

ചാറ്റ് ജി.പി.ടിയുടെ ഏറെക്കാലം കാത്തിരുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലായ ജി.പി.ടി 5 കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് കോഡിംഗ്, റീസണിംഗ്, കൃത്യത, രചന തുടങ്ങിയ കഴിവുകള്‍ ജി.പി.ടി 5ന് കൂടുതലാണെന്നാണ് ഓപ്പണ്‍ എ.ഐ പറയുന്നത്. എന്നാല്‍ തുടക്കകാലം മുതല്‍ ചാറ്റ് ജി.പി.ടി ഉപയോഗിച്ചിരുന്നവര്‍ പുതിയ ലാംഗ്വേജ് മോഡലില്‍ അത്ര തൃപ്തരല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. മുന്‍ മോഡലുകളായ ജി.പി.ടി 4ഒ, ജി.പി.ടി 4.1, ജി.പി.ടി 4.1 മിനി, ഒ4 മിനി, ഒ4മിനി ഹൈ, ഒ3, ഒ3പ്രോ എന്നിവ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകളും ആരാധകര്‍ക്ക് രസിച്ചിട്ടില്ല.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഓപ്പണ്‍ എ.ഐക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ഈഫല്‍ ടവര്‍ തരാമെന്ന് കാട്ടി ഇലക്ട്രിക് പോസ്റ്റാണ് ഓപ്പണ്‍ എ.ഐ നല്‍കിയതെന്നാണ് ചിലരുടെ കമന്റ്. ജി.പി.ടി 4ഒ പോലുള്ള മോഡലുകളില്‍ ലഭ്യമായിരുന്ന കൃത്യതയോടെയും സന്ദര്‍ഭോചിതമായ മറുപടികള്‍ നല്‍കാന്‍ ജി.പി.ടി 5ന് കഴിയുന്നില്ലെന്നാണ് പ്രധാന പരാതി. മുന്‍ മോഡലുകള്‍ക്കുണ്ടായിരുന്ന വൈകാരിക ബുദ്ധി (Emotional Intelligence) ജി.പി.ടി 5ന് ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ മോഡലുകള്‍ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ പണം കൊടുത്ത് വാങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കുമെന്നും അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുമെന്നുമാണ് പലരുടെയും ഭീഷണി.
ജി.പി.ടി 5 അവതരിപ്പിക്കുമ്പോള്‍ തെറ്റായ അവകാശവാദങ്ങളാണ് സാം ആള്‍ട്ട്മാനും സംഘവും നടത്തിയതെന്ന് ആരോപിക്കുന്നവരുമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ചാറ്റ് ജി.പി.ടി സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കിയെന്നും ചിലര്‍ പറയുന്നു. പലരുടെയും ചാറ്റ് ലിമിറ്റ് കുറച്ചതായും ആരോപണം ഉയരുന്നുണ്ട്. ജി.പി.ടി 5 മോഡലില്‍ മൂന്ന് മണിക്കൂറിനിടെ 80 മെസേജുകള്‍ അയക്കാനാണ് ചാറ്റ് ജി.പി.ടി പ്ലസ് ഉപയോക്താക്കള്‍ക്ക് കഴിയുക. ജി.പി.ടി 5 തിങ്കിംഗ് മോഡലിലാണെങ്കില്‍ ആഴ്ചയില്‍ 200 മെസേജുകളും സാധ്യമാണ്. ഇത് അപര്യാപ്തമാണെന്നാണ് പലരുടെയും പരാതി.
എന്നാല്‍ ജി.പി.ടി പ്ലസ് ഉപയോക്താക്കള്‍ക്കുള്ള ലിമിറ്റ് വര്‍ധിപ്പിക്കുമെന്നാണ് ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്റെ പ്രതികരണം. ജി.പി.ടി 4ഒ മോഡല്‍ കുറച്ച് കാലം കൂടി ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറയുന്നു. ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ അടുത്ത ദിവസങ്ങളില്‍ സ്വീകരിക്കും. ആളുകള്‍ക്ക് ജി.പി.ടി 4ഒ ഇത്രയും പ്രിയപ്പെട്ടതാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
After the launch of GPT‑5, longtime ChatGPT users are canceling their subscriptions, citing the disappearance of older models, loss of unique AI personality, and forced upgrades. Here's what's behind the backlash.
Read DhanamOnline in English
Subscribe to Dhanam Magazine