Begin typing your search above and press return to search.
ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം കൂടി, വരുമാനം ഇടിഞ്ഞു; കേരളത്തിലും കിതയ്ക്കുന്നു
പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍/BSNL) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ നേരിട്ടത് 1,482 കോടി രൂപയുടെ നഷ്ടം. ഏപ്രില്‍-ജൂണ്‍പാദത്തിലെ 1,470 കോടി രൂപയില്‍ നിന്നാണ് കഴിഞ്ഞപാദത്തില്‍ നഷ്ടം കൂടിയത്.
അതേസമയം, വാര്‍ഷികാടിസ്ഥാനത്തില്‍ മുന്‍വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ നഷ്ടമായിരുന്ന 2,033 കോടി രൂപയില്‍ നിന്ന് കഴിഞ്ഞപാദത്തില്‍ നഷ്ടം കുറഞ്ഞത് കമ്പനിക്ക് ആശ്വാസമാണ്. പരസ്യച്ചെലവ്, ബിസിനസ് പ്രചാരണം, മാര്‍ക്കറ്റിംഗ് ചെലവുകള്‍ എന്നിവ വര്‍ധിച്ചതാണ് കഴിഞ്ഞപാദത്തില്‍ ജൂണ്‍പാദത്തേക്കാള്‍ നഷ്ടം കൂടാനിടയാക്കിയത്. മറ്റ് ടെലികോം കമ്പനികള്‍ക്ക് നല്‍കേണ്ട ഇന്റര്‍കണക്റ്റ് യൂസേജ് നിരക്ക്, ബിസിനസ് പങ്കാളികള്‍ക്കുള്ള വരുമാന വിഹിതം, ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ് എന്നിവയും ബാധിച്ചു.
വരുമാനവും താഴേക്ക്
തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ വരുമാന വളര്‍ച്ച നേടിയശേഷമാണ് ബി.എസ്.എന്‍.എല്‍ നടപ്പുവര്‍ഷത്തെ ആദ്യപാദം മുതല്‍ വരുമാനനഷ്ടം കുറിക്കുന്നത്.
പ്രവര്‍ത്തന വരുമാനം (Revenue from operations) ജൂണ്‍പാദത്തിലെ 4,288 കോടി രൂപയില്‍ നിന്ന് 5.1 ശതമാനം താഴ്ന്ന് 4,071 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവ് 6.6 ശതമാനമാണ്. 4,974 കോടി രൂപയില്‍ നിന്നാണ് വീഴ്ച.
കേരളത്തിലും ക്ഷീണം
കേരളം, നോര്‍ത്ത് ഈസ്റ്റ് ടാസ്‌ക് ഫോഴ്‌സ്, മദ്ധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവയടക്കം അഞ്ച് സര്‍ക്കിളുകള്‍ നടപ്പുവര്‍ഷം ആദ്യപാതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) വരുമാന വളര്‍ച്ച കുറിച്ചവയാണ്. എന്നാല്‍, ഇവ ജൂലൈ-സെപ്റ്റംബര്‍പാദം മാത്രം കണക്കിലെടുത്താല്‍ നഷ്ടത്തിലേക്ക് വീണുവെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി വരുമാന നേട്ടത്തിലായിരുന്ന കേരള സര്‍ക്കിളും നഷ്ടത്തിലേക്ക് വീണത് ബി.എസ്.എന്‍.എല്ലിന് തിരിച്ചടിയാണ്.
മൊത്തം 32 സര്‍ക്കിളുകളില്‍ 14 എണ്ണവും ആദ്യപകുതിയില്‍ നേരിട്ടത് നഷ്ടമാണ്. ഹരിയാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, തെലങ്കാന, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
Next Story
Videos