'ഗ്രേഡ് അപ്' ഇനി ബൈജൂസിന് സ്വന്തം; ഈ വര്‍ഷത്തെ ഏട്ടാമത്തെ വലിയ ഏറ്റെടുക്കല്‍ നടത്തി കമ്പനി

കോവിഡ് കാലത്ത് മത്സരപരീക്ഷാ രംഗത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പിന്‍ബലത്തോടെ നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് മുന്നേറുന്നത്. കോവിഡ് വരും മുമ്പ് തന്നെ ഇവയെല്ലാം തങ്ങളുടെ അടിത്തറ ശക്തമാക്കിയതാണ് ഈ മേഖലയിലെ മുന്നേറ്റത്തിന് ഇവരെ സഹായിച്ചതും. പറഞ്ഞുവരുന്നത് ബൈജൂസ് അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെയാണ്.

ഉറക്കമിളച്ചിരുന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ട്യൂട്ടോറിയലുകളിലും പരീക്ഷാ കോച്ചിംഗ് സെന്ററുകളിലും കുത്തിയിരുന്ന കാലം പോയെങ്കിലും പരീക്ഷകള്‍ക്ക് ത്യയാറെടുക്കല്‍ അതേ ചൂടോടെ ഡിജിറ്റലായി. പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയപ്പോള്‍ കോച്ചിംഗും ഓണ്‍ലൈനില്‍ മത്സരയോട്ടം തുടങ്ങി. ഇന്ത്യയിലെ എഡ്‌ടെക് രംഗം തന്നെ പുതിയ ഉയരങ്ങളിലുമെത്തി.
ബൈജൂസ് ഈ 2021 ല്‍ നടത്തിയത് എട്ട് ഏറ്റെടുക്കലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവുമൊടുവിലായി നടത്തിയത് ഇന്നലെ പുറത്തുവന്ന ഗ്രേഡ് അപ് എന്ന ഓണ്‍ലൈന്‍ കോച്ചിംഗ് പ്ലാറ്റ്‌ഫോമിന്റേതാണ്.
ഡിഗ്രി, പിജി, ഐഎഎസ്, ഗേറ്റ്, കാറ്റ്, ബാങ്ക് പിഒ, ക്ലര്‍ക്ക്, ഡിഫെന്‍സ്, യുജിസി-നെറ്റ് തുടങ്ങി 25 ഓളം വിവിധ മേഖലകളിലെ 150 ല്‍ പരം മത്സര പരീക്ഷകള്‍ക്ക് കോച്ചിംഗ് നല്‍കുന്ന സംവിധാനമുണ്ട് ഗ്രേഡ്അപ്പിന്.
2.2 ബില്യണ്‍ ഡോളര്‍ തുകയുടെ ഏറ്റെടുക്കലാണ് ഈ വര്‍ഷം തന്നെ ബൈജൂസ് നടത്തിയത്. കോഡിംഗ് സ്ഥാപനങ്ങളായ വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍, ഓഫ്‌ലൈന്‍ ടെസ്റ്റ് പ്രിപ്പറേഷന്‍ സ്ഥാപനമായ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ്, ഗ്രേറ്റ് ലേണിംഗ്, എപിക് എന്നിവയെല്ലാമാണ് ഏറ്റവുമൊടുവില്‍ നടത്തിയിരുന്ന ഏറ്റെടുക്കലുകള്‍.
ഇതില്‍ 950 മില്യണ്‍ ഡോളര്‍ ചെലവിട്ട ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ഏറ്റെടുക്കലായിരുന്ന ഭീമമായത്. ഗ്രേറ്റ് ലേണിംഗ് 600 മില്യണ്‍ ഡോളറിനും എപിക് 500 മില്യണ്‍ ഡോളറിനുമാണ് ഇടപാട് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫണ്ട് സമാഹരണം
പുതിയ ഏറ്റെടുക്കലുകള്‍ക്കായി 150 മില്യണ്‍ ഡോളറാണ് ബൈജു സമാഹരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതിന് ശേഷം, ബൈജൂസ് വീണ്ടും വലിയൊരു ഫണ്ട് സമാഹരണത്തിലാണ്. ആസ്മാന്‍ വെഞ്ച്വേഴ്സില്‍ നിന്ന് 1,094 കോടി രൂപ അഥവാ ഏകദേശം 150 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിന് കമ്പനി പ്രത്യേക പ്രമേയം പാസാക്കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ (എംസിഎ) ഫയലിംഗുകള്‍ പ്രകാരം, ബൈജൂസ് 6,045 സീരീസ് എഫ് മുന്‍ഗണനാ ഓഹരികള്‍ മിറേ അസറ്റിനും എആര്‍കെ എന്‍കോറിനും അനുവദിച്ചിട്ടുണ്ട്. ഈ ഓരോ ഷെയറിന്റെയും വില 285,072 രൂപയാണ്.
ആസ്മാന്‍ വെഞ്ച്വേഴ്‌സിന് 38,705 സീരീസ് എഫ് മുന്‍ഗണനാ ഓഹരികള്‍ കമ്പനി അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ പറയുന്നു.
ഈ ഓഹരികള്‍ ഓരോ ഷെയറിനും 238,125 രൂപ എന്ന ഡിസ്‌കൗണ്ട് നിരക്കിലാണ് നല്‍കിയിട്ടുള്ളത്. 16.87 ബില്യണ്‍ ഡോളറാണ് ബിസിനസ് ഇന്‍സൈഡര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ബൈജൂസിന്റെ ഏപ്പോഴത്തെ മൂല്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it