ട്രൂത്ത് ജി.പി.റ്റി: ഇലോണ്‍ മസ്‌കിന്റെ സ്വന്തം നിര്‍മിത ബുദ്ധി

ചാറ്റ് ജി.പി.റ്റി, ഗൂഗ്ള്‍ ബോര്‍ഡ്, ജി.പി.റ്റി 4 എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ട്രൂത്ത് ജി.പി.റ്റിയുടെ വരവ്
ട്രൂത്ത് ജി.പി.റ്റി: ഇലോണ്‍ മസ്‌കിന്റെ സ്വന്തം നിര്‍മിത ബുദ്ധി
Published on

'ട്രൂത്ത് ജി.പി.റ്റി' എന്ന നിര്‍മിത ബുദ്ധി(എ.ഐ) ചാറ്റ് ബോട്ടുമായി ഇലോണ്‍ മസ്‌ക്. ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജി.പി.റ്റി, ഗൂഗ്‌ളിന്റെ ഗൂഗ്ള്‍ ബോര്‍ഡ്, മൈക്രോസോഫ്റ്റ് പിന്തുണയ്ക്കുന്ന ബിംഗ്  ജി.പി.റ്റി-4 എന്നിവയ്ക്ക് എതിരാളിയായാണ് ഇലോണ്‍ മസ്‌ക് ട്രൂത്ത് ജി.പി.റ്റി അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലുള്ള എ.ഐ ചാറ്റ്‌ബോട്ടുകളൊന്നും 'സത്യം' കണ്ടെത്തുന്നവയല്ലെന്നും ട്രൂത്ത് ജി.പി.റ്റി 'പ്രപഞ്ചത്തിന്റെ സ്വഭാവം മനസിലാക്കുന്നതും സുരക്ഷിതത്തിലേക്കുള്ള മികച്ച പാതയായി മാറുന്ന'താണെന്നുമാണ് മസ്‌ക് പറയുന്നത്.

എ.ഐക്ക് എതിരെ തിരിഞ്ഞ മസ്‌ക്

ചാറ്റ് ജി.പി.റ്റിയുടെ വരവിന് പിന്നാലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പരിഷ്‌കരിക്കാനുള്ള ഗവേഷണ ജോലികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് തുറന്ന കത്തെഴുതിയ ഇലോണ്‍ മസ്‌ക് ഇപ്പോള്‍ പുതിയ എ.ഐ പ്ലാറ്റ്‌ഫോമുമായി രംഗത്തെത്തിയതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് മസ്‌ക് എക്‌സ് എ.ഐ എന്ന പേരില്‍ നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട പുതിയ കമ്പനിക്ക് തുടക്കമിട്ടത്. കമ്പനിയുടെ ഏക ഡയറക്ടറാണ് മസ്‌ക്.

ഗൂഗ്‌ളിനും മൈക്രോസോഫ്റ്റിനും വിമര്‍ശനം

ഓപ്പണ്‍ എ.ഐ, ചാറ്റ് ജി.പി.റ്റിയെ നുണപറയാന്‍ പരിശീലിപ്പിക്കുന്നുവെന്നും മൈക്രോസോഫ്റ്റിന്റെ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള 'ക്ലോസ്ഡ് സോഴ്‌സ്' ആയി മാറ്റിയിരിക്കുകയാണെന്നും ഇലോണ്‍ മസ്‌ക് അടുത്തിടെ ഒരു അഭിമുഖത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കൂടാതെ ഐ.ഐയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഗൂഗ്‌ളിന്റെ സഹസ്ഥാപകന്‍ ലാറി പേജിനെതിരെയും ഇലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു.

ചാറ്റ് ജി.പി.റ്റിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും മുന്‍ മേധാവിയും കൂടിയാണ് ഇലോണ്‍ മസ്‌ക്. എന്നാല്‍ പിന്നീട് അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കമ്പനിയില്‍ നിന്ന് പുറത്തു പോവുകയായിരുന്നു. നിലവില്‍ മൈക്രോസോഫ്റ്റിന് പ്രധാന നിക്ഷേപമുള്ള സ്ഥാപനമാണ് ഓപ്പണ്‍ എ.ഐ.

എ.ഐ വികസനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരണമെന്ന അഭിപ്രായമാണ് ഇലോണ്‍ മസ്‌കിനുള്ളത്. സയന്‍സ് ഫിക്ഷന്‍ സിനിമകളിലേതു പോലെ എ.ഐ മുനഷ്യര്‍ക്ക് ഉപദ്രവമാകുമെന്നു മസ്‌ക് ഭയക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com