വൈറ്റ്ഹാറ്റ് ജൂനിയര്‍ അടച്ചുപൂട്ടില്ലെന്ന് ബൈജൂസ്

കോഡിംഗ് പ്ലാറ്റ്ഫോമായ വൈറ്റ്ഹാറ്റ് ജൂനിയര്‍ (WhiteHatJr) അടച്ചുപൂട്ടാന്‍ ബൈജൂസ് (Byjus) പദ്ധതിയിടുന്നതായി ഫൈനാനഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് 30 കോടി ഡോളറിനാണ് ബൈജൂസ് ഈ കമ്പനിയെ സ്വന്തമാക്കിയത്. ഇതുവരെ നടത്തിയ 17 ഏറ്റെടുക്കലുകളില്‍ ബൈജൂസ് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നായിരുന്നു വൈറ്റ്ഹാറ്റ് ജൂനിയര്‍.

പ്രതീക്ഷിച്ച വരുമാനം ഇല്ല

കോവിഡിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ പ്രതീക്ഷിച്ച വരുമാനം ഇതില്‍ നിന്നും നേടാനായില്ല. അതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈജൂസ് ഈയടുത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുമായി ബന്ധപ്പെട്ട് ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത്.

വാസ്തവവിരുദ്ധം

മറ്റ് പഠന സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വലിയ മത്സരം നേരിടുന്നതിനാല്‍ അവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ബൈജൂസ് ശ്രമിക്കുയാണ്. ഇതിനായി ബൈജൂസ് ലേണിംഗ് ആപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വൈറ്റ്ഹാറ്റ് ജൂനിയര്‍ അടച്ചുപൂട്ടാന്‍ പദ്ധതിയിടുന്ന വര്‍ത്ത ബൈജൂസിന്റെ വക്താവ് നിഷേധിച്ചു. കാര്യക്ഷമമായ വളര്‍ച്ചയ്ക്കായി തങ്ങള്‍ ഇതില്‍ മറ്റ് ചില കാര്യങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

വൈറ്റ്ഹാറ്റ് ജൂനിയര്‍

ഡിസ്‌കവറി നെറ്റ്‌വർക്കിലെ മുന്‍ എക്സിക്യൂട്ടീവായ കരണ്‍ ബജാജാണ് 2018 ല്‍ വൈറ്റ്ഹാറ്റ് ജൂനിയര്‍ സ്ഥാപിച്ചത്. കുട്ടികള്‍ളെ രസകരവും ആകര്‍ഷകവുമായി കോഡിംഗ് പഠിപ്പുക്കുന്ന പ്ലാറ്റ്ഫോം പെട്ടെന്ന് പ്രശസ്തി നേടിയതോടെ ബൈജൂസ് സ്വന്തമാക്കുകയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it