

രാജ്യത്ത് ഇന്റര്‍നെറ്റ് സുരക്ഷയും നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (virtual private network-VPN) സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും സന്ദര്‍ശിക്കാന്‍ ആളുകള്‍ വ്യാപകമായി വിപിഎന്‍ ഉപയോഗിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം വിപിഎന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രാദേശിക സാന്നിധ്യം ഉണ്ടായിരിക്കണം. ഈ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫീസുകള്‍ ഉണ്ടായിരിക്കുകയും സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം.
വിപിഎന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും ഓഫീസുകള്‍ സ്ഥാപിക്കണം. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും പരാതികളും കൈകാര്യം ചെയ്യാന്‍ പ്രത്യേക കംപ്ലയന്‍സ് ഓഫീസര്‍മാരെ നിയമിക്കണം.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാം. നിലവില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കുള്ള (IT Rules, 2021) അതേ കര്‍ശന നിയമങ്ങളാണ് വിപിഎന്‍ കമ്പനികള്‍ക്കും വരാന്‍ പോകുന്നത്.
2022ല്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വിപിഎന്‍ കമ്പനികള്‍ക്കായി ഒരു കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഉപയോക്താക്കളുടെ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, ഐപി അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ 5 വര്‍ഷത്തേക്ക് സൂക്ഷിക്കണമെന്നായിരുന്നു അത്. എന്നാല്‍ പ്രമുഖ വിപിഎന്‍ കമ്പനികള്‍ ഇത് അനുസരിക്കാന്‍ തയാറായില്ല. പകരം അവര്‍ ഇന്ത്യയിലുണ്ടായിരുന്ന തങ്ങളുടെ ഫിസിക്കല്‍ സെര്‍വറുകള്‍ മാറ്റി, സിംഗപ്പൂര്‍ പോലുള്ള മറ്റ് രാജ്യങ്ങള്‍ വഴി സേവനം നല്‍കാന്‍ തുടങ്ങി.
ഈ സാഹചര്യത്തിലാണ് പഴയ നിര്‍ദ്ദേശങ്ങള്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് നിരോധിച്ച ഉള്ളടക്കങ്ങള്‍ വിപിഎന്‍ വഴി ആളുകള്‍ കാണുന്നത് തടയാന്‍ കമ്പനികള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ യഥാര്‍ത്ഥ ഐപി അഡ്രസ് (IP Address) ഒളിപ്പിച്ചു വെക്കാനും, നമ്മള്‍ മറ്റ് ഏതോ രാജ്യത്തിരുന്നാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാനും വിപിഎന്‍ സഹായിക്കുന്നു. ഇതുവഴി ഇന്ത്യയില്‍ ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകളും ആപ്പുകളും ആളുകള്‍ക്ക് രഹസ്യമായി ഉപയോഗിക്കാന്‍ സാധിക്കും.
ഇന്ത്യയില്‍ വെബ്സൈറ്റുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുന്ന നടപടികള്‍ സമീപകാലത്തായി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2024ല്‍ 12,000ത്തിലധികം വെബ്‌സൈറ്റുകള്‍ നിരോധന സ്ഥാനത്ത് 2025ല്‍ ഇത് 24,000 കടന്നു.
കഴിഞ്ഞ മാസം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ടെലിഗ്രാം ആപ്പ് നിരോധിച്ചപ്പോള്‍ പ്രമുഖ വിപിഎന്‍ സേവനമായ 'പ്രോട്ടോണ്‍ വിപിഎന്‍' (Proton VPN) ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഒരൊറ്റ ദിവസം കൊണ്ട് 120 ശതമാനത്തിലധികം വര്‍ധിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine