ട്രംപിന്റെ $500 ബില്യന്‍ എ.ഐ മോഹങ്ങള്‍ക്ക് ഇടിത്തീ! ചാറ്റ് ജി.പി.ടിയുടെ അന്തകനാകാന്‍ ഡീപ്‌സീക്ക്? ചൈനീസ് കമ്പനിക്ക് പിന്നിലെന്ത്?

യു.എസിലെ വമ്പന്‍ ടെക് കമ്പനികളെ വെല്ലുവിളിച്ച ഡീപ്‌സീക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം
us president donald trump chinese president xi jinping logos of chatgpt and deepseek
image credit : canva , Facebook , google play store
Published on

അധികമാര്‍ക്കും അറിയാത്ത ഒരു ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി മാത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍ വരെ ഡീപ്‌സീക്ക്( DeepSeek). അമേരിക്കന്‍ ഭീമന്മാരായ ഓപ്പണ്‍ എ.ഐ, മെറ്റ, ഗൂഗിള്‍ എന്നിവരെ ഞെട്ടിച്ചുകൊണ്ട് കമ്പനി അടുത്തിടെ പുറത്തിയ ഡീപ്പ്‌സീക്ക് വി3 (DeepSeek V3) എന്ന എ.ഐ മോഡലാണ് ഇപ്പോള്‍ ടെക് ലോകത്തെ സംസാര വിഷയം. ചാറ്റ് ജി.പി.ടിയേക്കാളും ജെമിനിയേക്കാളും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനായെന്ന വാര്‍ത്തയും യു.എസ് കമ്പനികളെ ഞെട്ടിച്ചിട്ടുണ്ട്. ചാറ്റ് ജി.പി.ടി -4 മോഡലിനെ ട്രെയിന്‍ ചെയ്യിക്കാന്‍ 100 മില്യന്‍ ഡോളറാണ് (ഏകദേശം 863 കോടി രൂപ) സാം ആള്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍എ.ഐ മുടക്കിയത്. ഡീപ്‌സീക്ക് വി3ക്ക് വേണ്ടി ചെലവിട്ടത് 5.6 മില്യന്‍ ഡോളര്‍ (ഏകദേശം 48.3 കോടി രൂപ) മാത്രം.

എന്താണ് ഡീപ്പ്‌സീക്ക്

ലിയാംഗ് വെന്‍ഫെന്‍ഗ് എന്ന വ്യവസായി 2023ലാണ് ഡീപ്‌സീക്ക് സ്ഥാപിക്കുന്നത്. ലാഭം മാത്രം നോക്കാതെ ഭാവിയെ മുന്നില്‍ കണ്ടുള്ള ഗവേഷണങ്ങളിലായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ടോപ് ചൈനീസ് സര്‍വകലാശാലകളിലെ യുവ പ്രതിഭകളെ തന്നെ കമ്പനി ജോലിക്കെടുത്തു. കോഡിംഗ് ജോലികള്‍ക്കായി 2023 നവംബറില്‍ ഡീപ്‌സീക്ക് കോഡറും അതിന് മുമ്പ് ഡീപ്‌സീക്ക് എല്‍.എല്‍.എമ്മും കമ്പനി വിപണിയിലെത്തിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എ.ഐ മോഡലായ ഡീപ്‌സീക്ക് വി2 2024 മേയില്‍ പുറത്തിറക്കിയപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്. ചൈനീസ് എ.ഐ മോഡലുകളായ ബൈറ്റ്ഡാന്‍സ്,ടെന്‍സെന്റ്, ബൈദു, ആലിബാബ എന്നിവര്‍ക്കിട്ടായിരുന്നു ആദ്യ പണി. പിടിച്ചുനില്‍ക്കാന്‍ വില കുറക്കുകയല്ലാതെ മറ്റൊന്നും ഈ കമ്പനികള്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ 236 ബില്യന്‍ പാരാമീറ്ററില്‍ ഡീപ്‌സീക്ക് കോഡര്‍ വി2വും ഡീപ്‌സീക്ക് ആര്‍1 എന്ന എ.ഐ മോഡലും കമ്പനി വിപണിയിലെത്തിച്ചു. മറ്റുള്ള എ.ഐ കമ്പനികള്‍ക്ക് ചെലവായതിന്റെ പത്ത് ശതമാനത്തില്‍ താഴെ തുക ഉപയോഗിച്ചാണ് ഡീപ്‌സീക്ക് ഇത് സാധ്യമാക്കിയത്.

എങ്ങനെ വിലകുറഞ്ഞു

മറ്റുള്ളവരേക്കാള്‍ കുറഞ്ഞ ചെലവില്‍ എങ്ങനെയാണ് എ.ഐ മോഡല്‍ വികസിപ്പിച്ചതെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള ഉത്തരവും വിശദീകരിക്കാം. എ.എ മോഡലുകളെ പരിശീലിപ്പിക്കാന്‍ കൂടുതല്‍ ശേഷിയുള്ള കംപ്യൂട്ടര്‍ ജി.പി.യുകള്‍ (ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റ്) ആവശ്യമാണ്. പ്രമുഖ യു.എസ് എ.ഐ കമ്പനികളെല്ലാം എന്‍വിഡിയയുടെ എച്ച്100 ജി.പി.യു ഉപയോഗിക്കുമ്പോള്‍ ഡീപ്‌സീക്കിന് വിലകുറഞ്ഞ എച്ച്800 എന്ന പഴയ ജി.പി.യു മതിയാകും. പഴയ ജനററേഷന്‍ ജി.പി.യുകളുടെ ശേഷി കൂട്ടാന്‍ ചില പൊടി കൈകള്‍ പ്രയോഗിച്ചതിന് പുറമെ മള്‍ടി ഹെഡ് ലാറ്റന്റ് അറ്റന്‍ഷന്‍ (എം.എല്‍.എ) ടെക്‌നിക്കല്‍ ഡിസൈനും യുവ ഗവേഷകരുടെ ബുദ്ധിയും ചേര്‍ന്നപ്പോള്‍ കുറഞ്ഞ ചെലവില്‍ അതിനൂതന സംവിധാനങ്ങളുള്ള എ.ഐ മോഡല്‍ റെഡി. പഴയ ജനറേഷന്‍ ജി.പി.യു ഉപയോഗിച്ച് എ.ഐ മോഡലുകള്‍ തയ്യാറാക്കാമെന്നത് ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ പോലുള്ള കമ്പനികളെയും ഭീഷണിയിലാക്കിയിട്ടുണ്ട്.

യു.എസ് മോഡലുകളെ കടത്തിവെട്ടി ഡീപ്‌സീക്ക്

ഓപ്പണ്‍ എ.ഐയുടെ ജി.പി.ടി -4, ആന്ത്രോപിക്കിന്റെ ക്ലോഡ് 3.5 സോണറ്റ്, മെറ്റയുടെ ലാമ( Llama) 3.3 എന്നിവയുടെ പല ബെഞ്ച്മാര്‍ക്കുകളിലും മറികടക്കാന്‍ ഡീപ്‌സീക്കിന് കഴിഞ്ഞിട്ടുണ്ട്. കോഡിംഗ്, ഗണിത പ്രശ്‌നങ്ങള്‍ സോള്‍വ് ചെയ്യുന്നത്, കോഡിംഗിലെ ബഗ്ഗ് കണ്ടെത്തുന്നത് തുടങ്ങിയവയില്‍ ഡീപ്‌സീക്കിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു. നല്ല പേര് കിട്ടിയെന്ന് തോന്നിയപ്പോള്‍ ഡീപ്‌സീക്ക് ആര്‍ വണ്‍ എന്ന എ.ഐ മോഡലും കഴിഞ്ഞ ആഴ്ച കമ്പനി പുറത്തിറക്കിയിരുന്നു. ഓപ്പണ്‍ എ.ഐയുടെ ലേറ്റസ്റ്റ് മോഡലായ 01 മോഡലിനെ പല ബെഞ്ച്മാര്‍ക്കുകളിലും ഇവന്‍ പിന്നിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യു.എസ് എ.ഐ മോഡലുകള്‍ക്ക് ഓപ്പണ്‍ സോഴ്‌സ് രൂപത്തിലെത്തിയ ഡീപ്‌സീക്ക് മോഡലുകള്‍ നല്‍കിയത് മുട്ടന്‍ പണിയാണെന്നും ടെക് ലോകത്ത് സംസാരമുണ്ട്. ഡീപ്‌സീക്ക് മോഡലുകളെ അടിസ്ഥാനമാക്കി സ്വന്തമായി എ.ഐ മോഡലുകള്‍ നിര്‍മിക്കാമെന്നത് ചാറ്റ് ജി.പി.ടിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമോയെന്നാണ് ചില ടെക് വിദഗ്ധര്‍ ഭയക്കുന്നത്.

ട്രംപിന്റെ എ.ഐ സ്വപ്‌ന പദ്ധതിക്ക് തിരിച്ചടിയാകുമോ?

യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് തൊട്ടുപിന്നാലെ 500 ബില്യന്‍ ഡോളറിന്റെ ലോകത്തിലെ ഏറ്റവും വലിയ എ.ഐ പദ്ധതി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ചൈനയെ വെട്ടാന്‍ ഓപ്പണ്‍ എ.ഐ, ഒറാക്കിള്‍, സോഫ്റ്റ് ബാങ്ക് തുടങ്ങിയ കമ്പനികളെ ഒരുകുടക്കീഴില്‍ കൊണ്ടുവരുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എ.ഐ രംഗത്ത് ലോക ശക്തിയാകാന്‍ ലക്ഷ്യം വക്കുന്ന പദ്ധതി വഴി അമേരിക്കയില്‍ ഒരുലക്ഷം തൊഴില്‍ അവസരങ്ങളുണ്ടാകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, ആപ്പിള്‍ പ്ലേ സ്റ്റോറില്‍ ചാറ്റ് ജി.പി.ടിയേക്കാള്‍ ഡീപ്‌സീക്കിന് പ്രചാരം ലഭിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഓഹരി വിപണിയിലും ചലനങ്ങളുണ്ടായി. അമേരിക്കന്‍ ടെക് ഓഹരികള്‍ക്കെല്ലാം ഇടിവ് നേരിട്ടു. ട്രംപിന്റെ സ്വപ്‌ന പദ്ധതിയുടെ പ്രധാന നിക്ഷേപകരില്‍ ഒരാളായ സോഫ്റ്റ് ബാങ്കിന്റെ ഓഹരികള്‍ ആറ് ശതമാനം നഷ്ടം നേരിട്ടു. ചൈനീസ് കമ്പനികളായ ഡീപ്‌സീക്ക്, ഐഫ്‌ളൈടെക് (Iflytek co) തുടങ്ങിയ കമ്പനികള്‍ മുന്നേറി.

ഡീപ്‌സീക്ക് എങ്ങനെ ഉപയോഗിക്കാം

chat.deepseek.com എന്ന ലിങ്കില്‍ കയറി സൈന്‍ അപ്പ് ചെയ്താല്‍ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. ചാറ്റ് ജി.പി.ടിയേക്കാള്‍ 96.4ശതമാനം വിലക്കുറവിലാണ് ഇത് ലഭ്യമാകുന്നതെന്ന് കൂടി ഓര്‍ക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com