

ലോകത്തിലെ ആദ്യത്തെ 10ജി ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് പുറത്തിറക്കി. ഈ സാങ്കേതിക വിദ്യയിലൂടെ ഇന്റർനെറ്റ് അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാനാകുമെന്നാണ് കരുതുന്നത്. 20 GB സൈസുളള ഒരു മുഴുനീള 4K സിനിമ ഡൗൺലോഡ് ചെയ്യാൻ സാധാരണയായി 1 Gbps കണക്ഷനിൽ ഏകദേശം 7 മുതല്‍ 10 മിനിറ്റ് വരെ സമയമാണ് എടുക്കുക. എന്നാല്‍ പുതിയ 10G ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ഉപയോഗിച്ച് ഇതേ 4K ഫിലിം 20 സെക്കൻഡിനുള്ളിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ചൈനയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ ഹുവാവേയും സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ചൈന യൂണികോമും തമ്മില്‍ സഹകരിച്ചാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ നിന്ന് 70 മൈൽ തെക്ക് പടിഞ്ഞാറായിയുളള ഹെബെയിലെ ഭാവി മെഗാസിറ്റിയായ സിയോങ്‌ആനിലാണ് 10G നെറ്റ്‌വർക്ക് അവതരിപ്പിച്ചിരിക്കുന്നത്.
സെക്കൻഡിൽ 9,834 മെഗാബൈറ്റ്സ് (Mbps) ആണ് നെറ്റ്‌വർക്കിന്റെ വേഗത. വാണിജ്യപരമായ ഉപയോഗത്തിനുളള ലോകത്തിലെ ഏറ്റവും വേഗതയേറിയ ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കാക്കി ഇതിനെ മാറ്റുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഖത്തർ തുടങ്ങിയ രാജ്യങ്ങള്‍ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് നെറ്റ്‌വർക്ക് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, വാണിജ്യ ആവശ്യങ്ങള്‍ക്ക് വളരെ കുറവായാണ് അവ ഉപയോഗിക്കുന്നത്.
പരമ്പരാഗത ഫൈബർ-ഒപ്റ്റിക് സാങ്കേതിക വിദ്യയേക്കാള്‍ മികച്ച ഡാറ്റാ ട്രാൻസ്മിഷൻ വേഗത വാഗ്ദാനം ചെയ്യുന്ന നെക്സ്റ്റ് ജെന്‍ 50G പാസീവ് ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് (PON) സാങ്കേതികവിദ്യയാണ് ഇതിലുപയോഗിക്കുന്നത്. 3 മില്ലിസെക്കൻഡിൽ താഴെയാണ് നെറ്റ്‌വർക്കിന്റെ ലേറ്റൻസിയെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു നെറ്റ്‌വർക്കിൽ ഡാറ്റ പാക്കറ്റ് അതിന്റെ ഉറവിടത്തിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാൻ എടുക്കുന്ന സമയത്തെയാണ് ലേറ്റൻസി എന്നു പറയുന്നത്.
ചൈനയിലെ നിർദ്ദിഷ്ട മെഗാസിറ്റിയുടെ വികസനം വേഗത്തിലാക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ബീജിംഗ്, ഷെൻഷെൻ, ഷാങ്ഹായ്, ഗ്വാങ്‌ഷൂ തുടങ്ങിയ പ്രധാന നഗരങ്ങൾക്കിടയിൽ മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി 10ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുളള ഒരുക്കങ്ങളിലാണ് ചൈനീസ് സര്‍ക്കാര്‍.
വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, സെൽഫ്-ഡ്രൈവിംഗ് കാർ നെറ്റ്‌വർക്കുകൾ, കുറഞ്ഞ ലേറ്റൻസി ആവശ്യമുളള ആശയവിനിമയ മേഖല തുടങ്ങിയ രംഗങ്ങളില്‍ ഈ സാങ്കേതിക വിദ്യക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ടെലിമെഡിസിൻ, വിദൂര വിദ്യാഭ്യാസം, സ്മാർട്ട് കൃഷി തുടങ്ങിയ മേഖലകളിലും മികച്ച പുരോഗതി നേടാന്‍ ഇത് സഹായിക്കും.
China launches world's first 10G broadband network, revolutionizing internet speed and connectivity.
Read DhanamOnline in English
Subscribe to Dhanam Magazine