മൂന്ന് ചൈനീസ് മൊബൈല്‍ ബ്രാന്‍ഡുകളെ നിരോധിക്കണം, വ്യാപാരികളുടെ ആവശ്യം കേന്ദ്രത്തിന്റെ കോര്‍ട്ടില്‍

ചൈനീസ് ബ്രാന്‍ഡുകളായ ഐക്യൂ (iQoo) , പോകോ (POCO), വണ്‍പ്ലസ് (OnePlus) എന്നീ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആള്‍ ഇന്ത്യാ മൊബൈല്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍. ഈ കമ്പനികളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് ഇവരുടെ പരാതി. വിപണിയിലെ തുല്യ മത്സരത്തിനുള്ള അവകാശം ഇവര്‍ ഇല്ലാതാക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഇക്കാര്യത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ ഇടപെടണമെന്നും സംഘടനയുടെ ചെയര്‍മാന്‍ കൈലാഷ് ലഖ്യാനി ആവശ്യപ്പെട്ടു.കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടും ഇത്തരം കമ്പനികള്‍ ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് മാത്രമേ ഉത്പന്നങ്ങള്‍ നല്‍കുന്നുള്ളൂ. റീട്ടെയില്‍ സ്റ്റോറുകള്‍ വഴി സാധനങ്ങള്‍ വില്‍ക്കാന്‍ ഇവര്‍ അനുവദിക്കുന്നുമില്ല. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്നും വലിയ തോതില്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങിക്കൂട്ടി റീട്ടെയില്‍ വിപണിയിലെത്തിച്ച് അനധികൃത വില്‍പ്പന നടത്തുന്ന സംഘങ്ങളും സജീവമാണ്. സാധാരണ കച്ചവടക്കാരുടെ താത്പര്യങ്ങള്‍ കൂടി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവോയുടെ ഉപകമ്പനിയായ ഐക്യൂവിന്റെ ഫോണുകള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെയും കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മാത്രമേ വില്‍ക്കുന്നുള്ളൂ. റീട്ടെയില്‍ വിപണിയിലേക്ക് കൂടി സ്റ്റോക്ക് എത്തിക്കണമെന്ന് ഈ കമ്പനികളോട് വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് കമ്പനികള്‍ ചെവികൊടുക്കാറില്ലെന്നും പരാതിയില്‍ പറയുന്നു. ഇത്തരം പ്രവണതകള്‍ ഉപയോക്താവിന്റെ വിലപേശല്‍ അവകാശത്തെ ബാധിക്കുമെന്നും പരാതി തുടരുന്നു.
അതേസമയം, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Related Articles
Next Story
Videos
Share it