Begin typing your search above and press return to search.
ബി.സി.സി.ഐയുമായുള്ള പ്രശ്‌നം : മധ്യസ്ഥത വേണമെന്ന് ബൈജൂസ്
ബി.സി.സി.ഐയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് തര്‍ക്കം ഒത്തുതീര്‍ക്കാന്‍ ആര്‍ബിട്രേറ്ററിനെ ആശ്രയിച്ച് പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ടെക്‌നോളജി സ്ഥാപനമായ ബൈജൂസ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ 158 കോടി രൂപ നല്‍കിയില്ലെന്ന് കാണിച്ച് ബി.സി.സി.ഐ സമര്‍പ്പിച്ച പരാതിയില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.ടി) ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന് നോട്ടീസയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍.സി.എല്‍.ടിയോട് മധ്യസ്ഥതയിലൂടെ (artbitration) പ്രശ്‌നം പരിഹരിക്കണമെന്ന് ബൈജൂസിന്റെ അഭിഭാഷകര്‍ അപേക്ഷിച്ചത്. കുടിശിക തീര്‍ക്കാന്‍ പണമില്ലെങ്കില്‍ ബൈജൂസിനെ പാപ്പരത്തനടപടികള്‍ വിധേയമാക്കണമെന്നായിരുന്നു ബി.സി.സി.ഐയുടെ പരാതി.
മധ്യസ്ഥതയ്ക്ക് പോകാനുള്ള ക്ലോസ് ബൈജൂസ് മുന്നോട്ട് വച്ചെങ്കിലും പാപ്പരത്ത നടപടികളെ ഇത് തടസപ്പെടുത്തില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കോടതിയുടെ പുറത്ത് കേസ് ഒത്തു തീര്‍ക്കുന്നതിനെയാണ് ആര്‍ബിട്രേഷന്‍ എന്ന് പറയുന്നത്.
കഴിഞ്ഞ വര്‍ഷമാണ് 160 കോടി രൂപയുടെ സ്‌പോൺസര്‍ഷിപ്പ് തുക അടച്ചില്ലെന്ന് കാണിച്ച് ബി.സി.സി.ഐ എന്‍.സി.എല്‍.ടിയിലേക്ക് ബൈജൂസിനെ എത്തിച്ചത്. പണം തിരിച്ചടയ്ക്കുന്നതിനെ കുറിച്ച് ബി.സി.സി.ഐയുമായി ചര്‍ച്ച നടന്നു വരികയാണെന്നായിരുന്നു ബൈജൂസ് എന്‍.സി.എല്‍.ടിയെ അറിയിച്ചത്. എന്നാല്‍ ബി.സി.സി.ഐ ഇത് നിഷേധിക്കുകയും മാധ്യമറിപ്പോര്‍ട്ടുകള്‍ വഴി മാത്രമാണിത് അറിഞ്ഞതെന്ന് എന്‍.സി.എല്‍.ടിയെ ബോധിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് വീണ്ടും ബൈജൂസിന്റെ ഭാഗം തേടിയത്. ഫെബ്രുവരി ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
ടി.ഡി.എസ് വീഴ്ചയും
ഇതിനിടെ ടി.ഡി.എസ് അടയ്ക്കുന്നതില്‍ ബൈജൂസ് കാലാതാമസം വരുത്തിയെത്തും 30 ലക്ഷത്തിനു മുകളില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഐ.ടി ഫയലിംഗ് നടത്തുന്നതില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2023 ഏപ്രില്‍ മുതല്‍ ശമ്പളത്തില്‍ നിന്ന് കുറച്ച ടി.ഡി.എസ് ഫോം 26എ.എസില്‍ പ്രതിഫലിച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത് എന്നാല്‍ ജീവനക്കാര്‍ക്ക് നല്‍കിയ പേ സ്ലിപ്പില്‍ ഇത് കുറച്ചതായി കാണിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം ശമ്പളത്തില്‍ നിന്ന് കുറച്ചെങ്കിലും നികുതി വകുപ്പിന് അത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂലൈയ്ക്ക് ശേഷം ശമ്പളം ഫോം 26എ.എസില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
സാധാരണ ഒരു കമ്പനി ടി.ഡി.എസ് കുറയ്ക്കുകയും അത് ട്രഷറിയില്‍ അടയ്ക്കാതിരിക്കുകയും ചെയ്താല്‍ ഓരോ മാസവും 1.5 ശതമാനം വീതം പലിശ ഇടാക്കാറുണ്ട്. കുറയ്ക്കുന്ന തീയതി മുതല്‍ അടയ്ക്കുന്ന തീയതിവരെയുള്ള ദിവസം കണക്കാക്കിയാണിത്. ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കമ്പനിക്ക് ഈ പലിശ അടയ്ക്കാനാകും. ഇതു കൂടാതെ പ്രതിദിനം 200 രൂപ വീതം പിഴയും അടയ്‌ക്കേണ്ടി വരാറുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജുസിന് തിരിച്ചടിയാണ് ടി.ഡി.എസ് വീഴ്ച.
Next Story
Videos