പബ്ജി കളിക്കുവിന്‍ കുട്ടികളെ!; ദുബൈയില്‍ പുതിയ നീക്കം; രക്ഷിതാക്കള്‍ എങ്ങനെ പ്രതികരിക്കും?
പ്രചാരമേറെയുള്ള പബ്ജി അടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ദുബൈയില്‍ നീക്കം തുടങ്ങി. സ്വകാര്യ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇത് സംബന്ധിച്ച പ്രോജക്ട് തയ്യാറാക്കുന്നത്. ആദ്യഘട്ടത്തില്‍ ഒന്നോ രണ്ടോ സ്‌കൂളുകളില്‍ പൈലറ്റ് പ്രോജക്ടായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അണ്‍ഇസ്‌പോര്‍ട്‌സിറ്റി (Unesportsity) എന്ന കമ്പനിയാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചിട്ടുള്ളത്. സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുന്നതിന് പകരം സ്വകാര്യ സ്‌കൂളുകളുടെ കരിക്കുലത്തില്‍ ഗെയിമിംഗ് കൂടി ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ചെറു പ്രായത്തില്‍ തന്നെ ഗെയിമിംഗ് പഠിക്കുന്നത് കുട്ടികളില്‍ നൈപുണ്യ വികസനത്തിന് ഉപകരിക്കുമെന്നും പഠനം കൂടുതല്‍ സന്തോഷകരമാകുമെന്നും അണ്‍ഇസ്‌പോര്‍ട്‌സ്‌സിറ്റിയുടെ മാതൃകമ്പനിയായ കാപിസോണ വെഞ്ച്വേഴ്‌സിന്റെ ( CapiZona Ventures) സ്ഥാപകന്‍ ഡോ.ആദില്‍ അല്‍സറൂനി പറഞ്ഞു. ഡോ.ആദില്‍ ചെയര്‍മാനായ ദുബൈ സിറ്റിസണ്‍സ് സ്‌കൂളിലാകും ആദ്യം ഈ പദ്ധതി നടപ്പാക്കുക. ''ഗെയിമിംഗ് സാമ്പത്തിക വരുമാനമുണ്ടാക്കാനുള്ള മാര്‍ഗം കൂടിയാണ്. നൈപുണ്യ വികസനത്തിലൂടെ ഗെയിമര്‍മാര്‍ക്ക് മെച്ചപ്പെടലുകള്‍ നടത്താനാകും. സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഈ പദ്ധതി പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ഇത് ഒരു പാഠ്യപദ്ധതിയായി വളര്‍ത്തിയെടുക്കാനാകും.'' ഡോ.ആദില്‍ അല്‍സറൂനി പറയുന്നു.
രക്ഷിതാക്കളെ ബോധവല്‍ക്കരിക്കും
ഈ പുതിയ പദ്ധതിയോട് രക്ഷിതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് കമ്പനിയുടെ പ്രധാന ആശങ്ക. കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറുന്ന ഇക്കാലത്ത് സ്‌കൂളിലും അത് നടപ്പാക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന അഭിപ്രായമാണ് കൂടുതല്‍ രക്ഷിതാക്കള്‍ക്ക് ഉള്ളത്. ഗെയിംമിംഗ് ആവശ്യമായി വരുന്ന ബുദ്ധി, കുട്ടികള്‍ക്ക് നിത്യജീവിതത്തിലും പ്രയോജനകരമാണെന്നാണ് അണ്‍ഇസ്‌പോര്‍ട്‌സിറ്റിയിലെ സാങ്കേതിക വിദഗ്ദര്‍ അവകാശപ്പെടുന്നത്. ഒരു പ്രത്യേക രീതിയില്‍ ഗെയിമിംഗ് പരിശീലിപ്പിക്കുന്നത് ഗുണം ചെയ്യും. കുട്ടികളുടെ ശാരീരിക വ്യായാമങ്ങളെ മാറ്റി നിര്‍ത്തിയുള്ള ഗെയിമിംഗ് അല്ല പദ്ധതി മുന്നോട്ടു വെക്കുന്നത്. ഇത്തരം കളികളെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പരിശീലിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ല. അവരെ കൂടി ബോധവല്‍ക്കരിക്കുന്നത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്. ഡോ. ആദില്‍ പറയുന്നു.
ഗെയിമിംഗ് ടൂര്‍ണമെന്റുകള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ അതിവേഗത്തിലാണ് ഗെയിമിംഗ് വ്യവസായം വളരുന്നത്. യു.എ.ഇയില്‍ ജനസംഖ്യയുടെ 25 ശതമാനം പേര്‍ സജീവ ഗെയിമര്‍മാരാണ്. സൗദി അറേബ്യയില്‍ ഇത് 60 ശതമാനമാണ്. സംഗീതം., സിനിമ തുടങ്ങിയ വ്യവസായങ്ങളേക്കാള്‍ വളരുന്ന മേഖലയായി ഇത് മാറിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കായി നടക്കുന്ന ഗെയിമിംഗ് ടൂര്‍ണമെന്റുകള്‍ക്ക് ഇപ്പോള്‍ പ്രചാരം വര്‍ധിച്ചു വരികയാണ്. പബ്ജി, ഫോര്‍ട്ട്‌നൈറ്റ്, ദ റൈസ് ഓഫ് കിംഗ്ഡം തുടങ്ങി ഗെയിമുകള്‍ക്കാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരം കൂടുതലുള്ളത്. യുവാക്കളുടെ ജനസംഖ്യ കൂടുതലുള്ളത് മൊബൈല്‍ ഗെയിമിംഗിന് ഡിമാന്റ് കൂട്ടുന്നുണ്ട്. ഇ സ്‌പോര്‍ട്‌സിനും ഗള്‍ഫ് നാടുകളില്‍ പ്രചാരം വര്‍ധിച്ചു വരുന്നു. മിക്ക ഗള്‍ഫ് നഗരങ്ങളിലും ഇ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ വ്യാപകമാണ്. ഗള്‍ഫ് മേഖലയിലെ സര്‍ക്കാരുകള്‍ നല്‍കുന്ന പിന്തുണ ഗെയിമിംഗ് വ്യവസായത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. സൗദി അറേബ്യയില്‍ ഇസ്‌പോര്‍ട്‌സ് ഫെഡറേഷന്‍ എന്ന സംവിധാനം സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ലഭ്യത ശക്തമായതും ഗെയിമിംഗിനെ സഹായിക്കുന്നു. 96 ശതമാനത്തില്‍ കൂടുതലാണ് ഇന്റര്‍നെറ്റിന്റെ വ്യാപനം.