ഓഫര്‍ ചെയ്തതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്ററിനെ സ്വന്തമാക്കിയേക്കാം; സൂചന നല്‍കി ഇലോണ്‍ മസ്‌ക്
ഓഫര്‍ ചെയ്തതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്റര്‍ വാങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന സൂചന നല്‍കി ഇലോണ്‍ മസ്‌ക്. മിയാമി ടെക്‌നോളജി കോണ്‍ഫറെന്‍സിലായിരുന്നു മസ്‌കിന്റെ പരാമര്‍ശം. കുറഞ്ഞ വിലയ്ക്കുള്ള ഡീല്‍ സാധ്യത പരിഗണിക്കപ്പെടാവുന്നതാണെന്ന നിലപാടാണ് മസ്‌കിന് ഉള്ളത്.
ട്വിറ്ററിനെ ഏറ്റെടുക്കാന്‍ 44 ബില്യണ്‍ ഡോളറാണ് മസ്‌ക് വാഗ്ദാനം ചെയ്തത്. ഓഹരി ഒന്നിന് 54.20 ഡോളര്‍ നിരക്കിലാണ് മസ്‌കിന്റെ ഓഫര്‍ ട്വിറ്റര്‍ അംഗീകരിച്ചത്. തിങ്കളാഴ്ച തുടര്‍ച്ചയായ ഏഴാം ദിവസവും ട്വിറ്ററിന്റെ ഓഹരി ഇടിഞ്ഞിരുന്നു. നിലവില്‍ 37.39 യുഎസ് ഡോളറാണ് ട്വിറ്റര്‍ ഓഹരികളുടെ വില. മസ്‌ക് ട്വിറ്ററിലെ ഓഹരി വിഹിതം വെളിപ്പെടുത്തും മുമ്പ് 39.31 ഡോളറിലായിരുന്നു വ്യാപാരം.
നിലവില്‍ ട്വിറ്ററുമായുള്ള ഡീല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് മസ്‌ക്. പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ലഭിക്കുംവരെ ട്വിറ്ററുമായുള്ള ഡീല്‍ നിര്‍ത്തുന്നുവെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച മസ്‌ക് പ്രഖ്യാപിച്ചത്. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സ്വന്തമായി ഒരു ടീമിനെ തയ്യാറാക്കുന്ന കാര്യവും മസ്‌ക് അറിയിച്ചിരുന്നു.
ട്വിറ്ററിലെ 229 മില്യണ്‍ അക്കൗണ്ടുകളില്‍ കുറഞ്ഞത് 20 ശതമാനത്തോളം സ്പാം ബോട്ടുകളാണെന്നാണ് മസ്‌കിന്റെ വിലയിരുത്തല്‍. സ്പാം അക്കൗണ്ടുകള്‍ കണ്ടെത്തുന്നതില്‍ ട്വിറ്ററിന് അത്രകണ്ട് മിടുക്കില്ലെന്ന് സിഇഒ പരാഗ് അഗര്‍വാള്‍ തന്നെ സമ്മതിച്ചിരുന്നു. അപ്പോള്‍ മുടക്കുന്ന പണത്തിന് പരസ്യദാതാക്കള്‍ക്ക് എന്താണ് ലഭിക്കുക എന്നാണ് പരാഗിന് മറുപടിയായി മസ്‌ക് ഉന്നയിച്ച ചോദ്യം.