കോവിഡ് 'ഡിജിറ്റലാക്കിയത്' 30 ദശലക്ഷം പേരെ

ലോകം തന്നെ ഏറെ പ്രതിസന്ധിയിലായ കാലമാണ് കോവിഡ് കാലം. ലോകം ഇപ്പോഴും കോവിഡില്‍ നിന്ന് മുക്തമായില്ലെങ്കിലും ചില ഗുണങ്ങളും കോവിഡ് ജനങ്ങളിലുണ്ടാക്കിയിട്ടുണ്ട്. ഇതുവരെ ഡിജിറ്റല്‍ ലോകത്തേക്ക് പ്രവേശിക്കാത്ത 30 ദശലക്ഷമാളുകളാണ് ലോകത്ത് കോവിഡ് കാരണം ഡിജിറ്റല്‍ കഴിവുകള്‍ നേടിയെടുത്തത്. സാമൂഹ്യ അകലം പാലിക്കുന്നത് നിര്‍ബന്ധമായതോടെ പലരും ഓണ്‍ലൈന്‍ രംഗത്തേക്ക് മാറുകയായിരുന്നു.

ഇന്ത്യയില്‍നിന്നുള്ള മൂന്ന് ദശലക്ഷം ആളുകള്‍ അടക്കം 249 രാജ്യങ്ങളില്‍നിന്നായി 30 ദശലക്ഷം പേര്‍ കോവിഡ് കാലത്ത് ഡിജിറ്റല്‍ വൈദഗ്ധ്യം നേടിയതായി മൈക്രോസോഫ്റ്റ് പറയുന്നു. കഴിഞ്ഞ ജൂണില്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പറഞ്ഞ 25 ദശലക്ഷം എന്ന കണക്കിനേക്കാള്‍ കൂടുതലാണിത്.
2021 ല്‍ ആഗോളതലത്തില്‍ 250,000 കമ്പനികള്‍ക്ക് നൈപുണ്യമുള്ള ജീവനക്കാരെ നിയമിക്കുന്നതിന് മൈക്രോസോഫ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും ഇതിന് സഹായമൊരുക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ലിങ്ക്ഡ്ഇനുമായി ചേര്‍ന്ന്, കൂടുതല്‍ സമഗ്രമായ കഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള തൊഴില്‍ വിപണി വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്നതിലൂടെ മൈക്രോസോഫ്റ്റ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനര്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ലിങ്ക്ഡ്ഇനിലൂടെ 250,000 കമ്പനികളില്‍ പുതിയതും നിലവിലുള്ളതുമായ ഒഴിവുകളില്‍ നൈപുണ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്.
ഇന്ത്യയില്‍, സര്‍ക്കാര്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് രാജ്യത്ത് ശക്തമായ ഡിജിറ്റല്‍ സ്‌കില്ലിംഗ് ഇക്കോസിസ്റ്റം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് മൈക്രോസോഫ്റ്റ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് ഇന്ത്യയിലെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി (എന്‍എസ്ഡിസി) കൈകോര്‍ത്തു.
ഇന്ത്യയിലെ വ്യവസായ പരിശീലന സ്ഥാപനങ്ങളിലെ (ഐടിഐ) വിദ്യാര്‍ത്ഥികള്‍ക്ക് പഠന പാത സൃഷ്ടിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിംഗ് (ഡിജിടി), നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ), നാസ്‌കോം ഫൗണ്ടേഷന്‍ എന്നിവയുമായും മൈക്രോസോഫ്റ്റ് സഹകരിക്കുന്നുണ്ട്.


Related Articles
Next Story
Videos
Share it