

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചു. ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇലോണ്‍ മസ്‌ക് ഫ്രഞ്ച് ശതകോടീശ്വരനായ ബെര്‍ണാഡ് അര്‍നോയെ (Bernard Arnault) മറികടന്നാണ് ലോകത്തിലെ ഏറ്റവും ധനികരായ 500 പേരുടെ പട്ടികയായ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. പാരീസ് ട്രേഡിംഗില്‍ അര്‍നോയുടെ എല്‍.വി.എം.എച്ചിന്റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഈ നേട്ടം.
ഇരുവരും നേടിയത്
ഡിസംബറിലാണ് ബെര്‍ണാഡ് അര്‍നോ ആദ്യമായി മസ്‌കിനെ മറികടന്നത്. ലൂയി വിറ്റണ്‍, ഫെന്‍ഡി, ഹെന്നസി എന്നീ ബ്രാന്‍ഡുകളുടെയും ഉടമയാണ് എല്‍.വി.എം.എച്ച് (LVMH) സ്ഥാപകനായ ബെര്‍ണാഡ് അര്‍നോ. ഏപ്രില്‍ മുതല്‍ എല്‍.വി.എം.എച്ച് ഓഹരികള്‍ ഏകദേശം 10 ശതമാനം ഇടിഞ്ഞു. ഒരു ഘട്ടത്തില്‍ അര്‍നോയുടെ ആസ്തിയില്‍ നിന്ന് 11 ബില്യണ്‍ ഡോളര്‍ ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടിരുന്നു. അതേസമയം ടെസ്ലയുടെ മികച്ച പ്രകടനത്തോടെ മസ്‌ക് ഈ വര്‍ഷം 55.3 ബില്യണ്‍ ഡോളറിലധികം നേടി. സൂചിക പ്രകാരം മസ്‌കിന്റെ സമ്പത്ത് ഇപ്പോള്‍ ഏകദേശം 192.3 ബില്യണ്‍ ഡോളറാണ്, അര്‍നോയുടേത് 186.6 ബില്യണ്‍ ഡോളറും.
മൂല്യമിടിഞ്ഞ് ട്വിറ്റര്‍
ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന പദവി അലങ്കരിക്കുമ്പോഴും ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയ ട്വിറ്ററിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 4,400 കോടി ഡോളര്‍ വിലയ്ക്ക് കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. പിന്നീട് അടുമുടി പരിഷ്‌കാരങ്ങളായിരുന്നു. കമ്പനി വിട്ട് പോയവരും കമ്പനി പറഞ്ഞുവിട്ടവരും നിരവധിയായിരുന്നു. ഇന്ന് ധനകാര്യ സ്ഥാപനമായ ഫിഡലിറ്റിയുടെ വിലിരുത്തല്‍ പ്രകാരം ട്വിറ്ററിന്റെ ഇപ്പോഴത്തെ മൂല്യം 1,500 കോടി ഡോളര്‍ മാത്രമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine