സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ അപ്‌ലെറ്റ് സമിതി വന്നേക്കും; പുതിയ നീക്കവുമായി കേന്ദ്രം
സമൂഹമാധ്യമങ്ങള്‍ക്ക് (social media) രാജ്യത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്രം ഒരു അപ്ലെറ്റ് സമിതിയെ നിയോഗിച്ചേക്കും. സമൂഹമാധ്യമങ്ങള്‍ കണ്ടന്റ് മോഡറേഷനുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ പുനപരിശോധിക്കാന്‍ അധികാരമുള്ള സമിതിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
2021ലെ ഇന്റര്‍മീഡിയ ഗൈഡ് ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് ഭേദഗതി ചെയ്യാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അതേസമയം ഇതിനായി പ്രസിദ്ധീകരിച്ച കരട് ചട്ടഭേദഗതി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്രം പിന്‍വലിച്ചു. ഭാഷാപരമായ പിശകുകള്‍ തിരുത്താനാണ് കരട് പിന്‍വലിച്ചതെന്നാണ് സൂചന.
അതേ സമയം പുതിയ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി, സമൂഹമാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി ആണ് പിന്‍വലിക്കപ്പെട്ട കരട് വിലയിരുത്തപ്പെടുന്നത്. കരടിലെ വ്യവസ്ഥകള്‍ പ്രകാരം നിലവില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളവയിലെ പരാതി പരിഹാര ഓഫീസര്‍മാര്‍ക്ക് മുകളിലായിരിക്കും കേന്ദ്രം കൊണ്ടുവരുന്ന സമിതിയുടെ സ്ഥാനം. പരാതിയിന്മേല്‍ സമൂഹ മാധ്യമങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ തൃപ്തരല്ലാത്തവര്‍ക്ക് കോടതിക്ക് പകരം സമിതിയെ സമീപിക്കാം എന്നാണ് വ്യവസ്ഥ. തെറ്റുകള്‍ തിരുത്തി കരട് അടുത്ത ആഴ്ച വീണ്ടും പ്രസിദ്ധീകരിച്ചേക്കും.