

ഐടി രംഗത്തെ മുന്‍നിരക്കാരായ കോഗ്നിസന്റ് (Cognizant) ആഗോള തലത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവു വരുത്താന്‍ ഒരുങ്ങുന്നു. ജീവനക്കാരില്‍ 12,000 മുതല്‍ 15,000 പേരെ പിരിച്ചുവിടാനാണ് നീക്കം. ഇന്ത്യയിലാകും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയെന്നാണ് വിവരം.
നിലവില്‍ 3,57,000 ജീവനക്കാര്‍ കമ്പനിക്ക് ആഗോളതലത്തിലുണ്ട്. ഇതില്‍ 2,50,000 ജോലിക്കാരും ഇന്ത്യയിലാണ്.
പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ നല്കാന്‍ വേണ്ടി മാത്രം കോഗ്നിസന്റ് ഇന്ത്യയ്ക്ക് 230-320 മില്യണ്‍ ഡോളര്‍ ചെലവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ കോഗ്നിസന്റ് ജീവനക്കാരുടെ വാര്‍ഷിക ശമ്പളം 15 ലക്ഷം രൂപയ്ക്ക് മുകളിലാണ്. പിരിച്ചുവിടപ്പെടുന്ന ഓരോ ജീവനക്കാരനും 7.5 ലക്ഷം രൂപ വരെ ലഭിക്കും.
പ്രൊജക്ട് ലീപ് എന്നു പേരിട്ടിരിക്കുന്ന പിരിച്ചുവിടല്‍ പദ്ധതി പ്രകാരം കോടികള്‍ നഷ്ടപരിഹാരമായി നല്‌കേണ്ടി വരും. ആഗോള തലത്തില്‍ ഐടി മേഖലയില്‍ ഉണ്ടായിരിക്കുന്ന മാറ്റത്തിന് അനുസൃതമായാണ് കോഗ്നിസന്റും മുന്നോട്ടു പോകുന്നതെന്ന് സിഇഒ എസ്. രവികുമാര്‍ പ്രതികരിച്ചു.
ആമസോണ്‍, മെറ്റ തുടങ്ങി വന്‍കിട കമ്പനികള്‍ അടുത്തിടെ വലിയ തോതില്‍ ജീവനക്കാരുടെ പിരിച്ചുവിടലിന് തുടക്കമിട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലേക്ക് ഐടി കമ്പനികള്‍ മാറുന്നതിന്റെ ഫലമായാണ് മാറ്റം.
എഐയുടെ കടന്നുവരവ് ഐടി മേഖലയെ വലിയതോതില്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം പല കമ്പനികളിലും ദൃശ്യമാണ്. ആമസോണ്‍ 30,000ത്തോളം ജീവനക്കാരെ ഒഴിവാക്കിയത് കഴിഞ്ഞ നാല് മാസത്തിനിടെയാണ്. മെറ്റയില്‍ നിന്ന് പിരിഞ്ഞു പോയവരുടെ എണ്ണം 8,000ത്തിന് അടുത്ത്. ഒറാക്കിള്‍ ആയിരത്തിലേറെ പേരെയും പിരിച്ചുവിട്ടു. ഫ്രെഷ്‌വര്‍ക്ക്‌സ് ജീവനക്കാരെ പുനക്രമീകരിച്ച് 500ലേറെ പേരെ ഒഴിവാക്കി. ഇതെല്ലാം സംഭവിച്ചത് കഴിഞ്ഞ ആറുമാസത്തിനിടയിലാണ്.
ഐടി രംഗം മുമ്പത്തെ പോലെ ആയിരിക്കില്ലെന്ന സൂചനകളാണ് ഇത് നല്കുന്നത്. 2026ല്‍ ഇതുവരെ മാത്രം ആഗോളതലത്തില്‍ 1,21,000 പേര്‍ക്കാണ് ഐടി രംഗത്ത് തൊഴില്‍ നഷ്ടമായത്. ഇതില്‍ 92,000 പിരിച്ചുവിടലുകളും ഏപ്രിലിലാണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
2026ലെ ആദ്യ മൂന്നു മാസത്തില്‍ 78,557 പേര്‍ക്കാണ് ജോലി നഷ്ടമായത്. 48 ശതമാനം തൊഴില്‍ നഷ്ടങ്ങളിലും എഐ ആണ് വില്ലന്‍. മുമ്പും പിരിച്ചുവിടലുകള്‍ വ്യാപകമായി സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ സ്ഥിതിവിശേഷമല്ല ഇപ്പോള്‍. മുമ്പ് സാമ്പത്തികമാന്ദ്യം പോലുള്ള കാര്യങ്ങളായിരുന്നു തൊഴില്‍ശേഷി കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചിരുന്നത്. പിന്നീട് സാമ്പത്തികനില മെച്ചപ്പെടുമ്പോള്‍ റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാലിപ്പോള്‍ എഐയെ വിന്യസിച്ച് തൊഴിലാളികളെ ഒഴിവാക്കുന്നതാണ് രീതി. ഭാവിയില്‍ ഈ റോളുകള്‍ എഐ തന്നെ നിര്‍വഹിക്കുന്നു. അപകടകരമായ അവസ്ഥയിലൂടെയാണ് ഐടി രംഗം കടന്നുപോകുന്നതെന്നാണ് പൊതുവിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine