ചാറ്റ് ജിപിടിയുടെ ചൈനീസ് എതിരാളി 'ഏണി'; പ്രതീക്ഷിച്ചത്ര പോരെന്ന് റിപ്പോര്‍ട്ട്
ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിക്ക് (Chat gpt) ഒരു എതിരാളിയായി നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടായ 'ഏണി' (Ernie) ബോട്ട് ചൈനീസ് സേര്‍ച്ച് എന്‍ജിന്‍ ബെയ്ദു (Baidu) അവതരിപ്പിച്ചു.
ബെയ്ദുവിന്റെ ഏണി ബോട്ട്
ഇന്ന് ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സേര്‍ച് എന്‍ജിനാണ് ചൈനയുടെ ബെയ്ദു. എല്ലാ വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ബെയ്ദു അവതരിപ്പിച്ച ഒന്നാണ് ഏണി ബോട്ട്. ബെയ്ജിങ്ങിലെ ഹയ്ഡിയന്‍ ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെയ്ദുവിന്റെ സിഇഒയും സ്ഥാപകനുമായ റോബിന്‍ ലിയാണ് ഏണി അവതരിപ്പിച്ചത്. ചാറ്റ്ജിപിടി പോലൊരു ചാറ്റ്‌ബോട്ട്. ഇതാണ് ബെയ്ദു ലക്ഷ്യമിടുന്നത്.
പ്രതീക്ഷിച്ച അത്ര പോര
ലോകത്തെ എല്ലാ വ്യവസായങ്ങളിലും എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ഉടനുണ്ടാകും. എല്ലാ രീതിയിലും പൂര്‍ണ്ണമല്ലെങ്കിലും വിപണി ഇന്ന് ആവശ്യപ്പെടുന്ന ഒന്നാണ് ഈ സാങ്കേതിക വിദ്യ. അതുകൊണ്ടാണ് അതിവേഗം തന്നെ ഏണി ബോട്ട് അവതരിപ്പിച്ചതെന്ന് റോബിന്‍ ലി പറഞ്ഞു. എന്നാല്‍ ഉപഭോക്താക്കള്‍ പ്രതീക്ഷിച്ച അത്ര മികച്ചതായിരുന്നില്ല ഏണി എന്നുള്ള റിപ്പോര്‍ട്ടുകള്‍ പിന്നാലെ പുറത്തുവന്നു. ഇതോടെ ബെയ്ദുവിന്റെ ഓഹരികള്‍ 10 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
ചാറ്റ് ജിപിടിയുടെ വരവ്
കഴിഞ്ഞ നവംബര്‍ 30ന് ആണ് ലോകത്തെ ഞെട്ടിച്ച് ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടി പുറത്തിറങ്ങിയത്. അതിവേഗം ഇത് ജനശ്രദ്ധയാകര്‍ഷിച്ചു. ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നു. പിന്നാലെ ചാറ്റ്ജിപിടിക്ക് ബദല്‍ എന്ന നിലയില്‍ ഗൂഗിളിന്റെ ബാര്‍ഡ് എത്തി. മൈക്രോസോഫ്റ്റും ഈ രംഗത്തെത്തി.