തട്ടിപ്പിന് കോവിഡ് വാക്‌സിനേഷന്‍ ലിങ്കും, ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകും!

കോവിഡ് വാക്‌സിന്‍ കിട്ടാക്കനിയാണിപ്പോള്‍. അപ്പോഴാണ് മൊബീല്‍ ഫോണില്‍ വാക്‌സിനേഷന്‍ സ്‌ളോട്ട് സംബന്ധിച്ച മെസേജ് വരുന്നത്. ചാടിവീണ് അതില്‍ ക്ലിക്ക് ചെയ്താല്‍ ചിലപ്പോള്‍ എക്കൗണ്ടില്‍ നിന്ന് പണം വരെ നഷ്ടമായേക്കാം. കോവിഡ് കാലത്ത് ബാങ്കിംഗ് തട്ടിപ്പുകളുടെ പുതിയ രൂപം ഇതൊക്കെയാണെന്ന് മുന്നറിയിപ്പ് നല്‍കുന്നത് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ തന്നെയാണ്.

ഒരിക്കല്‍ പോലും കോവിഡ് വാക്‌സിനേഷനായി കോവിന്‍ പോര്‍ട്ടലില്‍ കയറാത്തവരുടെ ഫോണിലേക്ക് വരെ ഒടിപി വരുന്നുണ്ട്. അതുപോലെ തന്നെ കോവിഡ് വാക്‌സിനേഷനായി ക്ലിക്ക് ചെയ്യുക എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലിങ്കും മെയ്‌ലുകളും പലയിടത്തുനിന്നും പലര്‍ക്കും ലഭിക്കുന്നുണ്ട്. നിങ്ങള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഓണ്‍ലൈന്‍ പേമെന്റ് ആപ്പിലേക്ക് അത് ഡയറക്റ്റ് ചെയ്യപ്പെടുകയും ആപ്പ് ഓപ്പണ്‍ ആകാനും ഇടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യുപിഐ ആപ്പിലെ ഓട്ടോ ഡെബിറ്റ് സംവിധാനം വഴി പണം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ബാങ്കുകള്‍ നല്‍കുന്നത്.

തട്ടിപ്പില്‍ തട്ടിവീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

$ പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് വരുന്ന എസ് എം എസുകളില്‍ കയറി ക്ലിക്ക് ചെയ്യാതിരിക്കുക.

$ നിങ്ങളുടെ ബാങ്കിന്റേതെന്ന വിധത്തില്‍ വരുന്ന വരുന്ന മെയ്‌ലുകള്‍, ബാങ്കില്‍ നിന്ന് തന്നെ വന്നതാണെന്ന് ഉറപ്പാക്കി മാത്രം ഓപ്പണ്‍ ചെയ്യുക.

$ കോവിഡ് വാക്‌സിനേഷന്‍ നേരത്തെ നടത്താം, ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാണ്, ഐസിയു സൗകര്യങ്ങളും കിടക്കകളും റെഡിയാണ്, റെംഡെസിവര്‍ ഇവിടെ കിട്ടും എന്നിങ്ങനെ പലവിധ സഹായ വാഗ്ദാനവുമായി വരുന്ന സോഷ്യല്‍ മീഡിയ ലിങ്കുകള്‍, കോളുകള്‍, ഇ മെയ്‌ലുകള്‍, എസ്എംഎസുകള്‍ എന്നിവയെല്ലാം പണം തട്ടിയെടുക്കാനുള്ള പുതുവഴികളാകാം. ഇത്തരം ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യരുത്.

$ സര്‍ക്കാര്‍/ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിങ്ങളുടെ സാമ്പത്തിക വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വിളിക്കുകയോ എസ് എം എസ് അയക്കുകയോ ഇ മെയ്ല്‍ അയക്കുകയോ ചെയ്യില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിച്ചുവെന്ന് കരുതി ഇതൊക്കെ നിങ്ങള്‍ നല്‍കിയാല്‍ തട്ടിപ്പിനിരയാകും.

$ കോവിഡ് വാക്‌സിനേഷന്‍, മരുന്നുകള്‍, സഹായങ്ങള്‍ എന്നിവയുടെ പേരില്‍ വരുന്ന കാര്യങ്ങള്‍ക്ക് ഉറവിടം പരിശോധിച്ച് ഉറപ്പാക്കാതെ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്തരുത്.

$ ഏത് ആവശ്യത്തിനായാലും വ്യക്തിപരവും സ്വകാര്യവുമായ ബാങ്കിംഗ് വിവരങ്ങള്‍ ആരുമായും പങ്കിടരുത്.

$ കോവിഡ് വാക്‌സിനേഷനായി അപ്പോയ്‌മെന്റ് എടുക്കുമ്പോള്‍ നിങ്ങളുടെ യു പി ഐ പിന്‍/ ഒടിപി/ വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കരുത്.

$ വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ പലരും സ്വന്തം ഫോണും ലാപ് ടോപ്പുമെല്ലാം റിമോട്ട് മിറര്‍ സ്‌ക്രീനിംഗ് ആപ്പുകള്‍ ഉപയോഗിച്ച് വലിയ സ്‌ക്രീനിലേക്ക് മാറ്റാറുണ്ട്. ഇതിനായി വെരിഫൈ ചെയ്യാത്ത ആപ്പുകള്‍ ഉപയോഗിക്കരുത്. നിങ്ങളുടെ ഫോണ്‍ സ്‌ക്രീന്‍ ആക്‌സസ് ചെയ്യാന്‍ പറ്റുന്ന ഒരു ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുന്നതാണ് ഇപ്പോള്‍ കൂടുതല്‍ നല്ലത്.

$ യുപിഐ പേയ്‌മെന്റ് ആപ്പുകളില്‍ തട്ടിപ്പ് തടയാന്‍ സംവിധാനമുണ്ട്. ആ സംവിധാനം വഴി ലഭിക്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്.

$ ഫോണിലും ലാപ്‌ടോപിലും ആന്റി വൈറസ് സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കുക.

$ കോവിഡ് കാലത്ത് നിങ്ങളുടെ ആരോഗ്യം മാത്രമല്ല ബാങ്ക് എക്കൗണ്ടും പൊന്നുപോലെ കാത്തുസൂക്ഷിക്കുക. കാരണം കോവിഡ് മുന്നറിയിപ്പ് പോലെയാണ് ഇപ്പോള്‍ പണം തട്ടിപ്പിനുള്ള ചൂണ്ട വരുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it