ചൈനയില്‍ കുട്ടികള്‍ ഒരു മണിക്കൂര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍
കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം കൂടി വരുന്നതിനാല്‍ നിയന്ത്രണണവുമായി ചൈന. 18 വയസില്‍ താഴെയുള്ളവര്‍ക്കാണ് പ്രധാനമായും ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ 6 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് വിഛേദിക്കാന്‍ നിര്‍ദേശമുണ്ട്.
നിയന്ത്രണങ്ങളുടെ ഭാഗമായി 'മൈനര്‍ മോഡ്' പ്രോഗ്രാമുകള്‍ സൃഷ്ടിക്കണമെന്ന് രാജ്യത്തെ മുന്‍നിര ഇന്റര്‍നെറ്റ് റെഗുലേറ്ററായ സൈബര്‍സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ (സി.എ.സി) സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളോടും ആപ്പ് ഡെവലപ്പേഴ്‌സിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സമയത്തിലെ നിയന്ത്രണങ്ങള്‍
സമയത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസം 40 മിനിറ്റ് മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകൂ എന്ന് നിര്‍ദ്ദേത്തില്‍ പറയുന്നു. 8 മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു മണിക്കൂര്‍ നേരവും. 16 വയസ്സിന് മുകളിലും 18 വയസ്സിന് താഴെയുമുള്ള കൗമാരക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ സമയമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം ചില വിദ്യാഭ്യാസ, അടിയന്തര സേവനങ്ങള്‍ സമയപരിധിക്ക് വിധേയമാകില്ല. സെപ്തംബര്‍ 2 വരെ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പൊതുജനാഭിപ്രായം അറിയിക്കാമെന്ന് സൈബര്‍സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.
കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ രാജ്യത്തെ ചില മുന്‍നിര ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ ഹോങ്കോങ്ങില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ ഇടിഞ്ഞിരുന്നു. ടെക് കമ്പനികള്‍ക്ക് പുതിയ നടപടികള്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാം.രണ്ട് വര്‍ഷം മുമ്പ് സൈബര്‍സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ 18 വയസ്സിന് താഴെയുള്ള ഓണ്‍ലൈന്‍ ഗെയിമര്‍മാരെ പ്രവൃത്തിദിവസങ്ങളില്‍ ഗെയിംകളിക്കുന്നതില്‍ നിന്ന് വിലക്കുകയും വാരാന്ത്യങ്ങളില്‍ അവര്‍ ഗെയിംകളിക്കുന്നത് മൂന്ന് മണിക്കൂറായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.