നിര്‍മിത ബുദ്ധി സോഫ്റ്റ് വെയര്‍ രംഗത്തെ ജോലികള്‍ കളയുമോ? ബില്‍ ഗേറ്റ്‌സ് പറയുന്നത് ഇങ്ങനെ

നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കൂടുതല്‍ മേഖകളിലേക്ക് കടന്നുവരുന്നതോടെ ഒരുപാട് പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന ആശങ്ക ഇപ്പോള്‍ വ്യാപകമാണ്. വിവര സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കുന്ന മേഖലകളിലാണ് ഈ ആശങ്ക ഏറെയും. ഇതേക്കുറിച്ച് പലരുടെയും കാഴ്ച്ചപ്പാടുകളും വിഭിന്നമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തി രംഗത്തെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാരുടെ ജോലിയെ സാരമായി ബാധിക്കാന്‍ നിര്‍മിത ബുദ്ധിക്ക് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യുവവ്യവസായി നിഖില്‍ കമ്മത്തുമായി ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിര്‍മിത ബുദ്ധിയുടെ വികാസം എങ്ങനെയാണ് മനുഷ്യരാശിയുടെ ഉന്നമനത്തെ സഹായിക്കുന്നതെന്ന് ബില്‍ ഗേറ്റ്‌സ് ഇതില്‍ വിശദീകരിക്കുന്നു. ചില പ്രധാന മേഖലകളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ നിര്‍മിത ബുദ്ധിയ്ക്ക് കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ഈ സാങ്കേതിക വിദ്യക്ക് കഴിയും. നമ്മുടെ ജോലിയെ കൂടുതല്‍ ഉത്പാദനക്ഷമമാക്കാന്‍ നിര്‍മിത ബുദ്ധിക്ക് കഴിയുമെന്ന് കൂടി മനസിലാക്കണം. സോഫ്റ്റ് വെയര്‍ രംഗത്ത് ഇനിയും എഞ്ചിനീയര്‍മാരെ ആവശ്യമായി വരും. 20 വര്‍ഷത്തേക്കെങ്കിലും അവരുടെ പ്രസക്തി കുറയാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവിലെ ജോലികളെല്ലാം നിര്‍മിത ബുദ്ധി ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറുന്നതും വീഡിയോയില്‍ കാണാം.
മുതലാളിത്തമാണോ സോഷ്യലിസമാണോ നല്ലതെന്ന ചോദ്യത്തിനും ബില്‍ ഗേറ്റ്‌സ് കൃത്യമായ വിശദീകരണം നല്‍കുന്നുണ്ട്. പുതിയ ബിസിനസ് തുടങ്ങാനും പുതിയ ഉത്പന്നങ്ങള്‍ പരീക്ഷിക്കാനും മുതലാളിത്തം നല്‍കുന്ന സ്വാതന്ത്ര്യം വളരെ വലുതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
Related Articles
Next Story
Videos
Share it