

നിര്‍മിത ബുദ്ധി രംഗത്ത് യുദ്ധം മുറുകിയതോടെ പിടിച്ചു നില്‍ക്കാന്‍ അടവുകള്‍ മാറ്റി ഗൂഗിള്‍. ഓപണ്‍ എഐ പോലുള്ള കമ്പനികളില്‍ നിന്നുയരുന്ന മല്‍സരത്തെ നേരിടാന്‍ ഉയര്‍ന്ന പദവികളില്‍ നിന്ന് 10 ശതമാനം പേരെ പിരിച്ചു വിടാനാണ് തീരുമാനം. മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയ പദവികളില്‍ നിന്ന് 10 ശതമാനം പേരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കി. കിടമല്‍സരത്തിനിടെ തൊഴില്‍ശക്തി പുനക്രമീകരിക്കാനുള്ള നടപടികളുടെ തുടര്‍ച്ചയാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 12,000 പേരെ ഗൂഗിള്‍ പിരിച്ചു വിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഗൂഗിളില്‍ മാനേജര്‍ പദവികളില്‍ 30,000 ജീവനക്കാരാണുള്ളത്. ഇതില്‍ 5,000 മാനേജര്‍മാരും 1,000 ഡയറക്ടര്‍മാരും 100 വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടും. 2023 ല്‍ കമ്പനിയില്‍ മൊത്തം ജീവനക്കാരുടെ എണ്ണം 1,82,502 പേരാണ്. 2022 ല്‍ 1,90,234 പേരുണ്ടായിരുന്നു.
ഗൂഗിളിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് കമ്പനിയുടെ ഘടന ലളിതമാക്കുന്നതിനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നു വരുന്നതെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു. നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പിരിച്ചു വിടുന്ന 10 ശതമാനത്തില്‍ ചിലരുടെ റോള്‍ വ്യക്തിഗത സംഭാവനകളിലേക്ക് മാറ്റും. അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന്റെ ആവശ്യകതകള്‍ക്കനുസരിച്ച ജീവനക്കാരെ നിയമിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത് എന്നാണ് സൂചനകള്‍. ചിലവ് ചുരുക്കലിന്റെ ഭാഗമായി കമ്പനി ഏഴ് മാസം മുമ്പ് കോര്‍ ടീമില്‍ നിന്ന് 200 ജീവനക്കാരെ ഒഴിവാക്കിയിരുന്നു. കാലിഫോര്‍ണിയയില്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിന്ന് 50 പേരെയും ഒഴിവാക്കി. വിദേശ രാജ്യങ്ങളിലുള്ള ജീവനക്കാരെ പുനക്രമീകരിക്കുകയും ചെയ്തിരുന്നു.
കിടമല്‍സരത്തില്‍ അടിതെറ്റാതിരിക്കാന്‍ പുതിയ എ.ഐ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനി രൂപം നല്‍കുന്നുണ്ട്. സെര്‍ച്ച് ബിസിനസ് രംഗത്ത് ശക്തികൂട്ടുന്നതിന് പുതിയ ജനറേറ്റീവ് എ.ഐ ഫീച്ചറുകളാണ് കൊണ്ടു വന്നിട്ടുള്ളത്. പുതിയ എഐ വീഡിയോ ജനറേറ്റര്‍, റീസണിംഗ് പോലുള്ള ജെമിനിയുടെ പുതിയ മോഡലുകള്‍ എന്നിവ പുറത്തിറക്കിയിട്ടുണ്ട്. ഗൂഗിളിനെ ആധുനിക വല്‍ക്കരിക്കാന്‍ കെല്‍പ്പുള്ള ജീവനക്കാരെ നിയമിക്കാനാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യമിടുന്നത്. ഐടി രംഗത്ത് കമ്പനിയുടെ സാങ്കേതിക അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് ഗൂഗിള്‍.
Read DhanamOnline in English
Subscribe to Dhanam Magazine