ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പിന് വമ്പന്‍ ഡിമാന്‍ഡ്; സര്‍വത്തില്‍ കോഗ്‌നിസന്റിന് കണ്ണ്, ലക്ഷ്യമെന്ത്?

2023 ഓഗസ്റ്റില്‍ ബെംഗളൂരുവില്‍ വിവേക് രാഘവനും പ്രത്യുഷ് കുമാറും ചേര്‍ന്നാണ് സര്‍വം എഐ സ്ഥാപിക്കുന്നത്
ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പിന് വമ്പന്‍ ഡിമാന്‍ഡ്; സര്‍വത്തില്‍ കോഗ്‌നിസന്റിന് കണ്ണ്, ലക്ഷ്യമെന്ത്?
Published on: 

ഇന്ത്യന്‍ നിര്‍മിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ സര്‍വം എഐയില്‍ (Sarvam AI) നിക്ഷേപിക്കാനൊരുങ്ങി മുന്‍നിര ഗ്ലോബല്‍ ഐടി കമ്പനിയായ കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് (CTS). പുതിയ ഫണ്ടിംഗിലൂടെ ഏകദേശം 2,700 കോടി രൂപ സമാഹരിക്കാനാണ് സര്‍വം ലക്ഷ്യമിടുന്നത്.

സര്‍വം എഐയില്‍ ചെറിയൊരു ഓഹരി പങ്കാളിത്തം സ്വന്തമാക്കാന്‍ കോഗ്നിസന്റി് സാധിക്കും. ഈ നിക്ഷേപം യാഥാര്‍ത്ഥ്യമായാല്‍ സര്‍വം എഐയുടെ വിപണിമൂല്യം 31,000 കോടി മുതല്‍ 35,000 കോടി രൂപ വരെയായി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

കോഗ്‌നിസന്റിന്റെ ലക്ഷ്യമെന്ത്?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച പരമ്പരാഗത ഐടി സേവന കമ്പനികളുടെ ബിസിനസ് മാതൃകയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. സോഫ്റ്റ്വെയര്‍ വികസനം, ആപ്ലിക്കേഷന്‍ മെയിന്റനന്‍സ്, ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ എഐ ഏജന്റുകള്‍ മനുഷ്യരുടെ ഇടപെടല്‍ കുറയ്ക്കുകയാണ്. ഇത് പരമ്പരാഗത ഐടി കമ്പനികളുടെ വരുമാനം ചോര്‍ത്താന്‍ കാരണമായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പരമ്പരാഗത സേവനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളിലും സാങ്കേതികവിദ്യകളിലും നിക്ഷേപം വര്‍ധിപ്പിക്കാനാണ് കോഗ്‌നിസന്റിന്റെ ശ്രമം. എഐ ഉല്‍പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുന്ന കമ്പനികളിലെ നിക്ഷേപവും ഏറ്റെടുക്കലുകളും ഈ തന്ത്രത്തിന്റെ ഭാഗമാണ്.

എന്താണ് സര്‍വം എഐയുടെ പ്രത്യേകത

വിവേക് രാഘവനും പ്രത്യുഷ് കുമാറും ചേര്‍ന്ന് സ്ഥാപിച്ച സര്‍വം എഐ, ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള എഐ മോഡലുകള്‍ വികസിപ്പിക്കുന്ന കമ്പനിയാണ്. ഓപ്പണ്‍എഐ, ഗൂഗിള്‍, ആന്ത്രോപിക് തുടങ്ങിയ ആഗോള എഐ കമ്പനികളോട് മത്സരിക്കാനുള്ള സാങ്കേതിക ശേഷി വളര്‍ത്തുന്നതിനൊപ്പം ഇന്ത്യന്‍ ഭാഷകള്‍ക്കും പ്രാദേശിക ആവശ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് സര്‍വത്തിന്റെ പ്രത്യേകത.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഡാറ്റയും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് എഐ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡാറ്റ സുരക്ഷ, ചെലവ് നിയന്ത്രണം, ഇന്ത്യന്‍ ഭാഷകളിലുള്ള സേവനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളുമാണ് സര്‍വത്തിന്റെ പ്രധാന ഉപഭോക്തൃ വിഭാഗങ്ങള്‍.

സ്റ്റാര്‍ട്ടപ്പില്‍ തുടക്കം, വളര്‍ച്ച ഞൊടിയിടയില്‍

2023 ഓഗസ്റ്റില്‍ ബെംഗളൂരുവില്‍ വിവേക് രാഘവനും പ്രത്യുഷ് കുമാറും ചേര്‍ന്നാണ് സര്‍വം എഐ സ്ഥാപിക്കുന്നത്. വിദേശ കമ്പനികള്‍ വികസിപ്പിക്കുന്ന എഐ മോഡലുകളെ മാത്രം ആശ്രയിക്കാതെ ഇന്ത്യന്‍ ഭാഷകള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. തുടക്കമിട്ട് മാസങ്ങള്‍ക്കുള്ളില്‍ ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സിന്റെ നേതൃത്വത്തില്‍ ഏകദേശം 342 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചത് കമ്പനിക്ക് ഗുണം ചെയ്തു.

ഇന്ത്യന്‍ ഭാഷകളില്‍ സംസാരിക്കാനും എഴുതാനും വിവരങ്ങള്‍ വിശകലനം ചെയ്യാനും ശേഷിയുള്ള എഐ മോഡലുകള്‍ വികസിപ്പിച്ചാണ് സര്‍വം ശ്രദ്ധ നേടിയത്. സംഭാഷണാധിഷ്ഠിത എഐ സംവിധാനങ്ങള്‍, ശബ്ദത്തെ എഴുത്താക്കി മാറ്റുന്ന സാങ്കേതികവിദ്യ, ഇന്ത്യന്‍ ഭാഷകളിലുള്ള ടെക്സ്റ്റ് ടു സ്പീച്ച് സേവനങ്ങള്‍, രേഖകളില്‍നിന്ന് വിവരങ്ങള്‍ തിരിച്ചറിയുന്ന സര്‍വം വിഷന്‍ തുടങ്ങിയവ കമ്പനി അവതരിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com