ബൈജൂസിന് വീണ്ടും തിരിച്ചടി: രണ്ടാം തവണയും മൂല്യം വെട്ടിക്കുറച്ച് ബ്ലാക്ക്റോക്ക്
ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസിന്റെ മൂല്യ വീണ്ടും വെട്ടിക്കുറച്ച് അമേരിക്കന്‍ ഇന്‍വെസ്റ്റമെന്റ് കമ്പനിയായ ബ്ലാക്ക്റോക്ക് (BlackRock) ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബ്ലാക്ക്റോക്ക് ബൈജൂസിന്റെ മൂല്യം കുറയ്ക്കുന്നത്. 2,200 കോടി ഡോളറില്‍ (1.81 ലക്ഷം കോടി രൂപ) നിന്നാണ് മൂല്യം 840 കോടി ഡോളറായി(69,450 കോടി രൂപ) കുത്തനെ കുറച്ചിരിക്കുന്നത്. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ മുന്‍പാദങ്ങളെ അപേക്ഷിച്ച് 26 ശതമാനമാണ് മൂല്യത്തിലെ കുറവ്. മുന്‍വര്‍ഷവുമായി നോക്കുമ്പോള്‍ 62 ശതമാനമാണ് കുറവ്.
യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജറായ ഡേവിഡ്‌സണ്‍ കെംപ്‌നര്‍ കാപിറ്റല്‍ മാനേജ്‌മെന്റില്‍ നിന്ന് കമ്പനിയുടെ മൂല്യം 2,200 കോടി ഡോളര്‍ കണക്കാക്കി ബൈജൂസ് 25 കോടി രൂപ കടമെടുത്തതിനു പിന്നാലെയാണ് ബ്ലാക്ക്റോക്കിന്റെ നീക്കം. എന്നാല്‍ ബൈജൂസിന്റെ മൂല്യം നേരെ പകുതിയാക്കി കുറച്ചതായി മെയ് മാസത്തില്‍ വി.സി.സര്‍ക്കിള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് പ്രകാരം ബൈജൂസിന്റെ മൂല്യം ൧,100 കോടി ഡോളറായിരുന്നു.
അതേസമയം, മറ്റൊരു അസറ്റ് മാനേജറായ ടി.റോ പ്രൈസ് മാര്‍ച്ച് പാദത്തിലെ ബൈജൂസിന്റെ മൂല്യം 11.5 ശതമാനം ഉയര്‍ത്തിട്ടുണ്ട്. 1,150 കോടി ഡോളറാണ് അവര്‍ വിലയിട്ടിരിക്കുന്നത്. 2022 ഡിസംബര്‍ 31 ന് ഇത് 1,000 കോടി ഡോളറായിരുന്നു.
വായ്പാ സമാഹരണത്തെ ബാധിക്കും
ബ്ലാക്ക്റോക്ക് പോലുള്ള അസറ്റ് മാനേജ്മന്റ് സ്ഥാപനങ്ങള്‍ അവരുടെ ആഭ്യന്തര വിലയിരുത്തല്‍ അസുസരിച്ചാണ് മൂല്യം കണക്കാക്കുന്നത്. കമ്പനിയുടെ മൊത്തം മൂല്യമല്ല ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ മങ്ങലേല്‍പ്പിക്കും. പ്രത്യേകിച്ചും വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പുതിയ മൂലധനസമാഹരണത്തിന് ഒരുങ്ങുന്ന സമയമാണിത്. പുതുതായി കമ്പനിയില്‍ നിക്ഷേപം നടത്താന്‍ സ്ഥാപനങ്ങള്‍ മടിക്കും. കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കും മൂല്യം കുറയുന്നത് ഇടയാക്കും.
ബൈജൂസ് ഏറ്റെടുത്ത എഡ്യുടെക് സ്ഥാപനമായ ആകാശിന്റെ ഐ.പി.ഒ വഴി 800 കോടി സമാഹരിക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിനും ഇത് പ്രതിസന്ധി സൃഷിടിച്ചേക്കും. കമ്പനിയുടെ 2022 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ ഇതു വരെ പുറത്തുവിടാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നതും ഒരു പോരായ്മയാണ്. വായ്പ നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്ന പലിശ ഈടാക്കാനും മറ്റുമുള്ള ശ്രമങ്ങള്‍ നടത്താന്‍ ഇതിടയാക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.
4,589 കോടി രൂപ നഷ്ടത്തിൽ
2011 ല്‍ മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച സ്ഥാപനമാണ് ബൈജൂസ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,589 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. അതിനു മുന്‍പത്തെ വര്‍ഷം നഷ്ടം 232 കോടി രൂപയായിരുന്നു. ബൈജൂസില്‍ ഒരു ശതമാനത്തില്‍ താഴെ ഓഹരികളാണ് ബ്ലാക്ക് റോക്കിനുള്ളത്.
സെക്വേയ ക്യാപിറ്റല്‍, ലൈറ്റ് സ്പീഡ് വെഞ്ചര്‍ പാര്‍ട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക്, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഓള്‍ വെഞ്ച്വേഴ്‌സ്, സി.പി.പി.ഐ.ബി, ടൈഗര്‍ ഗ്ലോബല്‍, ടെന്‍സെന്റ്, വെര്‍ലിന്‍വെസ്റ്റ്, ടി.റോ, സോഫിന എന്നിവരാണ് ബൈജൂസിന്റെ നിക്ഷേപകര്‍.