പറയൂ, ഞങ്ങളും ഡിജിറ്റല്‍ ആണെന്ന്!

രണ്‍ജിത് എം ആര്‍

സാങ്കേതിക വിദ്യയിലുണ്ടാകുന്ന നിരന്തര മാറ്റങ്ങളെ നിരീക്ഷിച്ചുകൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ ഡിജിറ്റല്‍ നടപടിക്രമങ്ങളില്‍ കൊണ്ടുവരുവാന്‍ ചെറുകിട സംരംഭകര്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.

ആഗോളതലത്തില്‍ തന്നെ ബിസിനസുകള്‍ ഡിജിറ്റല്‍ ലോകത്തേക്ക് കുടിയേറുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിപ്പോള്‍. വാങ്ങല്‍, വില്‍പ്പന, കണക്കുസൂക്ഷിക്കല്‍, ബ്രാന്‍ഡിംഗ് തുടങ്ങിയ ബിസിനസിനെ സംബന്ധിക്കുന്ന എല്ലാ മേഖലകളിലും സൈബര്‍ ഇടപെടലുകള്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു.

ഡയറക്ടറികള്‍ ഡിജിറ്റല്‍ ആയി മാറിയപ്പോള്‍ 'സെര്‍ച്ച്' ചെയ്യുവാനുളള കരുത്തുറ്റ ഒരു സവിശേഷത കൂട്ടിച്ചേര്‍ക്കപ്പെട്ടു. ബ്രാന്‍ഡുകള്‍ വളര്‍ത്തുന്നതിനും ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള നല്ല വേദിയായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. സ്മാര്‍ട്ട് ഫോണുകളാകട്ടെ പണമിടപാടുകള്‍ മുതല്‍ വഴി തേടാനുള്ള ഉപകരണമായും ഇരുട്ടില്‍ വഴിതെളിക്കാനുള്ള കൈവിളക്കുമായി വരെ ഉപയോഗിക്കപ്പെടുന്നു.

കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്ന ഇത്തരം മാറ്റങ്ങളെ ബിസിനസ് വളര്‍ച്ചക്ക് അനുകൂലമായി ഉപയോഗിക്കണമെങ്കില്‍ നിങ്ങളുടെ ബിസിനസിനെ സൈബര്‍ ലോകത്ത് കൃത്യമായി, കൃത്യസമയത്തു പ്രതിഷ്ഠിക്കേണ്ടതുണ്ട് . കേവലമൊരു വെബ്സൈറ്റ് ആരംഭിക്കുന്നതിനുമപ്പുറം, ക്രമാനുഗതമായ ഒട്ടറെ പ്രക്രിയകളുള്ള സങ്കീര്‍ണമായ ദൗത്യമാണിത്.

സാങ്കേതിക രംഗത്ത് ഉണ്ടാകുന്ന കാലിക മാറ്റങ്ങളെ കണക്കിലെടുത്തുകൊണ്ട് ചിട്ടയോടുകൂടിയ ഒരു സമീപനം ഇവിടെ ആവശ്യമാണ്.

ഡിജിറ്റല്‍ ലോകത്തിന്റെ താക്കോല്‍

ബിസിനസിനെ ഡിജിറ്റല്‍ ലോകത്തേക്ക് പ്രതിഷ്ഠിക്കുമ്പോള്‍ ആദ്യമായി വേണ്ടത് സ്വന്തം ഉടമസ്ഥതയിലുള്ള ഒരു ഇമെയില്‍ വിലാസമാണ്. ഇത് കമ്പനിയുടെ പേരിലോ ബിസിനസ് ഉടമയുടെ പേരിലോ ആയിരിക്കണം, കൂടാതെ ഈ ഇ-മെയ്‌ലുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഒരു മൊബൈല്‍ നമ്പറും ആവശ്യമാണ്. ഏതൊരു ഡിജിറ്റല്‍ ഇടത്തിന്റെയും സുരക്ഷിതത്വത്തിനും തടസ്സങ്ങളില്ലാത്ത പ്രവര്‍ത്തനത്തിനും മേല്‍പ്പപറഞ്ഞ ആദ്യചുവട് വളരെ പ്രധാനപ്പെട്ടതാണ്. ഡിജിറ്റല്‍ ലോകത്തിന്റെ സുരക്ഷയുടെ താക്കോലായി പ്രവര്‍ത്തിക്കേണ്ടവയാണ് ഇമെയിലും മൊബൈല്‍ നമ്പറും. സ്വന്തം സ്ഥാപനത്തിന്റെ പേരിലുള്ള ഡൊമൈന്‍ നെയിം ഈമെയിലില്‍ ഉപയോഗിക്കുന്നത് വിശ്വാസ്യത വര്‍ധിപ്പിക്കും. ഉദാഹരണത്തിന് mail@dhanam.in എന്ന ഇമെയില്‍ അഡ്രസ്സില്‍ ധനം എന്ന സ്ഥാപനത്തിന്റെ പേര് ഉള്‍കൊള്ളുന്നു.

സ്ഥാനം അടയാളപ്പടുത്തുക

സ്ഥാപനത്തിന്റെ ഭൂമി ശാസ്ത്രപരമായ ഇടം (ലൊക്കേഷന്‍ ) ഡിജിറ്റല്‍ ലോകത്തില്‍ അടയാളപ്പടുത്തുക എന്നതാണ് അടുത്ത നടപടി. നിങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തുന്നുന്നവരെ നിങ്ങളിലേക്ക് നയിക്കുന്നതിന് ഇത് സഹായിക്കും. ഗൂഗിള്‍ മൈ ബിസിനസ് (Google my business), ബിങ് പ്ലേസെസ് (Bing Places) തുടങ്ങിയവ ഇത്തരം സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന വെബ്സൈറ്റുകളാണ്.

സ്വന്തം വെബ്സൈറ്റ് നിര്‍മ്മിക്കുക
Hosting Space

സ്വന്തമായി ഒരു വീടുനിര്‍മ്മിക്കുന്നതു പോലെയാണ് നിങ്ങളുടെ ഡിജിറ്റല്‍ ആവാസസ്ഥാനമായ വെബ്‌സൈറ്റിനെ ചിട്ടപ്പെടുത്തേണ്ടത്. നഗരമധ്യത്തില്‍ ഒരു സ്ഥാനം വീടുനിര്‍മാണത്തിനു തെരഞ്ഞെടുത്താല്‍ ലഭിക്കുന്ന ഒട്ടേറെ സൗകര്യങ്ങളുണ്ട്. അതുപോലെയാണ് ഹോസ്റ്റിംഗ് സ്പേസ് (Hosting Space) തിരഞ്ഞെടുക്കുന്ന പ്രക്രിയ. ട്രാഫിക് ജാമുകള്‍ ഒഴിവാക്കി പരമാവധി സുരക്ഷ ഉറപ്പുതരുന്ന ഒരു ഹോസ്റ്റിംഗ് സ്പേസ് തെരഞ്ഞെടുക്കണം. സൗജന്യ ഹോസ്റ്റിംഗ് മുതല്‍ വാര്‍ഷിക ഫീസിനത്തില്‍ ലക്ഷക്കണക്കിന് രൂപ വരെ ഈടാക്കുന്ന ഹോസ്റ്റിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി തെരഞ്ഞെടുക്കുമ്പോള്‍ സൗജന്യ ഹോസ്റ്റിംഗ് ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യം പരിഗണിച്ചു കൊണ്ട് സ്വന്തം കീശയിലൊതുങ്ങുന്ന ഒരു ഹോസ്റ്റിംഗ് സൗകര്യം കണ്ടെത്തണം. SSL - സര്‍ട്ടിഫിക്കേഷന്‍. ഇമെയില്‍ സൗകര്യങ്ങള്‍ തുടങ്ങിയ പല മാനദണ്ഡങ്ങളും പരിഗണിച്ചുകൊണ്ട് നല്ലൊരു ഹോസ്റ്റിംഗ് സൗകര്യം തെരഞ്ഞെടുക്കുന്നതിന് പ്രൊഫഷണല്‍ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതായിരിക്കും.

Content Management System

വീടുപണിയുമ്പോള്‍ ഏതുതരം നിര്‍മാണരീതി തിരഞ്ഞെടുക്കണം എന്നു തീരുമാനിക്കുന്നതു പോലെയാണ് വെബ്സൈറ്റിന്റെ കണ്ടന്റ് മാനേജ്മന്റ് സിസ്റ്റം (CMS) തിരഞ്ഞെടുക്കുന്നത്. ഒരു വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തെ സൃഷ്ടിക്കുവാനും കൈകാര്യം ചെയ്യുവാനും പരിഷ്‌കരിക്കാനും സഹായിക്കുന്ന ഒരു സോഫെറ്റ് വെയര്‍ ആണ് CMS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കണ്ടന്റ് മാനേജ്മന്റ് സിസ്റ്റം. പലതരത്തിലുള്ള ആവിശ്യങ്ങള്‍ക്കുതകുന്ന CMS കള്‍ ലഭ്യമാണെങ്കിലും ചെറുകിട സ്ഥാപനങ്ങള്‍ക്ക് സാധാരണ വെബ്സൈറ്റുകള്‍ നിര്‍മ്മിക്കാന്‍ വേഡ് പ്രസ്, ജൂംല, ദ്രുപാല്‍ തുടങ്ങിയ ഓപ്പണ്‍ സോഴ്സ് സോഫ്‌റ്റ്വെയര്‍ കൂടുതല്‍ ഉചിതമായിരിക്കും. ലോകത്തിലാകെയുള്ള വെബ്സൈറ്റുകളില്‍ 35 ശതമാനവും വേഡ് പ്രസ്് ഉപയോഗിക്കുന്നു എന്നതുതന്നെ ഇത് ഫലപ്രദമായ ഒരു സോഫ്റ്റ്വെയര്‍ ആണ് എന്നതിന്റെ തെളിവാണ്.

റെസ്പോണ്‍സീവ് ആയിട്ടുവേണം പുതിയകാലത്തിന്റെ വെബ്സൈറ്റുകള്‍ തയ്യാറാക്കുവാന്‍. മൊബൈല്‍ ഫോണ്‍ തുടങ്ങിയ ചെറിയ സ്‌ക്രീനുകളും ഡെസ്‌ക് ടോപ് കമ്പ്യൂട്ടറുകളിലും വെബ്സൈറ്റിന്റെ ഉള്ളടക്കം പൂര്‍ണമായി കാണാന്‍ കഴിയുന്ന ഒരു പ്രത്യകതയാണ് ഇത്. കാണുന്ന മാധ്യമങ്ങള്‍ക്കനുസരിച്ചു റെസ്പോണ്‍സീവ് വെബ്സൈറ്ററിന്റെ രൂപഭാവങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നു.

നിലനില്‍പ്പിനെ പ്രസിദ്ധീകരിക്കുക

പുതിയൊരു വീടുവെച്ചാല്‍ അടുത്ത പോസ്റ്റോഫീസില്‍ അറിയിക്കുന്നതുപോലെ ഗൂഗിള്‍ ബിങ് തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളുടെ പട്ടികയില്‍ വെബ്സൈറ്റിനെ ചേര്‍ക്കുക. വെബ്സൈറ്ററിന്റെ സ്വഭാവത്തിന് ചേരുന്ന അന്വേഷണങ്ങളെ ഇതുമായി ബന്ധിപ്പിക്കുക വഴി കൂടുതല്‍ ആളുകളെ വെബ്‌സൈറ്റിയിലേക്കു കൊണ്ടുവരുവാന്‍ സാധിക്കും.

അടുത്തപടി സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ (SEO) ആണ്. ആളുകള്‍ കൂടുതല്‍ തിരയുന്ന വാക്കുകള്‍ വെബ്സൈറ്റിന്റെ ഉള്ളടക്കത്തിലും തലവാചകങ്ങളിലും മറ്റും ഉള്‍പ്പെടുത്തുന്ന പ്രക്രിയയാണിത്. ഉദാഹരണമായി 'ഹോട്ടല്‍ ഇന്‍ എറണാകുളം' എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ തങ്ങളുടെ വെബ്സൈറ്റ് കാണണമെങ്കില്‍ അതിനുതകുന്ന തരത്തിലുള്ള വാക്കുകള്‍ വെബ്സൈറ്റ് ഉള്ളടക്കത്തില്‍ തന്ത്ര പരമായി സന്നിവേശിപ്പിക്കാന്‍ കഴിയണം. സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ് (SEM ) തുടങ്ങിയ സങ്കേതങ്ങളുപയോഗിച്ച് വെബ്സൈറ്ററിന്റെ പ്രശസ്തി വീണ്ടും വര്‍ധിപ്പിക്കാവുന്നതാണ്.

സാമൂഹ്യ മാധ്യമങ്ങള്‍

സാമൂഹ്യ മാധ്യമങ്ങളുടെ ശക്തി ഇന്ന് എല്ലാവര്‍ക്കും നന്നായി അറിയാവുന്നതാണ്. പ്രശസ്തമായ ഒന്നിലധികം സാമൂഹ്യമാധ്യമങ്ങളില്‍ അക്കൗണ്ട് ബിസിനസിന്റെ പേരില്‍ തന്നെ തുറക്കുകയും അതെല്ലാം വെബ്സൈറ്റുമായി ബന്ധിപ്പിക്കുകയും വേണം. ആദ്യം സൂചിപ്പിച്ചിരുന്ന ഇ-മെയ്ല്‍ ഐഡിയും മൊബൈല്‍ നമ്പറും ഇതിനായി ഉപയോഗിക്കാം. ഫേസ്ബുക്, ലിങ്ക്ഡ് ഇന്‍, ട്വിറ്റര്‍, യൂട്യൂബ് ഇവയെല്ലാം വളരെയേറെ ബിസിനസ് സാധ്യതകളുള്ള സാമൂഹ്യ മാധ്യമങ്ങളാണ്.

പരിപാലനം

വെബ്സൈറ്റും സാമൂഹ്യ മാധ്യമങ്ങളുമെല്ലാം തയാറായിക്കഴിഞ്ഞാല്‍ അവയെ പരിപാലിക്കേണ്ടതുണ്ട്. കൃത്യസമയങ്ങളില്‍ ആവശ്യമുള്ള അപ്ഡേറ്ററുകള്‍ ചെയ്യുക, സമയാസമയങ്ങളില്‍ വെബ്സൈറ്റ് ഡാറ്റ ബാക്കപ്പ് എടുത്തു സൂക്ഷിക്കുക, ഹാക്കിംഗ് തുടങ്ങിയ ആക്രമണങ്ങളെ ചെറുക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയ പ്രക്രിയകള്‍ തുടര്‍ന്നുപോകുവാന്‍ ശ്രദ്ധിക്കുക.

ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങള്‍ വളരെ ശക്തമായി കടന്നുവരികയാണ്. മുന്‍കാലങ്ങളില്‍ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ അല്‍പ്പം സമയം അനുവദിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഈ സമയപരിധി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഉപഭോക്താക്കള്‍ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ ബൂത്തുകളില്‍ കാത്തുകിടക്കേണ്ടിവരുന്നത് ഇത്തരം നിര്‍ബന്ധിക്കപ്പെടലിന്റെ ഉദാഹരണമാണ്. ഡിജിറ്റല്‍ ലോകത്തേക്ക് കുടിയേറുന്ന പ്രക്രിയ ഇക്കാലത്തു തെരഞ്ഞെടുക്കാവുന്ന ഒരു സ്വാതന്ത്ര്യം അല്ല, അപ്രതിരോധ്യമായ ഒരു കുത്തൊഴുക്കാണ് അത്. ഈ കുത്തിഴൊക്കിലേക്ക് നിങ്ങളും വേഗം ചെന്നു ചേരൂ. എന്നിട്ടു പറയൂ… ഞങ്ങളും ഡിജിറ്റല്‍ ആണെന്ന്!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it