Begin typing your search above and press return to search.
ഡ്രീം സ്‌പോര്‍ട്‌സ് വളരുകയാണ്; 840 മില്യണ്‍ ഡോളര്‍ കൂടി സമാഹരിച്ചു
ഡ്രീം 11 ഉടമകളായ ഡ്രീം സ്‌പോര്‍ട്‌സിന്റെ മൂല്യം 8 ബില്യണ്‍ ഡോളറിലെത്തി. ഏറ്റവും പുതിയ ഫണ്ടിംഗില്‍ 840 മില്യണ്‍ ഡോളറാണ് ഈ ഫാന്റസി സ്‌പോര്‍ട്‌സ് യൂണികോണ്‍ സമാഹരിച്ചത്. ഡ്രീം ക്യാപിറ്റല്‍, ഫാന്‍കോഡ്, ഡ്രീംസെറ്റ്‌ഗോ, ഡ്രീം ഗെയിം സ്റ്റുഡിയോസ്, ഡ്രീംപേ എന്നിവയും ഡ്രീം സ്‌പോര്‍ട്‌സിന്റെ കീഴിലുള്ളവയാണ്.
സ്‌പോര്‍ട്‌സ് കൊമേഴ്‌സ്, ഡാറ്റാ അനലിറ്റിക്‌സ്, മെര്‍ക്കന്റൈസ്, സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ ഡ്രീം സ്‌പോര്‍ട്‌സ് ചെയ്യുന്നുണ്ട്. 2019 ഏപ്രിലില്‍ ആണ് ഇന്ത്യയിലെ യൂണികോണാകുന്ന ആദ്യ ഗെയിമിംഗ് കമ്പനിയായി ഡ്രീം സ്‌പോര്‍ട്‌സ് മാറിയത്. ഇപ്പോള്‍ ഈ മേഖലയിലെ ആദ്യ ഡീകാകോണിലേക്ക്( 10 ബില്യണ്‍ ഡോളര്‍ മൂല്യം) അടുത്തുകൊണ്ടിരിക്കുകയാണ് സ്ഥാപനം.
ഹര്‍ഷ് ജയിന്‍, ഭവിത് സേത്ത് എന്നിവര്‍ ചേര്‍ന്ന് 2008ല്‍ ആണ് ഡ്രീം സ്‌പോര്‍ട്‌സ് സ്ഥാപിക്കുന്നത്. 2020ല്‍ ആണ് കമ്പനി ലാഭത്തിലേക്ക് എത്തിയത്. 140 മില്യണ്‍ ഉപഭോക്താക്കളുണ്ട്. സ്‌പോര്‍ട്‌സ് രംഗത്തെ യൂട്യൂബും, ഗൂഗിളും, ജിമെയിലും സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിഇഒ ഹര്‍ഷ് ജെയിന്‍ പറഞ്ഞിരുന്നു.
ക്രിക്കറ്റിലുപരി കബഡി ഉള്‍പ്പടെയുള്ളവയില്‍ വലിയ സാധ്യതകളാണ് കാണുന്നതെന്നും അവ ഉപയോഗപ്പെടുത്താനാണ് പുതിയ നിക്ഷേപം വിനിയോഗിക്കുകയെന്നും ഡ്രീം സ്‌പോര്‍ട്‌സ് അറിയിച്ചു.
Next Story
Videos