'സ്വാഭാവികം'; ട്രംപിന്റെ ട്വിറ്റര്‍ വിലക്ക് നീക്കുമെന്ന് മസ്‌ക്
ഇലോണ്‍ മസ്‌ക് (Elon Musk) ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ (Donald Trump) തിരിച്ചുവരവും വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ ട്രംപ് വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മസ്‌ക്. ഫിനാന്‍ഷ്യല്‍ ടൈംസ് ഫ്യൂച്ചര്‍ ഓഫ് ദി കാര്‍ സമ്മിറ്റിലായിരുന്നു മസ്‌കിന്റെ പ്രതികരണം.
ട്രംപിനെ വിലക്കിയ നടപടി ശരിയാണെന്ന് താന്‍ കരുതുന്നില്ല. വിലക്കിന് ട്രംപിനെ നിശബ്ദനാക്കാന്‍ സാധിച്ചില്ലെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. സ്ഥിരമായി ഒരാളെ വിലക്കുന്നത് ട്വിറ്ററിന്റെ വിശ്വാസ്യതയെ ബാധിക്കും. വിലക്കിനെ് ധാര്‍മ്മികമായ മോശം തീരുമാനമെന്നാണ് മസ്‌ക് ് വിശേഷിപ്പിച്ചത്. മോശം ട്വീറ്റുകള്‍ ഉണ്ടായാല്‍ അവ ഡിലീറ്റ് ആക്കുകയോ മറയ്ക്കുകയോ ചെയ്യാം. അല്ലെങ്കില്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യാം, അതാണ് ഉചിതമെന്നും മസ്‌ക് പറഞ്ഞു.
മസ്‌കിന്റെ നിലപാടിനെ അനുകൂലിക്കുന്ന പ്രതികരണമാണ് വിഷയത്തില്‍ ട്വിറ്ററിന്റെ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സിയും നടത്തിയത്. ട്രംപിന്റെ അക്കൗണ്ട് വിലക്കിയത് ബിസിനസ് തീരുമാനം ആയിരുന്നെന്നും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ട്വിറ്റര്‍ എപ്പോഴും തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്നും ജാക്ക് ഡോര്‍സി അഭിപ്രായപ്പെട്ടു..
വിലക്ക് നീക്കിയാലും ട്വിറ്ററിലേക്ക് മടങ്ങില്ലെന്ന് ട്രംപ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. തന്നെ ബാന്‍ ചെയ്ത ഫേസ്ബുക്ക്, ട്വിറ്റര്‍ നപടികളില്‍ പ്രതിഷേധിച്ച് "ട്രൂത്ത് സോഷ്യല്‍" എന്ന പുതിയ സമൂഹ മാധ്യമവും ട്രംപ് ആരംഭിച്ചിരുന്നു. യുഎസ് ക്യാപിറ്റോള്‍ അക്രമവുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങള്‍ ട്രംപിനെ വിലക്കിയത്.