ്ടന്റ്, പ്രേക്ഷക ശ്രദ്ധയ്ക്കായുള്ള പോരാട്ടം എന്നിവ ക്രിയേറ്റര്‍മാരെ പുതിയ വഴികള്‍ തേടാന്‍ നിര്‍ബന്ധിതരാക്കുന്നു. യുട്യൂണില്‍ എസ്റ്റാബ്ലീഷ് ചെയ്യുന്നത് ഓരോരുത്തരുടെയും അര്‍പ്പണ ബോധത്തെയും ഇതിനെ എത്രത്തോളം ഒരു ബിസിനസ് അല്ലെങ്കില്‍ മാധ്യമമായി കാണുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com