ഇനി മുതൽ മൊബൈൽ ഫോൺ ചാർജറിനും ഇയർ ഫോണിനും വേറെ കാശ് ചിലവാക്കേണ്ടി വരും

നി മുതൽ മൊബൈൽ ഫോൺ വാങ്ങുമ്പോൾ സൂക്ഷിക്കുക. ആ പാക്കറ്റിൽ ചാർജറും ഇയർ ഫോണും കണ്ടില്ലെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല. ഫോൺ മാത്രമേ കമ്പനി വയ്ക്കുകയുള്ളൂ. ചാർജറിനും ഇയർ ഫോണിനും വേറെ കാശ് ചിലവാക്കേണ്ടി വരും.

ആപ്പിൾ ഇറക്കാൻ പോകുന്ന ഐ ഫോൺ 13 ൽ ചാർജറും ഇയർ ഫോണും ഉണ്ടാവില്ലത്രേ. ഇനിയിപ്പോൾ സാംസങ്ങ് അടക്കമുള്ള മറ്റു മൊബൈൽ ഫോൺ നിർമ്മാതാക്കൾ ഇതേ പാത പിന്തുടർന്നേക്കുമെന്നാണ് മൊബൈൽ ഇൻഡസ്ട്രി വൃത്തങ്ങൾ നൽകുന്ന സൂചന. എല്ലാം തുടങ്ങി വയ്ക്കുന്നത് ആപ്പിൾ തന്നെ.
ഐ ഫോൺ 12 സീരീസ് ഇറക്കുന്ന വേളയിൽ തന്നെ ആപ്പിൾ പറഞ്ഞിരുന്നു ഇനി മുതൽ എല്ലാ ഐ ഫോൺ 12 മോഡലുകളും ഭാവിയിൽ ഇറക്കാൻ പോകുന്ന ഐ ഫോൺ സീരീസുകളും ചാർജറുകൾ ഇല്ലാതെയായിരിക്കും മാർക്കറ്റിൽ ഇറക്കുകയെന്ന്.
ഇങ്ങനെ ഓരോ മാറ്റങ്ങൾ കൊണ്ടു വരുമ്പോഴും ഉപഭോക്താക്കളുടെ മനസ്സറിയാൻ ആപ്പിൾ കമ്പനി സർവ്വേകൾ നടത്താറുണ്ട്. അത്തരം ഒരു സർവേയിൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്നത് ഫോണിനൊപ്പം വരുന്ന ഇയർ ഫോണുകൾ തന്നെയാണോ എന്ന ചോദ്യം ആപ്പിൾ ഉന്നയിച്ചിരുന്നു. ഇതോടെ ഇനി പുറത്തു വരുന്ന ഐ ഫോൺ 13 സീരീസിൽ ചാർജറും ഉണ്ടാവില്ല, ഇയർ ഫോണും ഉണ്ടാവില്ല എന്നുറപ്പായി. മൊത്തത്തിൽ ഐ ഫോണുകൾക്ക് വില കൂടുമെന്നു സാരം.
ഇനിയിപ്പോൾ ഐ ഫോണിന്റെ സുപ്രധാന ഫീച്ചറുകളിൽ ഒന്നായ കാൾ ചെയ്യുമ്പോൾ തെളിഞ്ഞു വരുന്ന ഫേസ് ഐ ഡിയും ഐ ഫോണിൽ നിന്ന് എടുത്തു കളഞ്ഞേക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. കാരണം ഫേസ് ഐ ഡി യുടെ കാര്യത്തിൽ സംതൃപ്തരാണോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടിരിക്കുകയാണ് മറ്റൊരു സർവേയിൽ.
ഐ ഫോൺ 12 പ്രൊ മാക്സ് ഉപഭോക്താക്കളോടാണ് ചോദ്യം ഉന്നയിക്കപ്പെട്ടത്. ഫേസ് ഐ ഡിയുടെ കാര്യത്തിൽ സംതൃപ്തരാണോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം നൽകുന്നതെങ്കിൽ അത്തരക്കാരോട് പിന്നെയും ചോദ്യങ്ങൾ വന്നു. പല ഓപ്ഷൻസ് ആയിരുന്നു ആപ്പിൾ കൊടുത്തത്.
സുരക്ഷിതത്വം, സ്വാകാര്യത എന്നീ കാര്യങ്ങളിലുള്ള ഭയം കാരണമാണോ ഫേസ് ഐ ഡിയുടെ കാര്യത്തിൽ അതൃപ്തി, ഫേസ് ഐ ഡി കണ്ടു കൊണ്ട് തന്റെ ഫോൺ പിക്ക് ചെയ്യാൻ ഇഷ്ടമല്ല, ഫോണിന്റെ പെർഫോമൻസ് സ്ലോ ആകുന്നു, എല്ലാ സാഹചര്യങ്ങളിലും തന്റെ മുഖം വ്യക്തമായി കാണിക്കുന്നില്ല (കുറഞ്ഞ വെളിച്ചത്തിൽ, വ്യത്യസ്ത ആംഗിളിൽ, കിടക്കുമ്പോൾ, സൺ ഗ്ലാസ് ഉപയോഗിക്കുമ്പോൾ ), തനിക്ക് ടച്ച്
ഡിയാണിഷ്ടം, ഫേസ് ഐ ഡി വിശ്വസിക്കാൻ കൊള്ളില്ല, ഫേസ് ഐ ഡിയുള്ളത് കാരണം എല്ലായ്‌പ്പോഴും ഫോൺ അൺലോക്ക് ആകുന്നില്ല, ഇങ്ങനെ പല ഓപ്ഷൻസ് ആണ് ഉപഭോക്താക്കൾക്ക് മറുപടിയായി തിരഞ്ഞെടുക്കാൻ കൊടുത്തത്.
എന്നാൽ ഇക്കാര്യങ്ങളിൽ കമ്പനിയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നതിനാൽ കാത്തിരുന്നു കാണേണ്ടി വരും ഇനി ഇറങ്ങുന്ന ഐ ഫോണിന്റെ കൂടെ ഏതെല്ലാം അക്‌സെസ്സറികൾ ഉണ്ടാവില്ലെന്ന്. ഇനി ചിലപ്പോ ഐ ഫോൺ 13 വാങ്ങിക്കുന്ന ഉപഭോക്താക്കളെ മാഗ് സേഫ് ചാർജറുകൾ കൂടി വാങ്ങിപ്പിക്കാൻ നിര്ബന്ധിതരാക്കുന്ന വല്ല തന്ത്രവുമാണോ എന്നും അറിയില്ല.


Ismail Meladi
Ismail Meladi  

Related Articles

Next Story

Videos

Share it