ബൈജൂസിന്റെ വീഴ്ചയില്‍ നിന്ന് പഠിക്കാനുണ്ടേറെ..

പ്രമുഖ എജുടെക് കമ്പനിയായ ബൈജൂസിന്റെ സാമ്പത്തിക തകര്‍ച്ച ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവിയെ ബാധിക്കുമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഏറെ പ്രതീക്ഷകളോടെ വളര്‍ന്ന ബൈജുസ് സാമ്പത്തിക ഞെരുക്കവും നിയമനടപടികളും മൂലം കടുത്ത പ്രതിസന്ധിയിലാണ്. കമ്പനിയുടെ യഥാര്‍ത്ഥ കടം 20 കോടി രൂപ മാത്രമാണെന്ന ബൈജുസ് ഉടമയുടെ വാദം അമേരിക്കയിലെ വായ്പാ കമ്പനി മുഖവിലക്കെടുത്തിട്ടില്ല. 120 കോടി ഡോളറിന്റെ കടം പലിശ സഹിതം തിരിച്ചടക്കണമെന്നാണ് അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് ബൈജൂസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള 158 കോടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തര്‍ക്കവും നിലനില്‍ക്കുന്നു. വിദേശത്തും ഇന്ത്യയിലും നിയമതര്‍ക്കത്തില്‍ തുടരുന്ന ബൈജൂസ് ഒരു പരാജയപ്പെട്ട ബിസിനസ് മോഡലാണെന്ന രീതിയിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ബൈജൂസിന്റെ പരാജയം ഒറ്റപ്പെട്ടതാണെന്നും ഇന്ത്യയില്‍ ഇ-ലേണിംഗ് മേഖലയില്‍ സാധ്യതകള്‍ തുറന്നു കിടക്കുകയാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍.

ബൈജൂസിന് പിഴച്ചതെവിടെ?

തെറ്റായ സാമ്പത്തിക മാനേജ്മെന്റാണ് ബൈജൂസിന്റെ പിഴവുകളില്‍ പ്രധാനമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അക്കൗണ്ടിംഗിലെ ക്രമക്കേടുകള്‍ കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ കാരണമായി. സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഉയര്‍ന്നു വരുന്ന കമ്പനികള്‍ പാലിക്കേണ്ട സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. മാര്‍ക്കറ്റിംഗ് രംഗത്തെ പാളിച്ചകളും ബൈജൂസിന്റെ വീഴ്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കി വില്‍പ്പന നടത്തുന്നുവെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. സാമ്പത്തിക നിലക്ക് ഉപരിയായുള്ള നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും കമ്പനിയെ തളര്‍ത്തി. കടം വര്‍ധിക്കാന്‍ ഈ തിരക്കിട്ട ഏറ്റെടുക്കലുകള്‍ കാരണമായി. ഭരണതലത്തിലെ മാറ്റങ്ങളും അനിശ്ചിതാവസ്ഥയും കമ്പനിയെ ബാധിച്ചിരുന്നു. യഥാസമയം തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇത് തടസ്സമായി. എജു-ടെക് വിപണിയിലെ മാറ്റങ്ങളെ കുറിച്ചും പുതിയ സാധ്യതകളെ കുറിച്ചും പഠിക്കേണ്ടത് ബിസിനസ് വിജയകരമായി മുന്നോട്ടു കൊണ്ടു പോകാന്‍ ആവശ്യമാണെന്ന പാഠം കൂടി ബൈജുസിന്റെ വീഴ്ചയില്‍ നിന്ന് പഠിക്കാനുണ്ട്.

കുതിപ്പിന് സാധ്യതകളേറെ

പ്രമുഖ ടെക് ഫണ്ടിംഗ് കമ്പനിയായ ബ്ലും വെഞ്ച്വേഴ്‌സിന്റെ പഠനമനുസരിച്ച് ലോകത്ത് ഇ-ലേണിംഗ് മേഖലയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ 10.5 മില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് ഈ മേഖലയില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്ത് വളര്‍ന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസ മേഖല ഇന്ത്യയില്‍ ഇപ്പോഴും പിന്നോക്കാവസ്ഥയിലാണ്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുന്നത്. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇത് ഏറെ ചെറുതാണ്. ഇന്ത്യയില്‍ 60 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളിലും അധ്യാപകരുടെ കുറവുണ്ടെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് രണ്ട് വര്‍ഷം മുമ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇന്ത്യയില്‍ സ്‌കൂളുകളിലെ സിലബസ് കാലഹരണപ്പെട്ടതാണ്. ലോകത്തുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചോ ആവശ്യങ്ങളെ കുറിച്ചോ വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം നല്‍കാന്‍ ഈ സിലബസിനാകുന്നില്ല. ഇത്തരം കാരണങ്ങള്‍ കൊണ്ട് മെച്ചപ്പെട്ട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആവശ്യകത വര്‍ധിച്ചു വരുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ഫിസിക്‌സ് വാല പോലുള്ള ഇ ലേണിംഗ് പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച ഇതിന് ഉദാഹരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Next Story

Videos

Share it