നഷ്ടത്തിനിടയിലും സി.ഇ.ഒയ്ക്ക് 143 കോടി രൂപ 'സമ്മാനിച്ച്' സൊമാറ്റോ
സഹസ്ഥാപകനും സി.ഇ.യുമായ ദീപിന്ദര്‍ ഗോയലിന് 143 കോടി രൂപ എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ (ഇ.എസ്.ഒ.പി) അനുവദിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോ. തുടര്‍ച്ചയായ നഷ്ടം നേരിടുന്നതിനിടെയാണ് ഈ ആനുകൂല്യം സമ്മാനിച്ചത്. കമ്പനിയുടെ ലാഭക്ഷമതയെ കുറിച്ച് നിക്ഷേപകരെ ബോധ്യപ്പെടുത്തേണ്ട സമയത്തെ ഈ നീക്കം വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്.
ഇതു വരെ ലഭിച്ചത് 1,111.5 കോടി രൂപ
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ നേട്ടമാണ് ഇ.എസ്.ഒ.പി വഴി ദീപിന്ദറിന് ലഭിച്ചിരിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനിയുടെ മൊത്തം ഇ.എസ്.ഒ.പി ചെലവ് 212 കോടി രൂപയായിരുന്നു. ഇതിന്റെ 74 ശതമാനവും കമ്പനിയുടെ മാനേജ്‌മെന്റ് പദവികള്‍ വഹിക്കുന്നവര്‍ക്കും ബാക്കി 24 ശതമാനം ജീവനക്കാര്‍ക്കുമാണ്. മാനേജ്‌മെന്റ് പദവി വഹിക്കുന്നവര്‍ക്കുള്ള വിഹിതത്തിന്റെ 67.5 ശതമാനവും ലഭിച്ചത് സി.ഇ.ഒയ്ക്കാണ്.
കമ്പനിയുടെ തുടക്കം മുതലിതുവരെ നോക്കിയാല്‍ 1,111.5 കോടി രൂപ സി.ഇഒയ്ക്ക് ഇ.എസ്.ഒ.പി നല്‍കാനായി സൊമാറ്റോ മുടക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലുമായി ലഭിച്ചതാണിത്. എന്നാല്‍ ഇ.എസ്.ഒ.പി വരുമാനത്തില്‍ നിന്ന് 700 കോടി രൂപ സൊമാറ്റോ ഫ്യൂച്ചര്‍ ഫൗണ്ടേഷന് നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം ദീപീന്ദര്‍ ഗോയല്‍ ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. സൊമാറ്റോ വിതരണ പങ്കാളികളുടെ(Delivery Partners) കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ഈ പണം ഉപയോഗിക്കുന്നത്.
അതേസമയം, 2023 സാമ്പത്തിക വര്‍ഷത്തില്‍ എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷനായി 510 കോടി രൂപയാണ് ചെലവഴിക്കുന്നതെന്നും മുന്‍ സാമ്പത്തിക വര്‍ഷം ഇത് 880 കോടി രൂപയായിരുന്നുവെന്നും സൊമാറ്റോ കഴിഞ്ഞയാഴ്ച ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
തുടര്‍ച്ചയായ നഷ്ടം
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്തിട്ട് രണ്ട് വര്‍ഷമായെങ്കിലും പ്രാരംഭ ഓഹരി വില്‍പ്പന(ഐ.പി.ഒ)വിലയേക്കാള്‍ താഴെയാണ് ഓഹരിയുടെ വില. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 2,193 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. എന്നാല്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെയും മുന്‍പാദത്തെയും അപേക്ഷിച്ച് നാലാം പാദത്തില്‍ നഷ്ടം കുറയ്ക്കാന്‍ സൊമാറ്റോയ്ക്ക് സാധിച്ചിട്ടുണ്ട്. 188 കോടി രൂപയാണ് നാലാം പാദത്തിലെ നഷ്ടം. മുന്‍ വര്‍ഷത്തെ സമാന പാദത്തിലിത് 360 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 345 കോടി രൂപയുമായിരുന്നു. വരുമാനം ഇക്കാലയളവില്‍ 70 ശതമാനം ഉയര്‍ന്ന് 2056 കോടി രൂപയായി.
എന്താണ് ഇ.എസ്.ഒ.പി?
പ്രവര്‍ത്തനത്തില്‍ മികവു പുലര്‍ത്തുന്ന മാനേജീരിയല്‍ ജീവനക്കാര്‍ക്ക് കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരികള്‍ ആനുകൂല്യമായി നല്‍കുന്നതാണ് എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ അഥവാ ഇ.എസ്.ഒ.പി. പലപ്പോഴും ഇത് ജോലി ചെയ്യുന്ന കാലയളവിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ജീവനക്കാരെ ഒപ്പം നിര്‍ത്താനുള്ള ഒരു മാര്‍ഗമായാണ് കമ്പനികള്‍ ഇത് ഉപയോഗിക്കുന്നത്.