ഡിജിറ്റൽ ഇന്ത്യക്കായി ₹15,000 കോടി; നിർമിത ബുദ്ധിയിൽ ഊന്നൽ

ഡിജിറ്റല്‍ ഇന്ത്യയുടെ വിപുലീകരണത്തിനായി 14,903 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഡിജിറ്റല്‍ വൈദഗ്ധ്യം, സൈബര്‍ സുരക്ഷ, ഇ-ഗവേണന്‍സ് സേവനങ്ങള്‍, നിര്‍മിത ബുദ്ധി എന്നിവയുടെ വികസനത്തിനാണ് ഈ തുക വകയിരുത്തിയിരിക്കുന്നതെന്ന് സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി.ഇ.ആര്‍.ടി-ഇന്‍) അറിയിച്ചു.

2 ലക്ഷത്തിലേറെ പൗരന്മാര്‍ക്ക് പരിശീലനം

സൈബര്‍ ഫോറന്‍സിക്സ്, എമര്‍ജെന്‍സി റെസ്‌പോണ്‍സ്, സൈബര്‍ ഡയഗണോസിസ് എന്നിവയുടെ വിപുലീകരണത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി & എഡ്യൂക്കേഷന്‍ അവയര്‍നസ് ഫേസ് (ISEA) പ്രോഗ്രാമിന് കീഴില്‍ ഏകദേശം 2,65,000 പൗരന്മാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ പരിശീലനം നല്‍കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സൈബര്‍ സുരക്ഷാ ഉപകരണങ്ങളുടെ വികസനവും ദേശീയ സൈബര്‍ ഏകോപന കേന്ദ്രവുമായി 200 ല്‍ അധികം സൈറ്റുകളുടെ സംയോജനവും ഇതില്‍ ഉള്‍പ്പെടും.

നിര്‍മിത ബുദ്ധിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

രാജ്യത്ത് നിര്‍മിത ബുദ്ധി ഗവേഷണത്തിന്റെയും കണ്ടുപിടുത്തത്തിന്റെയും വികസനത്തിനായി മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ (CoE) നിര്‍മിക്കും. ഈ കേന്ദ്രങ്ങള്‍ ആരോഗ്യം, കൃഷി, സുസ്ഥിര നഗരങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിലവില്‍ 10 ഭാഷകളില്‍ ലഭ്യമായ നിര്‍മിത ബുദ്ധിയുടെ ബഹുഭാഷാ വിവര്‍ത്തന സംവിധാനം രാജ്യത്തെ 22 ഔദ്യോഗിക ഭാഷകളില്‍ പുറത്തിറക്കും. ദേശീയ സൂപ്പര്‍ കമ്പ്യൂട്ടര്‍ മിഷന്റെ കീഴില്‍ എ.ഐ മോഡലിംഗിനും കാലാവസ്ഥാ പ്രവചനത്തിനുമായി സര്‍ക്കാര്‍ ഒമ്പത് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ കൂടി ചേര്‍ക്കും. ഇതിനകം വിന്യസിച്ചിട്ടുള്ള 18 സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്ക് പുറമേയാണിത്.


Related Articles
Next Story
Videos
Share it