'ഈ ക്യൂആർ കോഡ് ഒന്നു സ്കാൻ ചെയ്യൂ', ചൈനയിലെ ഭിക്ഷാടകരുടെ സ്റ്റൈൽ ഇതാണ്

'ഈ ക്യൂആർ കോഡ് ഒന്നു സ്കാൻ ചെയ്യൂ', ചൈനയിലെ ഭിക്ഷാടകരുടെ സ്റ്റൈൽ ഇതാണ്
Published on

പഴയ ടിൻ പാത്രവും കുലുക്കി ഭിക്ഷ യാചിക്കുന്ന ആളുകൾ ഇനി ചൈനയിൽ പഴങ്കഥ. കഴുത്തിൽ തൂക്കിയ ക്യൂആർ കോഡുമായാണ് അവിടത്തെ യാചകർ ഭിക്ഷ തേടുന്നത്. ഭിക്ഷാടകർ വരെ ഇവിടെ ഹൈടെക്ക് ആയിരിക്കുകയാണെന്ന് ചുരുക്കം.

രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് ഇവർ കൂട്ടമായെത്തുന്നത്. ചൈനയിലെ പ്രമുഖ ഇ-വാലറ്റ് കമ്പനികളായ ആലിപേ, വിചാറ്റ് വാലറ്റ് എന്നിവയുൾപ്പെടെയുള്ള പേയ്മെന്റ് ആപ്പുകൾ വഴി പണം കൈമാറാം. ഈ ആപ്പുകൾ ഉപയോഗിച്ച് അവരുടെ ടാഗിൽ ഉള്ള ക്യൂആർ കോഡ് സ്കാൻ ചെയ്‌താൽ മതി.

നമ്മുടെ അക്കൗണ്ടിൽ നിന്നുള്ള പണം യാചകരുടെ ഡിജിറ്റൽ വാലറ്റുകളിലേക്കാണ് പോകുന്നത്. എന്നാൽ സ്മാർട്ട്ഫോൺ ഇല്ലെങ്കിലും അവർക്ക് ഈ പണം ഉപയോഗിക്കാം. ഇതേ ക്യൂആർ കോഡ് ഉപയോഗിച്ച് അവർക്ക് ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാം. ഇവർക്ക് ബാങ്ക് അക്കൗണ്ട് പോലും വേണമെന്നില്ല.

എന്നാൽ ഓരോ തവണയും ഈ  ക്യൂആർ കോഡ് സ്കാൻ ചെയ്യപ്പെടുമ്പോൾ, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന കമ്പനികൾ യാചകർക്ക് പണം നൽകും എന്നാണ് ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്കാൻ ചെയ്യുന്ന ആളുകളുടെ ഡേറ്റ എടുത്ത് മറ്റു കമ്പനികൾക്ക് വിൽക്കുകയാണെന്നും ആക്ഷേപമുണ്ട്.

എന്തൊക്കെയായാലും 'കാഷ്‌ലെസ്സ് ഇക്കോണമി' എന്ന ആശയത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ചൈന. കൂണു മുളയ്ക്കുന്ന പോലെ എന്നൊക്കെ കേട്ടിട്ടില്ലേ? അതുപോലെ തന്നെയാണ് ചൈനയിലെ ടെക്നോളജി കമ്പനികളുടെ കാര്യവും.

2009 നും 2014 നുമിടയിൽ അവിടത്തെ ടെക്ക് കമ്പനികളുടെ എണ്ണത്തിൽ  ഇരട്ടിയിലധികം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ചൈനക്കാർ ടെക്നോളജി ഉപയോഗത്തിൽ മുന്നിലാകുന്നത് തികച്ചും സ്വാഭാവികം.

ലോകത്തെ ഏറ്റവും മികച്ച 20 ടെക്ക് കമ്പനികളിൽ 9 എണ്ണവും ചൈനയിലാണ്. ചൈന മൊബൈൽ, ടെൻസെന്റ്, ആലിബാബ, ബൈഡു, ഷവോമി എന്നിവയാണ് ചൈനയിലെ പ്രധാന കമ്പനികൾ. ചൈനയിൽ ഒരു വർഷം 100,000 സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരാണ് പഠിച്ചിറങ്ങുന്നതെന്നുകൂടി പറയുമ്പോൾ രാജ്യത്ത് ടെക്നോളജിയ്ക്കുള്ള സ്വാധീനം എത്രയെന്ന് പറയാതെതന്നെ മനസിലാക്കാം.     

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com