കൊറോണ: വന്‍ 'ഡീലുകള്‍' ഇഴയുന്നതിന്റെ ദഃഖത്തില്‍ ഐ ടി കമ്പനികള്‍

കൊറോണ: വന്‍ 'ഡീലുകള്‍' ഇഴയുന്നതിന്റെ ദഃഖത്തില്‍      ഐ ടി കമ്പനികള്‍
Published on

കൊറോണ വൈറസിലൂടെ ഐ ടി മേഖല നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക ആഘാതം രൂക്ഷ സ്വഭാവമാര്‍ജിക്കുന്നു. ഒട്ടേറെ വന്‍ പദ്ധതികള്‍ ഇതുമൂലം അനിശ്ചിത്വത്തിലാകുന്നതിന്റെ നഷ്ടമൊഴിവാക്കാന്‍ ഐ ടി കമ്പനികള്‍ക്കു തല്‍ക്കാലം സാധ്യമാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരുടെ രാജ്യാന്തര സഞ്ചാരത്തിന് നിയന്ത്രണം വന്നതിനാല്‍ വലിയ ഡീലുകള്‍ നേടിയെടുക്കുന്നതിലും വിജയത്തിലെത്തിക്കുന്നതിലും ഐ ടി സേവന സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷത്തിലെ ആദ്യ പകുതിയില്‍ കാലതാമസം നേരിടുമെന്നുറപ്പായിക്കഴിഞ്ഞതായി ഔട്ട്സോഴ്സിംഗ് ഉപദേശകര്‍ പറയുന്നു. തീരുമാനമെടുക്കുന്നതില്‍ സ്വാഭാവികമായ കാലതാമസവും വരുന്നുണ്ട്, പുതിയ സാഹചര്യത്തില്‍. തൊട്ടടുത്ത സമയത്തെങ്ങും ഈയവസ്ഥയില്‍ മാറ്റം പ്രതീക്ഷിക്കാനാകില്ല. വരുമാനത്തിന്റെ നട്ടെല്ലായി മാറുന്ന വന്‍ ഇടപാടുകള്‍ വൈകുന്നത് മേഖലയുടെ സാമ്പത്തിക സ്ഥിതിയില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും - ഔട്ട്സോഴ്സിംഗ്  ഉപദേശക സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പീറ്റര്‍ ബെന്‍ഡര്‍ സാമുവല്‍ പറഞ്ഞു.

ചൈനയിലേക്കു മാത്രമല്ല  ഇറ്റലി, ഫ്രാന്‍സ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് എല്ലാ ഐടി സേവന കമ്പനികളും ഇതിനകം യാത്രാ നിയന്ത്രണങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്. യുഎസിലേക്കും അനിവാര്യമല്ലാത്ത യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. വലിയ ഡീലുകളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. ഇന്ത്യന്‍ കമ്പനികളുടെ വരുമാനത്തിന്റെ 60 ശതമാനം സ്രോതസ് വലിയ ഡീലുകളാണ്.

യാത്ര, വിനോദം, ഫാഷന്‍,ഓട്ടോമോട്ടീവ് മേഖലകളിലും പദ്ധതികള്‍ മാറ്റിവയ്ക്കുകയാണ്. എല്ലാ വ്യവസായങ്ങളിലെയും കക്ഷികള്‍ മീറ്റിംഗുകള്‍ റദ്ദാക്കുന്നു,  യാത്ര നിയന്ത്രിക്കുന്നു. ചിലരാകട്ടെ അവരുടെ കാമ്പസുകള്‍ അടയ്ക്കുന്നു.ഐ.ടി ബിസിനസിനെ മൊത്തമായും ഇതു ബാധിക്കുന്നുണ്ടെന്ന് ബെന്‍ഡര്‍ സാമുവല്‍ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ട അക്ക വളര്‍ച്ച വരുമാനത്തില്‍ രേഖപ്പെടുത്തിയ ഇന്‍ഫോസിസ് ആദ്യ ഒമ്പത് മാസങ്ങളില്‍ 7.3 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വലിയ ഡീലുകള്‍ നേടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.28 ബില്യണ്‍ ഡോളറിന്റെ വലിയ കരാറുകളാണ് നേടിയത്. മാര്‍ക്കറ്റ് ലീഡര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 18 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വലിയ ഡീലുകള്‍ നേടി. എലൈറ്റ് സൊല്യൂഷനില്‍ നിന്നുള്ള 1.5 ബില്യണ്‍ ഡോളര്‍ കരാര്‍ ഉള്‍പ്പെടെ കാര്യമായ വിജയങ്ങള്‍ വിപ്രോയും കരസ്ഥമാക്കി.

മാസങ്ങളെടുത്തുള്ള പ്രക്രിയകളിലൂടെയാണ് ഐ ടി സേവന മേഖലയിലെ വലിയ കരാറുകള്‍ രൂപം കൊള്ളുന്നത്. ഡീലുകള്‍ ഒപ്പുവെച്ചുകഴിഞ്ഞാല്‍, ജീവനക്കാരുടെ അധിക തോതിലുള്ള യാത്രയും ആവശ്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇതൊന്നും സുഗമമായി നടക്കില്ല- ഐ ടി ഔട്ട്സോഴ്‌സിംഗ് ഉപദേശകനും പരീഖ് കണ്‍സള്‍ട്ടിംഗിന്റെ സ്ഥാപകനുമായ പരീഖ് ജെയിന്‍ പറഞ്ഞു. ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓംഡിയയിലെ സീനിയര്‍ അനലിസ്റ്റ് ഹന്‍സ അയ്യങ്കാര്‍ പറയുന്നതനുസരിച്ച്, വൈറസിന്റെ കൂടുതല്‍ വ്യാപനം ഈ വേനല്‍ക്കാലത്ത് തന്നെ തടയാന്‍ കഴിഞ്ഞാലും 2020 ന്റെ രണ്ടാം പകുതിയിലേ ബിസിനസ്സ് സാധാരണ നിലയിലാകൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com