ക്രിപ്‌റ്റോ പരസ്യങ്ങള്‍; സെലിബ്രിറ്റികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ക്രിപ്‌റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികളുടെ പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ സെലിബ്രിറ്റികള്‍ ജാഗ്രത പാലിക്കണമെന്ന് അഡ്വറ്റൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (ASCI)). പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവ അല്ലെന്ന് ഉറപ്പിക്കണമെന്നും എഎസ്‌സിഐ ആവശ്യപ്പെട്ടു. സെലിബ്രറ്റികളും കായിക താരങ്ങളും ഉള്‍പ്പടെയുള്ള പ്രമുഖര്‍ ക്രിപ്‌റ്റോ മേഖലയിലെ പരസ്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഏതാനും ദിവസം മുമ്പ് സെബി നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് എഎസ്‌സിഐയുടെ നിര്‍ദ്ദേശം. പരസ്യങ്ങളില്‍ നിയമ ലംഘനത്തിന്റെ സാധ്യതയെക്കുറിച്ച് സൂചിപ്പിക്കണമെന്നും സെബി ആവശ്യപ്പെട്ടിരുന്നു. ക്രിപ്‌റ്റോ പരസ്യങ്ങള്‍ക്കായി മാത്രം രാജ്യത്ത് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ല. കേന്ദ്രം ക്രിപ്‌റ്റോ ബില്‍ അവതരിപ്പിച്ച ശേഷം ഈ രംഗത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എഎസ്‌സിഐ.

നിലവില്‍, ക്രിപ്റ്റോ മേഖല IAMAI (ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ), BACC (ബ്ലോക്ക്ചെയിന്‍, ക്രിപ്റ്റോ അസറ്റ്സ് കൗണ്‍സില്‍) എന്നിവയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരസ്യങ്ങള്‍ ഇറക്കുന്നത്. കൃത്യമായ ഒരു ചട്ടക്കൂട് ഇല്ലാത്തതിനാല്‍ 2022ലെ ഐപിഎല്ലില്‍ പരസ്യങ്ങള്‍ നല്‍കേണ്ടന്ന് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിംഗ്, അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ക്രിപ്‌റ്റോ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2021ലെ ടി20 ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ഇടവേളകളില്‍ വന്ന ക്രിപ്‌റ്റോ പരസ്യങ്ങളുടെ ആധിക്യം അന്ന് വലിയ ചര്‍ച്ചയായിരുന്നു.

ഉപഭോക്തൃ നിയമം 2019 അനുസരിച്ച് പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്ന് കണ്ടെത്തിയാല്‍ അവ പിന്‍വലിക്കുന്നതിനോ മാറ്റങ്ങള്‍ വരുത്തുന്നതിനോ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് ആവശ്യപ്പെടാം. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രറ്റികളില്‍ നിന്ന് 10 ലക്ഷം രൂപവരെ പിഴ ഈടാക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്. വീണ്ടും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ പിഴ 50 ലക്ഷം വരെ ഉയരാം.

എഥറിയംമാക്‌സ് എന്ന ക്രിപ്‌റ്റോ കറന്‍സിയെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് കിം കര്‍ദാഷിയന്‍, ഫ്ലോയ്ഡ് മെയ്‌വെതര്‍ തുടങ്ങിയവര്‍ക്കെതിരെ നിക്ഷേപകര്‍ കാലിഫോര്‍ണിയയില്‍ നിയമ നടപടി ആരംഭിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it