പണമടച്ചുള്ള ചാറ്റ്ജിപിടി പ്ലസ് സേവനം ഇനി ഇന്ത്യയിലും

ഓപ്പണ്‍എഐ പുറത്തിറക്കിയ ചാറ്റ്ജിപിടിയുടെ (ChatGPT) പണമടച്ചുള്ള പുതിയ പ്രീമിയം പതിപ്പായ 'ചാറ്റ്ജിപിടി പ്ലസ്' ഇന്ത്യയില്‍ അവതരിപ്പിച്ചു. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ലാബ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ചാറ്റ്ജിപിടി പ്ലസ് അവതരിപ്പിച്ചിരുന്നു.

പ്രതിമാസം 20 ഡോളര്‍

ഇന്ത്യയില്‍ ചാറ്റ്ജിപിടി പ്ലസ് സേവനം അവതരിപ്പിച്ചതായി ഓപ്പണ്‍എഐ കമ്പനി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഇന്ത്യയില്‍ പ്രതിമാസം 20 ഡോളര്‍ (1,650 രൂപ) എന്ന നിരക്കിലാകും ഇത് ലഭ്യമാകുക. വേഗതയേറിയതും മെച്ചപ്പെട്ടതുമായി പ്രകടനമാണ് ചാറ്റ്ജിപിടി പ്ലസ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ചാറ്റ്ജിപിടിയുടെ നിലവിലുള്ള സൗജന്യ സേവനം തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പുതിയ പതിപ്പ്

ജിപിടി-4നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ പ്രീമിയം പതിപ്പായ ചാറ്റ്ജിപിടി പ്ലസ്. ജിപിടി 4 നിലവിലെ ജിപിടി 3.5നേക്കാള്‍ കൂടുതല്‍ മികച്ചതും കാര്യശേഷിയുള്ളതുമായ പതിപ്പാണെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിലെ ചാറ്റ്ജിപിടി വാക്കുകള്‍ (Text) അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്ന്. പുതിയ പതിപ്പില്‍ ചിത്രങ്ങള്‍ നല്‍കികൊണ്ടും വിവരശേഖരണം നടത്താനാകും.

ചാറ്റ്ജിപിടിയുടെ വരവ്

കഴിഞ്ഞ നവംബര്‍ 30ന് ആണ് ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പുറത്തിറങ്ങിയത്. അതിവേഗം ഇത് ജനശ്രദ്ധയാകര്‍ഷിച്ചു. മൂന്നു മാസത്തിനുള്ളില്‍ 10 കോടി ഉപയോക്താക്കളിലേക്ക് എത്തിയ ഏറ്റവും വേഗതയേറിയ സേവനങ്ങളില്‍ ഒന്നാണ് ഓപ്പണ്‍എഐയുടെ ഈ ചാറ്റ്‌ബോട്ട്. ചാറ്റ്ജിപിടിക്ക് ബദല്‍ എന്ന നിലയില്‍ ഈയടുത്ത് ഗൂഗിളിന്റെ ബാര്‍ഡ് എത്തി. പിന്നാലെ മൈക്രോസോഫ്റ്റും ഈ രംഗത്തെത്തി.

Related Articles
Next Story
Videos
Share it