

ഡിജിറ്റല്‍ കുതിപ്പിന് കളമൊരുക്കി സൗദി അറേബ്യയും ചൈനയും സഹകരണ നീക്കം തുടങ്ങി. ചൈനീസ് ടെക്‌നോളജി കമ്പനികള്‍ക്ക് സൗദിയില്‍ കൂടുതല്‍ അവസരങ്ങളാണ് ഒരുങ്ങുന്നത്. പ്രമുഖ കമ്പനിയായ ലെനോവോയുടെ ഫാക്ടറി റിയാദില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. ഡിജിറ്റല്‍ രംഗത്തെ 600 ബഹുരാഷ്ട്ര കമ്പനികളാണ് ഇതിനകം സൗദിയില്‍ എത്തിയിട്ടുള്ളത്. സൗദി സര്‍ക്കാരിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിദേശ കമ്പനികള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തദ്ദേശീയമായ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദേശ ടെക് കമ്പനികള്‍ക്ക് ഫാക്ടറികള്‍ സ്ഥാപിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തദ്ദേശ വിപണിയില്‍ വില്‍പ്പന നടത്താനുമുള്ള അവസരങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ ചൈനയുടെ പ്രധാന വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ.
റിയാദില്‍ ലെനോവോയുടെ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഫാക്ടറിയുടെ നിര്‍മാണമാണ് നടക്കുന്നത്. കമ്പനിയുടെ മേഖലാ ആസ്ഥാനം റിയാദില്‍ തുടങ്ങുന്നതിനും ധാരണയായിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ കമ്പനിയുടെ റിസര്‍ച്ച് സെന്റര്‍, മാര്‍ക്കറ്റിംഗ് ഡിവിഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് റിയാദില്‍ ആകും. ലെനോവ സൗദിയില്‍ 1,000 കോടി ഡോളറാണ് അടുത്ത നാല് വര്‍ഷത്തിനിടെ നിക്ഷേപിക്കുക. വിദേശ കമ്പനികള്‍ക്ക് അടുത്ത 30 വര്‍ഷത്തേക്ക് കോര്‍പ്പറേറ്റ് നികുതി ഇളവ് നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 600 വിദേശ കമ്പനികള്‍ സൗദിയില്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine