ഹിഡന്‍ കാര്‍ ഡോറുകള്‍ നിരോധിച്ച് ചൈന; അത്ര പ്രശ്‌നക്കാരനാണോ ഈ ടെക്‌നോളജി?

ഇലക്ട്രിക് വാഹനങ്ങളില്‍ പലതിലും ഓട്ടോമാറ്റിക്/സെന്‍സര്‍ അധിഷ്ടിതമായാണ് ഇത്തരം ഹാന്‍ഡിലുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഹിഡന്‍ കാര്‍ ഡോറുകള്‍ നിരോധിച്ച് ചൈന; അത്ര പ്രശ്‌നക്കാരനാണോ ഈ ടെക്‌നോളജി?
Published on

വൈദ്യുത കാറുകളിലെ (EV) ഹിഡന്‍ ഡോര്‍ ഹാന്‍ഡിലുകള്‍ (Hidden Car Door) നിരോധിച്ച് ചൈന. ലോകത്ത് ആദ്യമായിട്ടാണ് ഒരു രാജ്യം ഈ ഡോറുകള്‍ നിരോധിക്കുന്നത്. അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം ഹാന്‍ഡിലുകള്‍ നിരോധിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത്. മറ്റ് രാജ്യങ്ങളും സമാനരീതിയിലുള്ള നീക്കം നടത്തിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്താണ് ഹിഡന്‍ ഡോര്‍?

സാധാരണ കാറുകളില്‍ ഡോര്‍ എവിടെയാണെന്ന് നമുക്ക് കൃത്യമായി കാണാന്‍ സാധിക്കും. എന്നാല്‍ ടെസ്‌ല ഉള്‍പ്പെടെയുള്ള ഇവികളില്‍ കാറിന്റെ പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന ഹാന്‍ഡില്‍ കാണാന്‍ സാധിക്കില്ല. ഹാന്‍ഡില്‍ ഡോറിനോട് ഒട്ടിച്ചേര്‍ന്ന നിലയിലാകും.

ഇലക്ട്രിക് വാഹനങ്ങളില്‍ പലതിലും ഓട്ടോമാറ്റിക്/സെന്‍സര്‍ അധിഷ്ഠിതമായാണ് ഇത്തരം ഹാന്‍ഡിലുകള്‍ പ്രവര്‍ത്തിക്കുന്നത്. വായു പ്രതിരോധം കുറച്ച് മൈലേജ് വര്‍ധിപ്പിക്കാനും പ്രീമിയം ലുക്ക് നല്കാനുമാണ് കാര്‍ നിര്‍മാതാക്കള്‍ ഈ രീതി പിന്തുടരുന്നത്. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മാത്രമല്ല ബാറ്ററി ചാര്‍ജ് തീരാറായാല്‍ ഡോര്‍ തുറക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു.

ഗുരുതരമായ അപകടം ഉണ്ടാകുമ്പോള്‍ കാറിന്റെ പവര്‍ സപ്ലൈ വിച്ഛേദിക്കപ്പെട്ട് ഡോര്‍ തുറക്കാന്‍ സാധിക്കാത്ത ചില സംഭവങ്ങള്‍ അടുത്ത കാലത്ത് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം ഹിഡന്‍ ഹാന്‍ഡിലുകള്‍ നിരോധിക്കാന്‍ ചൈനീസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഈ കാരണങ്ങളാണ്.

ആഗോള ഇവി വില്പനയില്‍ മുന്നിലുള്ള ചൈന ഈ ഹാന്‍ഡിലുകള്‍ നിരോധിക്കുന്നത് ആഗോള തലത്തില്‍ ഇത്തരം ഹാന്‍ഡിലുകള്‍ ഒഴിവാക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുമെന്നാണ് സൂചന. 2027 ജനുവരി മുതല്‍ നിരോധനം നിലവില്‍ വരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com