ബിസിനസ് വാട്സാപ്പ് അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഇന്ത്യയിൽ 40 കോടിയിലധികം വാട്സാപ്പ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ബിസിനസ് ആവശ്യങ്ങൾക്കായുള്ള വാട്സാപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരാകട്ടെ ഒന്നരക്കോടിയിലേറെയുമുണ്ട്.
വ്യാപാരാവശ്യങ്ങള്‍ക്കായി ബിസിനസ് പ്രൊഫൈല്‍ സൃഷ്ടിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും ഉപഭോക്തൃ ഇടപെടലുകള്‍ പരിശോധിക്കുന്നതിനുമെല്ലാമായി വാട്സാപ്പ് ബിസിനസ് (WhatsApp Business) പ്രയോജനപ്പെടുത്താം.
എന്നാൽ, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ നിയവിരുദ്ധമോ ആയ സന്ദേശങ്ങൾ അയക്കുകയോ പ്രചാരണം നടത്തുകയോ ചെയ്താൽ ഒരുപക്ഷേ വാട്സാപ്പ് ബിസിനസ് അക്കൗണ്ടിന് വിലക്ക് വന്നേക്കാം. അതായത്, അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനാകാത്ത വിധം അത് മരവിപ്പിക്കപ്പെടും. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്താലും ഇത്തരം വിലക്ക് ഏർപ്പെടുത്താറുണ്ട്. അക്കൗണ്ടിന് വിലക്ക് ലഭിച്ചാല്‍ ഉപഭോക്താക്കളിലേക്കും പ്രധാനപ്പെട്ട ബിസിനസ് ഡേറ്റയിലേക്കുമുള്ള ആക്സസ് നിങ്ങള്‍ക്ക് നഷ്ടമാകും.
എന്തുകൊണ്ടെല്ലാം വിലക്കാം
സേവന നിബന്ധനകള്‍ ലംഘിച്ചതിന് വാട്സാപ്പ് ബിസിനസ് അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്താനാകും. കൂടാതെ സ്പാം അല്ലെങ്കില്‍ വ്യാജ പ്രൊമോഷണല്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നും സ്‌കാമുകളോ ഹാനികരമായ ഉള്ളടക്കമോ അയയ്ക്കുന്നതും അംഗീകൃതമല്ലാത്ത മൂന്നാംകക്ഷി ആപ്പുകള്‍ ഉപയോഗിക്കുന്നതു പോലും ഒരുപക്ഷേ വിലക്കിലേക്ക് നയിക്കാം. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതും ഗുരുതരമായ വീഴ്ച്. ഇവയെല്ലാം തന്നെ വാട്സാപ്പ് ബിസിനസ് അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിലേക്ക് നയിക്കും.
അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കാം
ബിസിനസ് വാട്സാപ്പ് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് അതിന്റെ കാരണം തിരിച്ചറിയുക എന്നതാണ്. കാരണം മനസ്സിലാക്കിയാൽ വാട്സാപ്പിലെ ഹെല്‍പ് സെന്ററില്‍ (help center) ഉള്ള 'കോണ്‍ടാക്റ്റ് അസ്' (contact us) തിരഞ്ഞെടുക്കുക. അതില്‍ അക്കൗണ്ടിനെക്കുറിച്ചും വിലക്കിന്റെ കാരണത്തെക്കുറിച്ചും വിവരങ്ങള്‍ സമർപ്പിക്കണം. ഇത് റിവ്യു ചെയ്ത ശേഷം വാട്സാപ്പ് കമ്പനി വിലക്ക് നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കും.
'കോണ്ടാക്റ്റ് അസ്' സേവനം ഉപയോഗിച്ചിട്ടും പ്രതികരണമില്ലെങ്കില്‍ ഇതില്‍ തന്നെ മെയില്‍ അയക്കാനുള്ള സംവിധാനമുണ്ട്. വിലക്കിന്റെ കാരണങ്ങളും മറ്റ് വിവരങ്ങളും ചേര്‍ത്ത് മെയില്‍ അയച്ചാല്‍ ഈ മെയില്‍ റിവ്യു ചെയ്ത ശേഷം വാട്ട്സ്ആപ്പ് കമ്പനി തുടർതീരുമാനമെടുക്കും. നിങ്ങൾ ബോധിപ്പിക്കുന്ന കാര്യങ്ങൾ തൃപ്തികരമെങ്കിൽ മാത്രമേ അനുകൂല നടപടിയുണ്ടാകൂ.
വിലക്ക് വരാതിരിക്കാനുള്ള വഴികള്‍
ബിസിനസ് വാട്സാപ്പ് അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. അനുമതി നല്‍കിയ ആളുകള്‍ക്ക് മാത്രം സന്ദേശങ്ങള്‍ അയയ്ക്കുക, സ്പാം അല്ലെങ്കില്‍ വ്യാജ പ്രൊമോഷണല്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത് ഒഴിവാക്കുക, സ്‌കാമുകളോ ഹാനികരമായ ഉള്ളടക്കമോ അയയ്ക്കാതിരിക്കുക, വാട്സാപ്പ് സേവന നിബന്ധനകള്‍ പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇതിനായി ശ്രദ്ധിച്ചാല്‍ മതിയാകും.