ചാറ്റ് ജിപിടിക്ക് ഇലോണ്‍ മസ്‌കിന്റെ ബദല്‍; 'ഗ്രോക്' എത്തി
ചാറ്റ് ജിപിടി, ഗൂഗിള്‍ ബാര്‍ഡ് എന്നിവയ്ക്കു ബദലായി ഇലോണ്‍ മസ്‌ക്കിന്റെ എക്‌സ്.എ.ഐ (xAI) എന്ന കമ്പനി 'ഗ്രോക്' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ആരംഭിച്ചു. എക്സ് പ്ലാറ്റ്ഫോമിലെ ഡേറ്റയിലേക്ക് തത്സമയ പ്രവേശനം നടത്താന്‍ സാധിക്കുന്ന എഐ ചാറ്റ് സംവിധാനമാണിതെന്ന് ടെസ്‌ല, എക്‌സ് (ട്വിറ്റര്‍) കമ്പനി മേധാവി ഇലോണ്‍ മസ്‌ക് പറഞ്ഞു. നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച എ.ഐ ചാറ്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാറ്റ് ജി.പി.ടി പോലെ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഗ്രോക് എ.ഐ മറുപടി നല്‍കും. ഇത് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വരുന്ന ഡേറ്റ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ചില നിയമവിരുദ്ധവും അപകടകരവുമായ ചോദ്യങ്ങള്‍ക്ക് ചാറ്റ് ജി.പി.ടിയെയും ബാര്‍ഡിനെയും പോലെ ഗ്രോക്ക് മറുപടി നല്‍കില്ലെന്ന് മസ്‌ക് വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ പരിമിതമായ ഉപയോക്താക്കള്‍ക്കു മാത്രമാണീ സേവനം ലഭ്യമാകുക. അതായത് എക്സിന്റെ പ്രീമിയംപ്ലസ് സബ്സ്‌ക്രൈബര്‍മാര്‍ക്കായി ഗ്രോക് തുറന്നു നല്‍കിയേക്കും. വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും സേവനം ലഭിക്കും.